ഓഹരി വിപണി തകരുമ്പോള്‍ നിക്ഷേപകര്‍ പതറാതിരിക്കാന്‍ നാല് കാര്യങ്ങള്‍

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കോവിഡ് ആരംഭത്തില്‍ കൂപ്പുകുത്തിയ ഓഹരി വിപണി കുതിച്ചുയര്‍ന്ന്, സെന്‍സെക്‌സ് സൂചിക 60,000 ന് മുകളിലെത്തിയെങ്കിലും കോവിഡ് വ്യാപനം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തുടങ്ങിയവ കാരണം വീണ്ടും തിരുത്തലുകളിലേക്ക് വീണു. നിലവില്‍, പ്രതികൂല ഘടകങ്ങള്‍ മാറി മറിയുന്നതിനനുസരിച്ച് ചാഞ്ചാടിയാണ് ഇന്ത്യന്‍ ഓഹരി വിപണി മുന്നോട്ടുപോകുന്നത്. ഇത്തരത്തില്‍ വിപണി അസ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് തകര്‍ച്ചയെ നേരിടാന്‍ നിക്ഷേപകള്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കുറച്ച് പണം കൈയില്‍ സൂക്ഷിക്കുക
നിങ്ങളുടെ കൈവശമുള്ള തുക പൂര്‍ണമായും ഓഹരി വിപണിയില്‍ നിക്ഷേപിക്കരുത്. കുറച്ച് പണം നിങ്ങളുടെ കൈവശം സൂക്ഷിക്കേണ്ടതാണ്. കാരണം, വിപണി വലിയ തിരുത്തലിലേക്ക് വീണാല്‍ നിങ്ങള്‍ കൈവശപ്പെടുത്തിയ ഓഹരികളും ഇടിവിലേക്ക് വീണേക്കാം. ഈയൊരു സാഹചര്യത്തില്‍ ഉയരാന്‍ സാധ്യതയുള്ള ഓഹരികള്‍ വില്‍ക്കുന്നത് നിങ്ങളുടെ നഷ്ടം കൂട്ടും. അതിനാല്‍, ആ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമായ തുക നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. വിപണി ഇടിയുമ്പോള്‍, മികച്ച ഓഹരികള്‍ വാങ്ങുന്നതും നിങ്ങള്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചേക്കും. കോവിഡിന്റെ ആരംഭത്തില്‍ വിപണി വലിയ തിരുത്തലിലേക്ക് വീണപ്പോള്‍ ഓഹരി വാങ്ങിയവര്‍ക്ക് പിന്നീട് മികച്ച റിട്ടേണാണ് ലഭിച്ചത്.
ദുര്‍ബലമായ കമ്പനികളെ ഒഴിവാക്കുക
വിപണി ഇടിയുമ്പോള്‍ അടിസ്ഥാനപരമായി ദുര്‍ബലമായ കമ്പനികളായിരിക്കും കൂടുതല്‍ നഷ്ടം നേരിടേണ്ടിവരിക. ചിലപ്പോള്‍ ഈ കമ്പനികളുടെ തിരിച്ചുകയറ്റവും സംശയകരമായിരിക്കും. അതിനാല്‍ തന്നെ പോര്‍ട്ട്‌ഫോളിയോയില്‍ ദുര്‍ബലമായ കമ്പനികളെ ഉള്‍പ്പെടുത്താതിരിക്കുന്നതാകും നല്ലത്. അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ ഇടിവിലേക്ക് വീണാലും ദീര്‍ഘകാലത്തേക്ക് മികച്ച നേട്ടം ലഭിക്കും.
ഓഹരി നോക്കിവയ്ക്കുക, കാത്തിരിക്കുക
ഓഹരി വിപണിയിലെ ശക്തമായ കമ്പനികളുടെ ഓഹരിവില അപൂര്‍വമായേ വലിയ ഇടിവിലേക്ക് നീങ്ങുകയുള്ളൂ. വിപണി തകര്‍ച്ചയിലേക്ക് വീഴുമ്പോള്‍ ഇത്തരം കമ്പനികളുടെ ഓഹരി വിലയും ഇടിയാന്‍ സാധ്യതയുണ്ട്. ഇത് മനസിലാക്കി, ഇത്തരം ഓഹരികളുടെ പ്രകടനം നോക്കി താഴ്ചയിലേക്ക് നീങ്ങുമ്പോള്‍ വാങ്ങാവുന്നതാണ്. ഇതിനുമുന്നോടിയായി നിങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മുന്‍നിര കമ്പനികളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കേണ്ടതാണ്.
ശക്തമായ ഒരു പ്ലാന്‍ ഉണ്ടാക്കുക, അതില്‍ ഉറച്ചുനില്‍ക്കുക
നിങ്ങളുടെ നിക്ഷേപത്തിന് ശക്തമായ പ്ലാനുണ്ടായിരിക്കണം. ഒരു ഓഹരിയില്‍ എത്രകാലം നിക്ഷേപിക്കണം, ദീര്‍ഘകാല നിക്ഷേപമാണോ, ഷോട്ട് ടേം നിക്ഷേപമാണോ എന്നിവയെ കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടായിരിക്കണം. അതനുസരിച്ച് വേണം വിപണി തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ പ്രവര്‍ത്തിക്കേണ്ടതും. നിങ്ങള്‍ ദീര്‍ഘകാലത്തേക്കാണ് നിക്ഷപിക്കുന്നതെങ്കില്‍ വിപണി ഇടിവിലേക്ക് വീഴുമ്പോഴും നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, ചുരുങ്ങിയ കാലത്തേക്കാണ് നിക്ഷേപമെങ്കില്‍ വിപണി തിരുത്തലിന് മുന്നോടിയായി തന്നെ, സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it