ഓഹരികള്‍ ആടിയുലഞ്ഞ 2022-23: നിക്ഷേപകര്‍ നിരാശപ്പെടേണ്ടതില്ല

ഓഹരി നിക്ഷേപകര്‍ക്ക് 2022-23 ചാഞ്ചാട്ടങ്ങളുടെ വര്‍ഷമായിരുന്നു. ഇന്ത്യയിലെ സുപ്രധാന ഓഹരിസൂചികയായ ബി.എസ്.ഇ സെന്‍സെക്‌സ് നിസാരമായ ആദായം (റിട്ടേണ്‍) മാത്രമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. സെന്‍സെക്‌സ് എക്കാലത്തെയും ഉയരമായ 63,583 പോയിന്റില്‍ തൊട്ട വര്‍ഷമായിരുന്നു 2022-23. പക്ഷേ, റഷ്യ-യുക്രെയിന്‍ യുദ്ധവും തുടര്‍ന്നുണ്ടായ നിയന്ത്രണാതീതമായ പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കുകളും ശോഭ കെടുത്തി, ഓഹരി സൂചികകള്‍ ഇടിയുകയും ചെയ്തു. ഇത് ഓഹരികളില്‍ നിന്ന് സ്ഥിരനിക്ഷേപങ്ങളിലേക്കും (ബോണ്ടുകൾ, എഫ്.ഡി തുടങ്ങിയവ) സ്വര്‍ണത്തിലേക്കും ചുവടുമാറ്റാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

വിവിധ ആസ്തി വിഭാഗങ്ങളുടെ പ്രകടനം

വിവിധ ആസ്തി വിഭാഗങ്ങളുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രകടനം


2022-23 സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന ആദായം (റിട്ടേണ്‍) നല്‍കിയത് സ്വര്‍ണമാണ്, 15.42 ശതമാനം. സെന്‍സെക്‌സ് നല്‍കിയ റിട്ടേണ്‍ 0.72 ശതമാനം മാത്രം. എന്നാല്‍, സെന്‍സെക്‌സിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ മനസിലാകും എന്തുകൊണ്ടാണ് മികച്ച ആസ്തി വർധനയ്ക്ക് ഏറ്റവും നല്ലത് ഓഹരികളിലെ നിക്ഷേപമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നതെന്ന്. 100.39 ശതമാനം റിട്ടേണാണ്‌ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് സെന്‍സെക്‌സ് തിരികെ നല്‍കിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ ഓഹരി സൂചികകള്‍ 2020 മാര്‍ച്ചില്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഈ വീഴ്ചയിൽ നിന്നായിരുന്നു ഈ തിരിച്ചുകയറ്റം. ഓഹരികളിലെ നിക്ഷേപത്തിന് നേട്ടവും കോട്ടവുമുണ്ടെന്ന് മുകളിലെ ടേബിള്‍ നോക്കിയാല്‍ കാണാം. ഓഹരികളില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നിക്ഷേപത്തില്‍ നഷ്ടമുണ്ടാകാം. എന്നാല്‍, ദീര്‍ഘകാല നേട്ടം പരിശോധിച്ചാല്‍ ഓഹരികളില്‍ നിന്നുള്ള ആദായത്തിന്റെ സമീപത്തെങ്ങും മറ്റ് ആസ്തി വിഭാഗങ്ങളില്ലെന്നും മനസിലാക്കാം.

മറ്റ് ഓഹരി മേഖലകള്‍


പ്രധാന ഓഹരി സൂചികകളുടെ പ്രകടനം

2022-23ലെ പ്രകടനം വിലയിരുത്തിയാല്‍ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയില്‍ നിന്നുള്ള റിട്ടേണ്‍ പൂജ്യത്തിനടുത്താണ്. നിരവധി ചെറുകിട ഓഹരികളുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. നിഫ്റ്റി സ്‌മോള്‍കാപ്പ് സൂചികയാകട്ടെ 13.81 ശതമാനം ഇടിയുകയും ചെയ്തു.
ഓഹരി വിഭാഗങ്ങള്‍ പരിഗണിച്ചാല്‍ ബാങ്കിംഗ് ഓഹരികളാണ് 2022-23ല്‍ ഏറ്റവും മികച്ച റിട്ടേണ്‍ സമ്മാനിച്ചത്, അതില്‍ തന്നെ പൊതുമേഖലാ ബാങ്ക് ഓഹരികള്‍. 36 ശതമാനമാണ് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക വളര്‍ന്നത്. നിഫ്റ്റി എഫ്.എം.സി.ജിയാണ് രണ്ടാമത്, 26.50 ശതമാനം. നിഫ്റ്റി മീഡിയ, നിഫ്റ്റി ഐ.ടി സൂചികകളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്; യഥാക്രമം 29 ശതമാനം, 21 ശതമാനം എന്നിങ്ങനെ.

