40 വര്‍ഷത്തേക്ക് സ്ഥിരവരുമാന ഗ്യാരന്റിയുമായി ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍
ജീവിതത്തിലെ പല സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാന്‍ രണ്ടാമതൊരു വരുമാന മാര്‍ഗം ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ ഇന്ത്യാഫസ്റ്റ് ലൈഫിന്റെ (IndiaFirst Life Insurance Company) 'ഗോള്‍ഡ്' ഇന്‍ഷുറന്‍സ് പ്ലാന്‍ നിങ്ങള്‍ക്ക് സഹായകമായേക്കാം.'ഗ്യാരന്റി ഓഫ് ലൈഫ് ഡ്രീംസ്' (G.O.L.D.) ഇന്‍ഷുറന്‍സ് എന്ന പദ്ധതിയാണിത്.
പോളിസി ഉടമകള്‍ക്ക് സ്ഥിരമായ ദീര്‍ഘകാല വരുമാനം ഉറപ്പ് നല്‍കുന്ന പോളിസിയാണിതെന്ന് കമ്പനി അറിയിച്ചു. ഇതൊരു നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ഇന്‍ഷുറന്‍സാണ്. ഇതിന്റെ ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് തുക 4,80,000 രൂപയാണ്. പരമാവധി പരിധിയില്ല.
40 വര്‍ഷത്തേക്ക് സ്ഥിര വരുമാനം
ഗ്യാരന്റി ഓഫ് ലൈഫ് ഡ്രീംസ് ഇന്‍ഷുറന്‍സ് പദ്ധതി 30 വര്‍ഷത്തേക്കോ 40 വര്‍ഷത്തേക്കോ സ്ഥിര വരുമാനം ലഭിക്കുന്നതിന് 6 വര്‍ഷം, 8 വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെയുള്ള ഫ്‌ലെക്‌സിബിള്‍ പ്രീമിയം പേയിംഗ് ടേംസ് (PPT) വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 4,176 രൂപയില്‍ ആരംഭിക്കുന്ന പ്രീമിയം ത്രൈമാസത്തില്‍ 12,432 രൂപ, അര്‍ദ്ധവാര്‍ഷികത്തില്‍ 24,571 രൂപ, വാര്‍ഷിക പ്രീമിയമായി 48,000 രൂപ എന്നിങ്ങനെ അടയ്ക്കാനുള്ള വിവിധ ഓപ്ഷനുകളിലാണ് വരുന്നത്.
മൂന്ന് വരുമാന ഓപ്ഷനുകള്‍
ഈ പദ്ധതി ഉടനെ വരുമാനം (Immediate Income), ഇടക്കാല വരുമാനം (Intermediate Income), ഭാവിയിലേക്ക് മാറ്റിവച്ച വരുമാനം (Deferred Income) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വരുമാന ഓപ്ഷനുകളിലാണ് വരുന്നത്. പേര് പോലെ തന്നെ ഉടനെ വരുമാനം എന്ന ഓപ്ഷന്‍ പ്രകാരം ആദ്യ പോളിസി മാസത്തിന്റെ അവസാനത്തില്‍ തന്നെ പ്രതിമാസ വരുമാനം ക്രമമായി വര്‍ധിച്ചുവരുന്നു. ഇടക്കാല വരുമാനം ഓപ്ഷനില്‍ ഇത് അഞ്ചാം പോളിസി വര്‍ഷാവസാനം മുതല്‍ ആരംഭിക്കും.
ഭാവിയിലേക്ക് മാറ്റിവച്ച വരുമാനം ഓപ്ഷനാണെങ്കില്‍ പത്താം പോളിസി വര്‍ഷാവസാനം മുതല്‍ വരുമാനം വര്‍ധിച്ചുവരുന്നു. ഇതില്‍ മൂന്നാം പോളിസി വര്‍ഷത്തിന്റെ അവസാനത്തിലും പ്രീമിയം പേയിംഗ് ടേമിന്റെ (PPT) അവസാനത്തിലും വാര്‍ഷിക പ്രീമിയത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക രണ്ട് ഇന്‍സ്റ്റാള്‍മെന്റുകളായി മൊത്തമായി തിരിച്ചുകിട്ടും (lump-sum cashback instalments).