രോഗം വരാതിരുന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; എങ്ങനെ നേടാം?

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതു കൊണ്ട് ഗുണങ്ങള്‍ പലതാണ്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് അതിന് പ്രതിഫലം ലഭിച്ചാലോ? എന്നാല്‍ അറിയുക, മിക്ക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും മികച്ച ആരോഗ്യശീലങ്ങളുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിവിധ ആനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പ്രീമിയം തുകയില്‍ ഡിസ്‌കൗണ്ട്, സൗജന്യ ഹെല്‍ത്ത് ചെക്ക് അപ്പുകള്‍, ജിം, യോഗ സെന്റര്‍ തുടങ്ങിയ ഇടങ്ങളിലെ സൗജന്യ മെമ്പര്‍ഷിപ്പ് തുടങ്ങി ആനൂകൂല്യങ്ങളുടെ പട്ടിക നീളുകയാണ്. എന്നാല്‍ പോളിസി ബസാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 15 ശതമാനം പേര്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുള്ളൂ.

ഇത്തരം ഡിസ്‌കൗണ്ടുകള്‍ ഉപഭോക്താവിനും ഇന്‍ഷുറന്‍സ് കമ്പനിക്കും ഗുണകരമാണ്. ഉപഭോക്താവ് ആരോഗ്യവാനായിരിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനിയെ സംബന്ധിച്ച് നല്ലതായിരിക്കേ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാകുന്നതിലൂടെ ഉപഭോക്താവിനും നേട്ടമുണ്ടാകുന്നു.
മാക്‌സ് റി അഷ്വര്‍, ആദിത്യ ബിര്‍ള ആക്ടിവ് അഷ്വര്‍, എച്ച്ഡിഎഫ്‌സി മൈ ഹെല്‍ത്ത് സുരക്ഷ, എച്ച്ഡിഎഫ്‌സി എര്‍ഗോ ഒപ്റ്റിമ റിസ്റ്റോര്‍, സിഗ്മ പ്രോഹെല്‍ത്ത് തുടങ്ങി നിരവധി സ്വകാര്യ കമ്പനികള്‍ ഇത്തരത്തില്‍ ആനൂകൂല്യങ്ങള്‍ നല്‍കുന്നു. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ 100 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന കമ്പനികള്‍ പോലുമുണ്ട്.
രാവിലെ നടക്കാനിറങ്ങുന്നതു പോലും ഇന്‍ഷുറന്‍സില്‍ ഡിസ്‌കൗണ്ട് നേടാനുപകരിക്കും. ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊബീല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് തങ്ങളുടെ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ അതുമായി ലിങ്ക് ചെയ്ത് ആനുകൂല്യം നേടാം. ഗൂഗ്ള്‍ ഫിറ്റ്, ആപ്പ്ള്‍ ഹെല്‍ത്ത് ഡാറ്റ തുടങ്ങിയവയെയാണ് മിക്കപ്പോഴും കമ്പനികള്‍ ഉപഭോക്താക്കളുടെ ആരോഗ്യവിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കുന്നത്.
മൊബീല്‍ ആപ്ലിക്കേഷനുകള്‍ വഴി എത്രദൂരം നടന്നു, എത്ര കലോറി ഇല്ലാതായി, എത്ര നേരം ഉറങ്ങി, എത്ര നേരം പ്രവര്‍ത്തന നിരതനായി, എത്ര നേരം നിന്നു തുടങ്ങിയ കാര്യങ്ങളെല്ലാം മോണിറ്റര്‍ ചെയ്യാനും കമ്പനികള്‍ക്ക് സൗകര്യമുണ്ട്.
ചില കമ്പനികളാവട്ടെ, നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരത്തിനനുസരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മിക്ക കമ്പനികളും വര്‍ഷത്തിലൊരിക്കല്‍ സൗജന്യം ഹെല്‍ത്ത് ചെക്ക് അപ്പ് നല്‍കി വരുന്നുണ്ട്.
എന്തൊക്കെ ആനുകൂല്യങ്ങളാണ് കമ്പനികള്‍ നല്‍കുന്നത് എന്നറിഞ്ഞു വേണം ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍. നിലവിലുള്ള പ്ലാനുകളിലെ ആനുകൂല്യങ്ങളെ കുറിച്ച് അറിയാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെടാം.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it