എല്‍ഐസി ഐപിഒ: ജീവനക്കാരനായ പോളിസി ഉടമയ്ക്ക് ഏതൊക്കെ വിഭാഗത്തില്‍ പങ്കെടുക്കാം?
ഇന്ത്യന്‍ ഓഹരി വിപണിയില്‍ പുതിയചരിത്രം കുറിക്കാനിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയിലേക്ക് എത്തുമ്പോള്‍, പോളിസി ഹോള്‍ഡര്‍മാര്‍ക്കും മികച്ച നേട്ടമാണ് ലഭ്യമാകുക.
കാരണം, ഐപിഒയില്‍ നിശ്ചയിക്കപ്പെടുന്ന പ്രൈസ് ബാന്‍ഡില്‍നിന്ന് 5-10 ശതമാനം കിഴിവില്‍ പോളിസി ഉടമകള്‍ക്ക് ഓഹരികള്‍ സ്വന്തമാക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഓഹരികള്‍ 10 ശതമാനത്തോളം പോളിസി ഉടമകള്‍ക്കും 5 ശതമാനം എല്‍ഐസി ജീവനക്കാര്‍ക്കും സംവരണം ചെയ്തിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ എല്‍ഐസി ഐപിഒയുമായി ബന്ധപ്പെട്ട് പലര്‍ക്കും പല സംശയങ്ങളുണ്ട്. ചില സംശയങ്ങളും അതിനുള്ള മറുപടികളുമിതാ.
1. എല്‍ഐസി ജീവനക്കാരനായ, പോളിസി ഉടമയ്ക്ക് എല്ലാ വിഭാഗത്തില്‍നിന്നും ഐപിഒയില്‍ പങ്കെടുക്കാന്‍ കഴിയുമോ?
കഴിയും. ഈയൊരു വ്യക്തിക്ക് പോളിസി ഉടമകള്‍ക്ക് റിസര്‍വ് ചെയ്ത ഓഹരികള്‍ക്കും ജീവനക്കാര്‍ക്ക് റിസര്‍വ് ചെയ്ത ഓഹരികള്‍ക്കും കൂടാതെ, റീട്ടെയ്ല്‍ വിഭാഗത്തിനുള്ള ഓഹരികള്‍ക്കുമായും അപേക്ഷിക്കാവുന്നതാണ്. മൂന്ന് വിഭാഗത്തില്‍നിന്നുമായി ഐപിഒയില്‍ പങ്കെടുത്തു എന്നതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷ ഒഴിവാക്കുകയില്ല.
അതേസമയം, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗത്തോടൊപ്പം ജീവനക്കാരുടെയും പോളിസി ഉടമകളുടെയും ക്വാട്ടയിലും റീട്ടെയില്‍ വിഹിതത്തിലും അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ റീട്ടെയില്‍, നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗങ്ങളില്‍ നല്‍കിയ അപേക്ഷകള്‍ ഒന്നിലധികം ബിഡുകളായി പരിഗണിക്കുകയും രണ്ടും നിരസിക്കുകയും ചെയ്യും.
2. എന്‍ആര്‍ഐ പോളിസി ഉടമകള്‍ക്ക് ഐപിഒയില്‍ ഡിസ്‌കൗണ്ട് ഓഹരികള്‍ക്ക് അപേക്ഷിക്കാന്‍ പറ്റുമോ?
ഇല്ല. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ പോളിസി ഉടമകള്‍ക്ക് നീക്കിവച്ച ഡിസ്‌കൗണ്ട് ഓഹരികള്‍ക്കുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
3. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെ (പിഎംജെജെബിവൈ) വരിക്കാര്‍ക്ക് പോളിസി ഉടമകളുടെ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ പറ്റുമോ?
കഴിയും. പിഎംജെജെബിവൈ വരിക്കാര്‍ക്ക് ഡിസ്‌കൗണ്ട് ഓഹരികള്‍ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണെന്ന് എല്‍ഐസി ചെയര്‍മാന്‍ എം ആര്‍ കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.