തിളങ്ങിയവരും മങ്ങിയവരും


ഓഹരി വിഭാഗങ്ങൾ നൽകിയ ആദായം

ഓഹരികളില്‍ ലിസ്റ്റ് ചെയ്ത 200 മുന്‍നിര കമ്പനികളുടെ പട്ടിക നോക്കിയാല്‍ പൊതുമേഖലാ ബാങ്കുകളാണ് (പി.എസ്.യു ബാങ്ക്‌സ്) കൂടുതല്‍ മികവ് പുലര്‍ത്തിയതെന്ന് കാണാം. 2022-23ല്‍ 87.49 ശതമാനം വളര്‍ച്ചയുമായി ഇന്ത്യന്‍ ബാങ്കാണ് ഒന്നാമത്.

ഏറ്റവുമധികം നേട്ടം സമ്മാനിച്ചവ

ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദാനി ഓഹരികളില്‍ കനത്ത ഇടിവുണ്ടായെങ്കിലും ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരി ടാറ്റാ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ആണ്; 66.74 ശതമാനം.

ഭേദപ്പെട്ട പ്രകടനവുമായി കേരള കമ്പനികള്‍


കൂടുതൽ നഷ്ടം നേരിട്ടവ

പൊതുവേ മികച്ച പ്രകടനമായിരുന്നു 2022-23ല്‍ കേരളം ആസ്ഥാനമായുള്ള കമ്പനികളുടേത്. ശരാശരി 21 ശതമാനം ആദായം കേരള കമ്പനികള്‍ നിക്ഷേപര്‍ക്ക് നല്‍കി. 214 ശതമാനം റിട്ടേണുമായി നീറ്റ ജെലാറ്റിനാണ് ഒന്നാമത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 159 ശതമാനവുമായി രണ്ടാംസ്ഥാനത്തുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

മങ്ങലേറ്റവരെ നോക്കിയാല്‍ അന്ന കിറ്റെക്‌സ് ഗ്രൂപ്പിന് 2022-23 ഒരു നല്ല വര്‍ഷമായിരുന്നില്ലെന്ന് കാണാം. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് എന്നിവ 45-48 ശതമാനം ഇടിഞ്ഞു.
ഇനിയെങ്ങോട്ട്..?
ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയ ചോദ്യം ഓഹരി വിപണിയുടെ പ്രകടനം അടുത്ത 12 മാസക്കാലം എങ്ങനെയാകുമെന്നാണ്. പണപ്പെരുപ്പം ഇപ്പോഴും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ പരിധിക്ക് മുകളിലാണ്. അടിസ്ഥാന പലിശനിരക്ക് ഉയര്‍ന്ന തലത്തില്‍ തുടരുന്നു. 2023-24ലും സാമ്പത്തിക പ്രതിസന്ധികള്‍ തുടരുമെന്ന വിലയിരുത്തലാണ് നിരവധി പേര്‍ക്കുള്ളത്.
എന്നാല്‍, ഓഹരിവിപണി ഈ പ്രതിസന്ധിചക്രത്തില്‍ അതിന്റെ പരമാവധി താഴ്ചയില്‍ എത്തിയെന്നും ഇനി ഇവിടെനിന്ന് ഉയര്‍ച്ചയാണ് ഉണ്ടാവുകയെന്ന വാദവുമുണ്ട്.
(നിങ്ങള്‍ക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കമന്റ് ബോക്‌സില്‍ എഴുതുക)

Disclaimer: Equity investing is subject to market risk. Please do your own research before investing
Sanjay Abraham
Sanjay Abraham  

Related Articles

Next Story

Videos

Share it