2026-ലെ വിപണിയിലെ തിരിച്ചടി; ഇന്ത്യൻ കോടീശ്വരന്മാരുടെ നഷ്ടക്കണക്ക് ഇങ്ങനെ

2026-ൽ ഇതുവരെയായി ഇന്ത്യൻ ഓഹരി വിപണിയിൽ നേരിട്ട തിരുത്തലിനെ തുടർന്ന് നിരവധി പ്രമുഖ കോടീശ്വരന്മാർക്ക് വലിയ അളവിൽ ആസ്തിമൂല്യത്തിൽ ഇടിവുണ്ടായി. എന്നാൽ ചില വ്യവസായികൾക്ക് നേട്ടവും ലഭിച്ചു. ഇതിൽ നിന്നും സാദാ നിക്ഷേപകർ മനസ്സിലാക്കേണ്ട പാഠമെന്ത് എന്നും നോക്കാം.
stock investing
Image by Canva
Published on

ഇന്ത്യൻ വിപണിക്ക് ​ഏറെ പ്രതീക്ഷകൾ സമ്മാനിച്ച തുടക്കമായിരുന്നു 2026-ൽ കിട്ടിയത്. ജനുവരി 2-നും 5-നും നടന്ന വ്യാപാരത്തിനിടെ എൻഎസ്ഇ നിഫ്റ്റി സൂചിക സർവകാല റെക്കോഡ് നിലവാരം തിരുത്തിക്കുറിച്ചു. പിന്നാലെ യൂറോപ്യൻ യൂണിയനുമായും യു.എസുമായും ഇന്ത്യ നേടിയെടുത്ത ഉഭയകക്ഷി വ്യാപാര കരാറുകൾ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. എന്നാൽ ഫെബ്രുവരി അവസാനം പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഇന്ത്യൻ വിപണി ശക്തമായ തിരുത്തൽ നേരിട്ടു. ഈ വർഷം ഇതുവരെയുള്ള കാലയളവിനിടെ നിഫ്റ്റി 11 ശതമാനം താഴേക്കിറങ്ങി. ഇതോടെ ഒട്ടുമിക്ക നിക്ഷേപകരുടെയും പോർട്ട്ഫോളിയോ ചുവപ്പണിഞ്ഞു. കോടീശ്വരന്മാരുടെ സ്ഥിതിയും വിഭിന്നമല്ല.

2026-ൽ കനത്ത നഷ്ടം നേരിടുന്ന വമ്പന്മാർ

  • അനിൽ അംബാനി (റിലയൻസ് ​ഇൻഡസ്ട്രീസ് പ്രൊമോട്ടർ) - ഏകദേശം 1,52,500 കോടി രൂപ നഷ്ടം

  • ​ഗൗതം അദാനി (അദാനി ​ഗ്രൂപ്പ് പ്രൊമോട്ടർ) - ഏകദേശം 78,500 കോടി രൂപ നഷ്ടം

  • ശിവ് നാടാർ (എച്ച്സിഎൽ ടെക് സ്ഥാപകൻ) - ഏകദേശം 59,200 കോടി രൂപ നഷ്ടം

  • അസിം പ്രേംജി (വിപ്രോ പ്രൊമോട്ടർ) - ഏകദേശം 53,600 കോടി രൂപ നഷ്ടം

  • ഷപൂർ മിസ്ട്രി & കുടുംബം - (എസ്.പി ​ഗ്രൂപ്പ്) - ഏകദേശം 50,800 കോടി രൂപ നഷ്ടം

  • സുനിൽ മിത്തൽ & കുടുംബം (ഭാരതി എയർടെൽ പ്രൊമോട്ടർ) - ഏകദേശം 47,100 കോടി രൂപ നഷ്ടം

