​അറ്റാദായത്തില്‍ 38.35 ശതമാനം വര്‍ധന, ഓഹരി വിപണിയില്‍ ഐടിസി മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

ഹോട്ടലുകളുടെ വരുമാനത്തില്‍ 332 ശതമാനത്തിന്റെ വര്‍ധന
​അറ്റാദായത്തില്‍ 38.35 ശതമാനം വര്‍ധന, ഓഹരി വിപണിയില്‍  ഐടിസി മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
Published on

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലവുമായി ഐടിസി (ITC). കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3,013.49 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തിലെ അറ്റാദായം 38.35 ശതമാനം വര്‍ധിച്ച് 4,169.38 കോടി രൂപയായി. വരുമാനം 41.36 ശതമാനം ഉയര്‍ന്ന് 18,320.16 കോടി രൂപയുമായി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 12,959.15 കോടി രൂപയായിരുന്നു വരുമാനം.

അവലോകന പാദത്തിലെ എബിറ്റ്ഡ (earnings before interest, taxes, depreciation, and amortization) 5,646.10 കോടി രൂപയായി. ഇക്കാലയളവിലെ സിഗരറ്റില്‍നിന്നുള്ള വരുമാനവും കുത്തനെ ഉയര്‍ന്നു. ഈ വിഭാഗത്തിലെ വരുമാനം 29 ശതമാനം ഉയര്‍ന്ന് 6,608 കോടി രൂപയിലെത്തി. സെഗ്മെന്റുകളില്‍, എഫ്എംസിജി (FMCG) വരുമാനം 4,451 കോടി രൂപയായി, മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 19.5 ശതമാനം വര്‍ധന. ഹോട്ടലുകളുടെ വരുമാനം കഴിഞ്ഞകാലയളവിലെ 128 കോടിയില്‍നിന്ന് 332.8 ശതമാനം വര്‍ധിച്ച് 554 കോടി രൂപയായി. പേപ്പര്‍ സെഗ്മെന്റ് വരുമാനം 1,583 കോടിയില്‍ നിന്ന് 2,267 കോടി രൂപയായി, 43.2 ശതമാനത്തിന്റെ വര്‍ധന.

അതേസമയം, ഐടിസി ഓഹരി വിപണിയിലും (ITC Share Price) മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരു മാസത്തിനിടെ ഏഴ് ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. ഇന്ന് രാവിലെ വ്യാപാരത്തിന്റ തുടക്കത്തില്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്ന ഓഹരി 315 രൂപ എന്ന നിലയിലെത്തിയിരുന്നു. ആറ് മാസത്തിനിടെ 34 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിന്റെയും നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com