ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമോ? സത്യമിതാണ്

'പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ഏത് വാഹനം അപകടത്തില്‍ പെട്ടാലും അപകട സമയത്ത് പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോലും കിട്ടില്ല.' സമീപകാലത്ത് വാട്ട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വളരെയേറെ പ്രചരിച്ച വാര്‍ത്തയാണിത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)യാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയതെന്നാണ് പ്രചരണം.

എന്നാല്‍ അത്തരത്തിലുള്ള യാതൊരു ഉത്തരവും നിലവില്ല എന്നതാണ് സത്യം. തലസ്ഥാന നഗരിയായ ഡല്‍ഹിയിലും പരിസരങ്ങളിലും വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന 2018 ലെനിര്‍ദ്ദേശത്തെ പിന്‍പറ്റിയാണ് വ്യാപകമായ കുപ്രചരണം ഉണ്ടായത്.
നിലവില്‍ കേരളത്തില്‍, വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നതിനോ അപകടത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനോ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനായ വിശ്വനാഥന്‍ ഒടാട്ട് വ്യക്തമാക്കുന്നു. ചില കേന്ദ്രങ്ങളില്‍ നിന്ന് പടച്ചു വിടുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളാണിതെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പും പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനിക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ക്ലെയിം നിരസിക്കാനാവില്ല. എന്നാല്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി സൂക്ഷിക്കുക എന്നത് വാഹന ഉടമയുടെ ഉത്തരവാദിത്തമാണെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it