  • കെ.പി. സിം​ഗ് (ഡി.എൽ.എഫ്. പ്രൊമോട്ടർ) - ഏകദേശം 30,500 കോടി രൂപ നഷ്ടം

  • രവി ജയ്പുരിയ (വരുൺ ബിവറേജസ് ചെയർമാൻ) - ഏകദേശം 24,000 കോടി രൂപ നഷ്ടം

  • ഉദയ് കൊട്ടക് (കൊട്ടക് മഹീന്ദ്ര ബാങ്ക്) - ഏകദേശം 23,100 കോടി രൂപ നഷ്ടം

2026-ലെ തിരിച്ചടിയിൽ നഷ്ടം മറ്റ് വമ്പൻ കോടീശ്വരന്മാർ: മം​ഗൾ പ്രഭാത് ലോധ, രാഹുൽ ഭാട്ടിയ, വിക്രം ലാൽ, ഇന്ദർ ജയ്സിംഘാനി, നുസ്ലി വാദിയ, കുമാർ മം​ഗളം ബിർള, സൈറസ് പൂനാവല, സാവിത്രി ജിൻഡാൽ, പങ്കജ് പട്ടേൽ, രാധകിഷൻ ദമാനി.

നേട്ടം കരസ്ഥമാക്കിയ കോടീശ്വരന്മാർ

2026-ൽ ഇന്ത്യൻ വിപണി ശക്തമായ തിരുത്തലിന്റെ പാതയിലേക്ക് വീണുപോയെങ്കിലും നേട്ടം കരസ്ഥമാക്കിയ ഏതാനും കോടിശ്വരന്മാരും ഇവിടെയുണ്ട്. ഇതിൽ ടോറന്റ് ​​ഗ്രൂപ്പിന്റെ സുധീർ മേത്തയും സമീർ മേത്തയും ഏകദേശം 6,500 കോടി രൂപ വീതം സമ്പത്തിൽ വർധന കരസ്ഥമാക്കി. അതുപോലെ ആർസലർ മിത്തൽ ​ഗ്രൂപ്പിന്റെ ചെയർമാനായ ലക്ഷ്മി മിത്തലിന്റെ സമ്പത്തിൽ ഏകദേശം 9,400 കോടി രൂപയുടെ വർധന രേഖപ്പെടുത്തി. കൂടാതെ സൺ ഫാർമസ്യൂട്ടിക്കൽസിന്റെ സ്ഥാപകൻ ദിലീപ് സാംഘ്വിയുടെ ആസ്തി മൂല്യത്തിൽ ഏകദേശം 2,800 കോടി രൂപയുടെ വർധനയും ഈ വർഷം ഇതുവരെയായി കുറിച്ചിട്ടുണ്ട്.

റീട്ടെയിൽ നിക്ഷേപകർ എന്ത് മനസ്സിലാക്കണം?

  • വിപണിയിൽ നേരിടുന്ന തിരിച്ചടിയിൽ നിന്നും ആരും സുരക്ഷിതരല്ല.

  • വിപണിയുടെ ചാക്രികതയിൽ (Market Cycles) കോടീശ്വരന്മാർക്കും അടിപതറും.

  • ആ​ഗോള സംഘർഷവും വിലക്കയറ്റവും പോലുള്ള ഘടകങ്ങൾ വിപണിയെ അതിവേ​ഗം ബാധിക്കുമെന്ന് വീണ്ടും തെളിയിച്ചു.

  • ഓഹരി വിപണിയിൽ നേരിടുന്ന 10-15% തിരുത്തലൊക്കെ സ്വാഭാവികമാണ്.

  • ദീർഘകാല നിക്ഷേപകർ ശാന്തത കൈവിടാതിരിക്കുക. തിരുത്തൽ കഴിഞ്ഞാൽ വിപണി കരകയറാണ് പതിവ്.

  • കമ്പനിയുടെ ബിസിനസ് ക്വാളിറ്റിയിൽ മാത്രം ശ്രദ്ധിക്കുക.

  • പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുക (ഇത്തവണ തിരിച്ചടി നേരിട്ടവരെ ശ്രദ്ധിച്ചാൽ കൂടുതലും ഐടി, റിയൽ എ​സ്റ്റേറ്റ് മേഖലയിൽ നിന്നാണെന്ന് കാണാം).

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com