എല്‍ഐസി പോളിസി ഉടമയാണോ; ഈ വമ്പന്‍ ഐപിഒയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

ഐപിഒ മാമാങ്കത്തിന് ആളൊരുക്കം കൂട്ടുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന്റെ ഓഹരി വില്‍പ്പന ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേകര്‍ നോക്കി കാണുന്നത്. എന്നാല്‍ ഇനിയും ഐപിഒയ്ക്ക് മുന്നോടിയായ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വരാനുണ്ട്. എന്നിരുന്നാലും 2022 കാണിനിരിക്കുന്ന വലിയ ഐപിഒ ആയിരിക്കും ഇത്.

എല്‍ഐസി ഓഹരി വില്‍പ്പനയുമായി പൊതുവിപണിയില്‍ എത്തുമ്പോള്‍ പോളിസി ഉടമകള്‍ക്കും ഓഹരികള്‍ വാങ്ങാന്‍ ആകും. ഐപിഒ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ഐപിഓയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പോളിസി ഉടമകള്‍ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് എല്‍ഐസി അറിയിച്ചിട്ടുണ്ട്.
ഐപിഒയില്‍ പോളിസി ഹോള്‍ഡര്‍മാര്‍ക്കുള്ള താല്‍പ്പര്യം കണക്കിലെടുത്താണ് പോളിസി ഹോള്‍ഡര്‍മാര്‍ക്കും ഓഹരികള്‍ വാങ്ങാന്‍ എല്‍ഐസി അവസരം നല്‍കുന്നത് എന്നാണ് സൂചന.
ഐപിഒയില്‍ പങ്കെടുക്കാന്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാണെന്ന് എല്‍ഐസി വ്യക്തമാക്കിയിട്ടുണ്ട്. കെവൈസി രേഖഖളില്‍ പാന്‍കാര്‍ഡും വളരെ പ്രധാനമാണ്. പാന്‍കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആകും എല്‍ഐസിയുടെ നിര്‍ദ്ദിഷ്ട പബ്ലിക് ഓഫറില്‍ പങ്കെടുക്കാനുള്ള പോളിസി ഉടമകളുടെ യോഗ്യത വിലയിരുത്തുക.
ഐപിഒയില്‍ പങ്കെടുക്കാന്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ ഇല്ലാത്ത പോളിസി ഉടമകള്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കണമെന്നും എല്‍ഐസി ഓര്‍മപ്പെടുത്തുന്നു. ഇത് സംബന്ധിച്ച പരസ്യവും ഇ മെയിലുകളും എല്‍ഐസി ഉപഭോക്താക്കളിലേക്കെത്തിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ക്കൊപ്പം പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലാത്തവരാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.
പാന്‍കാര്‍ഡ് എല്‍ഐസിയില്‍ നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ :
  • https://linkpan.licindia.in/UIDSeedingWebApp/getPolicyPANStatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • പോളിസി നമ്പര്‍, ജനനത്തീയതി, പാന്‍ വിവരങ്ങള്‍ എന്നിവയും ക്യാപ്ചയും നല്‍കുക.
  • ശേഷം സബ്മിറ്റ് / submit ബട്ടണ്‍ അമര്‍ത്തുക.
എല്‍ഐസി വെബ്‌സൈറ്റ് വഴിയും ചെയ്യാം:
  • എല്‍ഐസി ഔദ്യോഗിക വെബ്സൈറ്റായ https://licindia.in/ സന്ദര്‍ശിക്കുക.
  • ഹോം പേജില്‍ നിന്ന് ' ഓണ്‍ലൈന്‍ പാന്‍ റജിസ്ട്രേഷന്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ഓണ്‍ലൈന്‍ പാന്‍ രജിസ്ട്രേഷന്‍ പേജില്‍, 'പ്രോസീഡ്' ബട്ടണ്‍ ക്ലിക് ചെയ്യുക.
  • നിങ്ങളുടെ ഇമെയില്‍ വിലാസം, പാന്‍, മൊബൈല്‍ നമ്പര്‍, എല്‍ഐസി പോളിസി നമ്പര്‍ എന്നിവ കൃത്യമായി നല്‍കുക.
  • ക്യാപ്ച കോഡ് നല്‍കുക.
  • രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്, ഒടിപിയ്ക്ക് അഭ്യര്‍ത്ഥിക്കുക.
  • submit ബട്ടണ്‍ ക്ലിക് ചെയ്യുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it