
രാജ്യത്ത് പുതുതായി ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. കോവിഡിന്റെ രണ്ടാം തരംഗം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഏപ്രില്‍-മേയ് മാസങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുത്ത 25നും 35 നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. പോളിസി ബസാര്‍ പുറത്തു വിട്ട കണക്കു പ്രകാരമാണിത്. കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണത്തില്‍ ഏറെയും യുവതീയുവാക്കളായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 3.80 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. യുഎസും ബ്രസീലും കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ ലോകത്ത് മൂന്നാമത്.
ഓണ്‍ലൈന്‍ പോളിസി വില്‍പ്പനയില്‍ കാര്യമായ വര്‍ധനയാണ് ഈ മാസങ്ങളില്‍ ഉണ്ടായത്. ഇന്‍ഷുറന്‍സ് ദേഖോ എന്ന വെബ്‌സൈറ്റ് വഴി പോളിസിയെടുത്തവരുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനയുണ്ടായതായി വെബ്‌സൈറ്റ് അധികൃതര്‍ പറയുന്നു.
സാമ്പത്തിക സുരക്ഷിതത്ത്വ കുറിച്ച് ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പുതിയ പോളിസികളെ കുറിച്ചുള്ള അന്വേഷണം വെബ്‌സൈറ്റുകളില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഏറെ വര്‍ധിച്ചിട്ടുമുണ്ട്.
ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മുന്നേറ്റത്തിനുള്ള അവസരമാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2019 ലെ ഐആര്‍ഡിഎയുടെ കണക്കനുസരിച്ച് 2.82 ശതമാനമാണ് രാജ്യത്ത് ലൈഫ് ഇന്‍ഷുറന്‍സ് എടുത്തവരുടെ നിരക്ക്. 2001ലെ 2.15 ശതമാനം എന്നതില്‍ നിന്ന് വര്‍ധിച്ചുണ്ടെങ്കിലും ആഗോള നിരക്കായ 3.35 ശതമാനം എന്നതിനേക്കാളും താഴെയാണിപ്പോഴും.
പോളിസികളോടുള്ള പുതിയ താല്‍പ്പര്യം പക്ഷേ ഓഹരി വിപണിയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തുണയായിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം നിഫ്റ്റി 13.5 ശതമാനം നേട്ടം ഉണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ഓഹരി വിലയില്‍ ഉണ്ടായത് 2 ശതമാനം ഉയര്‍ച്ചയാണ്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ വിലയില്‍ 10 ശതമാനവും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ വിലയില്‍ 18 ശതമാനവും ഉയര്‍ച്ചയാണ് ഉണ്ടായത്. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ ഇന്‍ഷുറന്‍സ് ഓഹരികള്‍ മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്ന് പോളിസികളോടുള്ള ആളുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine