ഓഹരി വിപണിയില്‍ പ്രമോട്ടര്‍മാരുടെ കൂട്ടവില്‍പന, കൈയൊഴിഞ്ഞത് ലക്ഷം കോടിയുടെ ഓഹരികള്‍, തന്ത്രപരമായ കരുനീക്കങ്ങളില്‍ ചില്ലറ നിക്ഷേപകര്‍ ജാഗ്രതൈ!

ബ്ലോക്ക് ഡീലുകളില്‍ അപകടം പതിയിരിക്കുന്നോ? പണമൊഴുക്ക് മുതലാക്കുകയാണോ എന്നും സംശയം
സ്റ്റോക്ക് ശുപാർശകൾ
(ചിത്രം: കാൻവ)
Published on

സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പരിശ്രമിക്കുമ്പോള്‍ രണ്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റ് പിന്മാറി പ്രമോട്ടര്‍മാരും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും വന്‍കിട നിക്ഷേപകരും അടക്കമുള്ളവര്‍. വെറും രണ്ട് മാസത്തിനുള്ളില്‍ പ്രമോട്ടര്‍മാര്‍ മാത്രം കാശാക്കി മാറ്റിയത് 61,000 കോടി രൂപയാണ്. പി.ഇ, വെഞ്ച്വര്‍ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 28,000 കോടിയുടെ ഓഹരി വില്‍പ്പന നടത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏഷ്യന്‍ പെയ്ന്റ്‌സിലെ 9,580 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ് വിറ്റൊഴിവാക്കിയത്. ഇതുകൂടാതെ നിരവധി നിക്ഷേപകര്‍, വിവിധ ബ്ലോക്ക് ഡീലുകള്‍ വഴി ഒരു ലക്ഷം കോടിയിലേറെ രൂപ മൂല്യം വരുന്ന ഓഹരി വില്‍പ്പനയാണ് നടത്തിയിരിക്കുന്നതെന്ന് എന്‍.എസ്.ഇയുടെയും പ്രൈം ഡേറ്റബേസിന്റെയും രേഖകകള്‍ വെളിപ്പെടുത്തുന്നു.

കൊടിപിടിച്ച് ഇന്‍ഡിഗോ സഹസ്ഥാപകന്‍

മെയ് 27 ന് ഇന്റര്‍ഗ്ലോബ് ഏവിയേഷനിലെ 11,560 കോടിയിലധികം വിലമതിക്കുന്ന ഓഹരികള്‍ വിറ്റഴിച്ചുകൊണ്ട് ഇന്‍ഡിഗോ സഹസ്ഥാപകനായ രാകേഷ് ഗാംഗ്വാളാണ് മേയ്മാസത്തില്‍ ബംപര്‍ വില്‍പ്പനയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ദിവസം ബ്രിട്ടീഷ് അമേരിക്ക ടുബാക്കോ (BAT) ഐ.ടി.സിയിലെ 12,900 കോടി രൂപയുടെ ഓഹരികള്‍ ഉപകമ്പനി വഴി വിറ്റഴിച്ചു. അതുവരെ നടന്നതില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റദിവസ വില്‍പ്പനയായിരുന്നു ഇത്.

തുടര്‍ന്ന് മേയ് 16ന് സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേന്‍ ഭാരതി എയര്‍ടെല്ലിലെ 12,880 കോടിയിലേറെ മൂല്യം വരുന്ന ഓഹരികള്‍ വിറ്റഴിച്ചു.

മേയിലേതിനു സമാനമായ വമ്പന്‍ വില്‍പ്പനകള്‍ ജൂണിലും തുടര്‍ന്നു. വിശാല്‍ മെഗാമാര്‍ട്ടിന്റെ പ്രമോട്ടര്‍ 19.6 ശതമാനം ഓഹരികള്‍ 10,220 കോടി രൂപയുടെ ബള്‍ക്ക് ഇടപാടിലൂടെ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് വിറ്റഴിച്ചു.

ബജാജ് ഫിന്‍സെര്‍വിന്റെ പ്രമോട്ടര്‍മാര്‍ 5,500 കോടിയിലേറെ രൂപ മൂല്യം വരുന്ന ഓഹരികള്‍ വിറ്റ് പിന്മാറിയതും ജൂണ്‍ ആദ്യമാണ്. കഴിഞ്ഞ വ്യാഴാഴ്ച പി.ബി ഫിന്‍ടെക്, മൊബിക്വിക്ക്, കൊഫോര്‍ജ്, ഡെല്‍ഹിവെറി തുടങ്ങിയവയും ബ്ലോക്ക് ഡീല്‍ നടത്തിയതോടെയാണ് ഈ തുക ഒരു ലക്ഷം കോടി മറികടന്നത്

വമ്പന്‍ ഓഹരി വില്‍പ്പനകള്‍ വിപണി വികാരത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രൊമോട്ടര്‍മാരും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളും വില്‍പ്പന നടത്തിയ ചില ഓഹരികളില്‍, വലിയ നിക്ഷേപകര്‍ ഇതിനകം തന്നെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതിനാല്‍, ഹ്രസ്വകാലത്തേക്ക് വിലകളില്‍ വലിയ മാറ്റം വന്നേക്കില്ല. എന്നാല്‍ വിപണിയില്‍ ഇവയ്ക്ക് പിന്തുണ കുറവായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മ്യൂച്വല്‍ ഫണ്ടുകള്‍, ആഭ്യന്തര നിക്ഷേപകര്‍, വിദേശ നിക്ഷേപകര്‍ എന്നിവരുടെ കൈവശം നിക്ഷേപിക്കാന്‍ ധാരാളം പണമുള്ളതിനാല്‍ ബ്ലോക്ക്, ബള്‍ക്ക് ഡീലുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇത് വിപണിയിലെ മൊത്തത്തിലുള്ള പണമൊഴുക്ക് വര്‍ദ്ധിപ്പിച്ചു.

നിക്ഷേപകര്‍ ശ്രദ്ധിക്കണം

ചില പ്രമോട്ടര്‍മാര്‍ ഉയര്‍ന്ന വാല്വേഷന്‍ കണക്കിലെടുത്താണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. മറ്റ് ചിലര്‍ കമ്പനിയുടെ നയത്തിന്റെ ഭാഗമായിട്ടും വില്‍പ്പന നടത്താറുണ്ട്.

ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുക, മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുക തുടങ്ങിയ കാരണങ്ങളാലും പ്രമോട്ടര്‍മാരും സഹസ്ഥാപകരും ഓഹരികള്‍ വിറ്റഴിക്കാറുണ്ട്.

ബിസിനസിലേക്ക് തിരിച്ച് നിക്ഷേപിക്കാനായാണ് പ്രമോട്ടര്‍മാര്‍ ഈ തുക നിക്ഷേപിക്കുന്നതെങ്കില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുടെ ആവശ്യമില്ല. അതേസമയം കമ്പനിയുടെ പ്രവര്‍ത്തനത്തിലുണ്ടായ പ്രശ്‌നങ്ങളോ പാളിച്ചകളോ മൂലമാണെങ്കില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com