
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (Initial Public Offer/ipo) 12 പുതുതലമുറകമ്പനികള്‍ ചേര്‍ന്ന് ഈ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കുക 18,000 കോടി രൂപ.
ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ (Meesho) അധികം വൈകാതെ സ്വകാര്യ വഴി സെബിക്ക് അപേക്ഷിക്കും. 4,250 കോടി രൂപ സമാഹരണ ലക്ഷ്യമിടുന്ന ഈ ഐ.പി.ഒ ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയാകും.
തൊട്ടുപിന്നാലെ എഡ്യു ടെക് പ്ലാറ്റ്‌ഫോമായ ഫിസിക്‌സ്‌വാല (Physics wallah) 4,000 കോടി സമാഹരണ ലക്ഷ്യവുമായെത്തും. ഫിന്‍ടെക് കമ്പനികളായ പാന്‍ ലാബ്‌സ് (Panlabs Biologics ), ഗ്രോ(Groww) എന്നിവ യഥാക്രമം 2,600 കോടി, 1735 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ട് (Boat), വേക്ക്ഫിറ്റ്‌സ്(Wakefit), കാപിലറി ടെക്‌നോളജീസ്(Capillary Technologies), അര്‍ബന്‍ കമ്പനി(Urban Company) എന്നിവയും ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നുണ്ട്. ആയിരം കോടിയ്ക്ക് താഴെയാണ് ഇവ പ്രാഥമിക വിപണിയില്‍ നിന്ന് ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയ്ല്‍ (OFS) വഴിയുള്ള വില്‍പ്പന ഒഴിച്ചു നിര്‍ത്തിയുള്ള കണക്കാണിത്. അതും കൂടിചേരുമ്പോള്‍ ഐ.പി.ഒ വലിപ്പം വീണ്ടും ഉയര്‍ന്നേക്കാം.
ഓഹരി വിപണിയുടെ വളര്‍ച്ച ചെറുകിട-ഇടത്തരം കമ്പനികളെ പോലും പണസമാഹരണത്തിനായി ഓഹരി വിപണിആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കരുത്താര്‍ജിച്ചതും മികച്ച വാല്വേഷന്‍ കമ്പനികള്‍ക്ക് നേടാനാകുന്നതുമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം നിലവിലെ നിക്ഷേപകര്‍ക്ക് പുറത്തുകടക്കാനൊരു മാര്‍ഗവും ഇതിലൂടെ ഒരുങ്ങുന്നു.
2021ലും 22ലുമായി സൊമാറ്റോ (Zomato), പേയ്ടിഎം (Paytm), ഡെലിവെറി(Delhivery), ഫി.ബി ഫിന്‍ടെക് (പോളിസി ബസാര്‍), നൈക (എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്) തുടങ്ങിയ പുതു തലമുറ കമ്പനികള്‍ പ്രാഥമിക വിപണിയില്‍ ഓഹരി വില്‍പ്പന നടത്തി 25,000 കോടിയോളം സമാഹരിച്ചിരുന്നു. ഇതില്‍ സൊമാറ്റോയും (എറ്റേണല്‍) പേയ്ടിഎമ്മും ചേര്‍ന്ന് മാത്രം 17,000 കോടി രൂപയാണ് നേടിയത്.
2023ലും 24ലും പുതു തലമുറകമ്പനികള്‍ ഈ ട്രെന്‍ഡ് തുടര്‍ന്ന്. ഇക്‌സിഗോ, ആവ്ഫിസ്, ബ്ലാക്ക്ബക്ക്, മൊബിക്വിക്ക്, ഹോനാസ കണ്‍സ്യൂമര്‍ എന്നിവ 1,000 കോടിയ്ക്ക് താഴെയുള്ള ഐ.പി.ഒകളുമായി ശ്രദ്ധ നേടി.
യു.എസും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒ ഹബായി മാറുകയാണ് ഇന്ത്യയെന്നാണ് വിലയിരുത്തലുകള്‍.
നിലവില്‍ ഐ.പി.ഒ നടത്താനൊരുങ്ങുന്ന കമ്പനികളില്‍ പാതിയും രഹസ്യ വഴിയിലൂടെയാണ് (Confidential route) അപേക്ഷിച്ചിരിക്കുന്നത്. ഗ്രോ, ഫിസിക്‌സ് വാല, ഷിപ്‌റോക്കറ്റ്, ബോട്ട്, ഷാഡോഫാക്‌സ് എന്നിവ ഈ വഴിയാണ് തിരഞ്ഞെടുത്തത്. മീഷോയും രഹസ്യ വഴിയാകും ഐ.പി.ഒയ്ക്ക് അപേക്ഷിക്കുക.
ഐ.പി.ഒയ്ക്ക് ഒരുങ്ങുമ്പോള്‍ തന്നെ കമ്പനിയുടെ ലാഭ-നഷ്ടക്കണക്കുകള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്താകാതിരിക്കാനാണ് കമ്പനികള്‍ ഇത്തരം രീതി സ്വീകരിക്കുന്നത്. 2022ലാണ് സെബി ഐ.പി.ഒയ്ക്ക് രഹസ്യമായി ഫയല്‍ ചെയ്യാനുള്ള അനുവാദം നല്‍കിയത്. ഇത്തരത്തില്‍ കമ്പനികള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സെബിക്കും എക്സ്ചേഞ്ചുകള്‍ക്കും മാത്രമാണ് പരിശോധിക്കാനാവുക.
ഐ.പി.ഒ ആരംഭിക്കുന്നതിനു മുന്നോടിയായി പുതുക്കിയ രേഖകള്‍ കമ്പനി സമര്‍പ്പിക്കും. ആ സമയത്താകും രേഖകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭിക്കുക. ഇതു കൂടാതെ മറ്റ് ചില നേട്ടങ്ങളുമുണ്ട്. സാധാരണ ഐ.പി.ഒ ഫയലിംഗ് പ്രക്രിയ അനുസരിച്ച് 12 മാസത്തിനുള്ളഇല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ പ്രീ ഫയലിംഗ് വഴിയാണെങ്കില്‍ 18 മാസത്തെ സമയം ലഭിക്കും. പുതുക്കിയ രേഖകള്‍ സമര്‍പ്പിക്കുന്ന സമയത്ത് ഐ.പി.ഒയുടെ വലിപ്പം 50 ശതമാനം മാറ്റാനും അനുവദിക്കുന്നുണ്ട്.
Twelve new-age Indian startups, including Meesho and PhysicsWallah, plan to raise ₹18,000 crore via IPOs in 2025
Read DhanamOnline in English
Subscribe to Dhanam Magazine