ആരോഗ്യ ഇന്‍ഷുറന്‍സ്; കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്നതു കൊണ്ടു മാത്രം എല്ലാ ചികിത്സകള്‍ക്കും ആനുകൂല്യം ലഭിക്കണമെന്നില്ല

തൊഴിലുടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ടല്ലോ കോവിഡ് വന്നാല്‍ പോലും ആശുപത്രി ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്ന വിശ്വാസത്തിലാണ് പലരും. ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കിലും അതില്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭ്യമാണ് എന്തൊക്കെ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നു പോലും നോക്കാത്തവരുണ്ടാവാം. എന്നാല്‍ കോവിഡ് പിടിപ്പെട്ടവരില്‍ പലരും പിന്നീടാണ് മനസ്സിലാക്കിയത് ഇന്‍ഷുറന്‍സ് പരിരക്ഷ പല കാര്യങ്ങള്‍ക്കും ലഭിക്കുന്നില്ലെന്ന്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം കാര്യമില്ല, മികച്ച സംരക്ഷണം കൂടി നല്‍കുന്നവയായിരിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും ബോധോദയം ഉണ്ടായിട്ടുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങളാണ് ചുവടെ.
ആവശ്യം വ്യക്തമായി മനസ്സിലാക്കുക
ഒരാളുടെ പ്രായം, വരുമാനം, ലിംഗം എന്നിവയ്ക്ക് അനുസരിച്ച് വേണം എത്ര രൂപയുടെ ഇന്‍ഷുറന്‍സ് വേണമെന്ന് തീരുമാനിക്കാന്‍. എല്ലാ പോളിസികളിലും ആധുനിക ചികിത്സാ സൗകര്യങ്ങളായ റോബോട്ടിക് സര്‍ജറി, വിദേശത്തു വെച്ചുള്ള അടിയന്തിര ചികിത്സ തുടങ്ങിയവയ്‌ക്കൊന്നും പരിരക്ഷ ലഭിക്കണമെന്നില്ല. ഏതു തരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ളത് തെരഞ്ഞെടുക്കണം. കുറഞ്ഞ സം അഷ്വേര്‍ഡ് തുകയുള്ള ഫ്‌ളോട്ടര്‍ പോളിസികള്‍ കോവിഡ് കാലത്ത് ഒഴിവാക്കാം.
വെയ്റ്റിംഗ് പിരീഡും പോളിസി കാലാവധിയും
രണ്ടു മൂന്നു വര്‍ഷത്തെ പോളിസി കാലാവധിയുള്ള പോളിസി എടുക്കുക. ഇതു വഴി പ്രീമിയത്തില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ വേറെയും നേടാനാകും. മിക്ക പോളിസികള്‍ക്കും വെയ്റ്റിംഗ് പിരീഡ് ഉണ്ടായിരിക്കും. നിലവില്‍ രോഗിയായ മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് നിശ്ചിത വെയ്റ്റിംഗ് പിരീഡ് കഴിഞ്ഞേ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. പോളിസിയെടുക്കുമ്പോള്‍ തന്നെ വെയ്റ്റിംഗ് പിരീഡ് എത്രയെന്ന് മനസ്സിലാക്കുക. കുറഞ്ഞ കാലം വെയ്റ്റിംഗ് പിരീഡ് ഉള്ള പോളിസി തെരഞ്ഞെടുക്കാം.
കാഷ്‌ലെസ് സൗകര്യമുണ്ടോ
ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കില്‍ വരുന്ന ഹോസ്പിറ്റലുകള്‍ ഏതൊക്കെയെന്നും എവിടെയൊക്കെ കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകുമെന്നും മനസ്സിലാക്കുക. പലപ്പോഴും അടിയന്തിര ചികിത്സ തേടുമ്പോള്‍ പണം മുന്‍കൂട്ടി നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടു തന്നെ കാഷ്‌ലെസ് സൗകര്യം നല്‍കുന്ന രാജ്യത്ത് എല്ലായിടത്തും കവറേജുള്ള കൂടുതല്‍ ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്ക് ഉള്ള ഇന്‍ഷുറന്‍സ് കമ്പനിയെ തന്നെ വേണം തെരഞ്ഞെടുക്കാന്‍.
ആനുകൂല്യങ്ങള്‍ കുറയാതെ തന്നെ കുറഞ്ഞ പ്രീമിയമുള്ള പോളിസി കണ്ടെത്തണം. ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് ഓണ്‍ലൈനായി പോളിസി എടുക്കുകയാണെങ്കില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിച്ചേക്കാം. പല കമ്പനികളും പ്രീമിയം മാസ-ത്രൈമാസ തവണകളായി അടക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.
മറ്റു കവറേജുകള്‍
പോളിസിയുടമ തീര്‍ച്ചയായും തന്റെയും ആശ്രിതരുടെയും പ്രായവും നിലവിലുള്ള രോഗവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് വേണം പോളിസി തെരഞ്ഞെടുക്കാന്‍. നിലവില്‍ ചെറിയ തുകയ്ക്കുള്ള പോളിസി ഉണ്ടെങ്കില്‍ കൂടുതല്‍ തുകയ്ക്കുള്ള ടോപ്പ് അപ്പ് പോളിസികളിലൂടെ കൂടുതല്‍ കവറേജ് ലഭ്യമാക്കാനാകും. ഹോസ്പിറ്റല്‍ ചെലവ് എന്നാല്‍ ഹോസ്പിറ്റലില്‍ കഴിയുന്ന ദിവസങ്ങളിലെ മാത്രമാല്ല, അതിനു മുമ്പുള്ള പരിശോധനകളും ആശുപത്രിവാസത്തിനുള്ള ശേഷമുള്ള ചെലവുകളുമെല്ലാം ഉള്‍പ്പെടും. പല പോളിസികളും ഡേ കെയര്‍ സംരക്ഷണം, വീട്ടില്‍ കിടത്തിയുള്ള ചികിത്സ, ആയുര്‍വേദ-യുനാനി-സിദ്ധ-ഹോമിയോപ്പതി ചികിത്സ, സ്റ്റം സെല്‍ തെറാപ്പി, റോബോട്ടിക് സര്‍ജറി പോലുള്ള ആധുനിക ചികിത്സ എന്നിവ കൂടി കവറേജില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.


Related Articles
Next Story
Videos
Share it