വിദേശ നിക്ഷേപം കൂടി, സെബിയുടെ കണ്ണ് അദാനി ഗ്രൂപ്പിനു പിന്നാലെ

2020 സെപ്റ്റംബര്‍-നവംബര്‍ ത്രൈമാസത്തിനു ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിലെ വിദേശ നിക്ഷേപം (foreign portfolio investors /FPIs) ഉയര്‍ന്നത് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പെട്ടു.

അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നീ കമ്പനികളിലാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചത്.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം
അദാനി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 410 എഫ്.പി.ഐകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. 2020 സെപ്റ്റംബറില്‍ ഈ എണ്ണം 133 ആയിരുന്നു.
അദാനി ടോട്ടല്‍ ഗ്യാസിലെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ എണ്ണം 63 ല്‍ നിന്ന് 532 ആയി. അദാനി ട്രാന്‍സ്മിഷനില്‍ നിക്ഷേപിച്ചിരിക്കുന്ന എഫ്.പി.ഐകളുടെ എണ്ണം 2020 സെപ്റ്റംബറിലെ 62 ല്‍ നിന്ന് 431 ആയി. അദാനി ഗ്രീന്‍ എനര്‍ജിയിലെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ എണ്ണം 94 ല്‍ നിന്ന് 581 ആയും വര്‍ധിച്ചു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എ.സിസി, അംബുജ സിമന്റ്‌സ്, എന്‍.ഡി.ടി.വി എന്നിവയിലെ നിക്ഷേപം സെബി പരിഗണിച്ചിട്ടില്ല. മറ്റൊരു കമ്പനിയായ അദാനി വില്‍മര്‍ 2022 ഫെബ്രുവരിയിലാണ് ലിസ്റ്റ് ചെയ്തത്.
അന്വേഷണം തുടരുന്നു
അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം, ഏറ്റവും കുറഞ്ഞ പൊതു ഓഹരി പങ്കാളിത്ത നിയമങ്ങള്‍ എന്നിവയെകുറിച്ച് സെബി അന്വേഷിച്ച് വരികയാണ്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഇക്കാര്യങ്ങളാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വലിയ ഇടിവിന് കാരണമായത്.
വിദേശ നിക്ഷേപ മാര്‍ഗങ്ങളുടെ ദുരുപയോഗം തടയുന്നതിനും പൊതു ഓഹരി ഉടമകളുടെ മാനദണ്ഡ ലംഘനങ്ങള്‍ തടയുന്നതിനുമായി എഫ്പിഐകള്‍ക്കായി കര്‍ശനമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രക്രിയയിലാണ് സെബി.
ചില എഫ്.ഐകള്‍ ഓഹരി പോര്‍ട്ട്ഫോളിയോയുടെ ഭൂരിഭാഗവും ഒരൊറ്റ കമ്പനി അല്ലെങ്കില്‍ ഒറ്റ് ഗ്രൂപ്പ് കമ്പനിയില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പെട്ടതായി മെയ് 31-ലെ പൊതു ചര്‍ച്ചയില്‍ സെബി പറഞ്ഞിരുന്നു. എന്നാല്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ പേരെടുത്തു പരാമര്‍ശിച്ചിരുന്നില്ല.
അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി, ഗ്രൂപ്പിലെ ചില കമ്പനികളിലെ പ്രമോട്ടര്‍മാരല്ലാത്ത ഓഹരിയുടമകള്‍ യഥാര്‍ത്ഥത്തില്‍ പ്രമോട്ടര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന സംശയം സെബിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it