വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പ്രവാസികള്‍ക്ക് 4 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക റൂട്ട്സ്

മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രത്യേക മാസാചരണവുമായി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് ബോധവത്കരണം. മലയാളി പ്രവാസികള്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം നല്‍കും.

നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിട്ടുള്ളവര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാര്‍ഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താനാകുമെന്ന് നോര്‍ക്ക സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യഘട്ടങ്ങളില്‍ ഇടപെടാനും തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ സഹായകരമാണ്.

യോഗ്യതയും ആനുകൂല്യവും

വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് ലഭിക്കും. ആറു മാസമോ അതില്‍ കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുളള വീസ, പാസ്പോര്‍ട്ട് എന്നിവയുളള തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസിയും ലഭിക്കും.

നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉടമയുടെ അകാലമരണത്തിന് 4 ലക്ഷം രൂപയുടെ പരിരക്ഷയും സ്ഥിരമായ അല്ലെങ്കില്‍ ഭാഗിക വൈകല്യത്തിന് പരമാവധി 2 ലക്ഷം രൂപയുടെയും വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ് ഓഫീസ് ഐ.ഡി കാര്‍ഡ് വിഭാഗം 0471 2770543, 0471 2770528 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles
Next Story
Videos
Share it