മൂന്നു മാസത്തില്‍ നേട്ടമുണ്ടാക്കാന്‍ 5 ഓഹരികള്‍
മൂന്നു മാസക്കാലയളവില്‍ നിക്ഷേപിച്ചുകൊണ്ട് നേട്ടമുണ്ടാക്കാവുന്ന ഓഹരികള്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ് അക്യുമെന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് (ഇന്ത്യ) ലിമിറ്റഡ് മാനേജിംഗ്് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാള്‍. നിലവിലെ വിപണി സാഹചര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാവുന്ന ലാര്‍ജ് കാപ് ഓഹരികളാണിത്
Wipro (CMP: 271, Target: 300)
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.റ്റി സേവന കമ്പനിയാണ് വിപ്രോ. കമ്പനിയുടെ വരുമാനത്തിന്റെ പകുതിയും അമേരിക്കന്‍ മേഖലകളില്‍ നിന്നാണ്. ടെക്‌നോളജി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളിലും കമ്പനികളിലും വിപ്രോ നിരവധി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതൊക്കെ കമ്പനിയുടെ വരുമാനം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷകള്‍.
നേട്ട സാധ്യതകള്‍
സാമ്പത്തിക സേവന കമ്പനികള്‍ക്ക് തട്ടിപ്പ് കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യകള്‍, ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജി എന്നിവയില്‍ കമ്പനിക്ക് കരുത്തുറ്റ സാന്നിധ്യമുണ്ട്. അടുത്തിടെ കമ്പനിയുടെ ജര്‍മനിയിലെയും യുകെയിലെയും ഡാറ്റ സെന്റര്‍ ബിസിനസ് 2500 കോടി രൂപയ്ക്ക് വിറ്റിഴിച്ചിരുന്നു. ഏറ്റെടുക്കലുകള്‍ക്കായി ഈ തുക വിനിയോഗിക്കും.
സാങ്കേതിക വിദ്യകളുടെ വേഗത്തിലുള്ള മാറ്റവും സാമ്പത്തിക ഇടപാടുകളിലെ ഡിജിറ്റല്‍വല്‍ക്കരണവും തട്ടിപ്പ് കണ്ടെത്തല്‍ സാങ്കേതികവിദ്യകള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സെഗ്‌മെന്റില്‍ മികച്ചു നില്‍ക്കുന്നുവെന്നത് വിപ്രോയ്ക്ക് ഗുണകരമാണ്. വിസ, കറന്‍സി, റഗുലേറ്ററി മാറ്റങ്ങള്‍ എന്നിവയിലെ ഗവണ്‍മെന്റ് നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് കമ്പനിക്ക് പ്രധാന വെല്ലുവിളികള്‍.
14.8 ആണ് വിപ്രോയുടെ പി.ഇ റേഷ്യോ. പിബി മൂല്യം 2.47 മടങ്ങാണ്. സാങ്കേതികമായി വിപ്രോ വലിയൊരു തിരുത്തലിനു ശേഷം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ 300 ലെവല്‍ വരെ
ഉയരാം.
Bajaj Auto (CMP: 3159, Target: 3450)
ബജാജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയാണ് ബജാജ് ഓട്ടോ. ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ നാലാം സ്ഥാനത്താണ് കമ്പനി. എഴുപതോളം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
കമ്പനിയുടെ സാമ്പത്തിക കണക്കുകള്‍ കരുത്തുറ്റതാണ്. 36.16 ശതമാനമാണ് ലാഭമാര്‍ജിന്‍. കടമില്ലാത്ത കമ്പനിയുടെ കാഷ് റിസര്‍വ് 18,800 കോടിയാണ്. ബജാജ് ഓട്ടോയുടെ മാസവില്‍പ്പന 65 ശതമാനവും ഇരുചക്ര വില്‍പ്പന 44 ശതമാനവും വാണിജ്യ വാഹന വില്‍പ്പന 66 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
നേട്ട സാധ്യതകള്‍
ക്വാഡ്രിസൈക്കിളുകള്‍ക്ക് അടുത്തിടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത് കമ്പനിക്ക് വലിയ സാധ്യതയാണ് നല്‍കുന്നത്. ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ ബിസിനസ് അതിവേഗ വളര്‍ച്ചയാണ് നേടുന്നത്. ജനസംഖ്യയുടെ 35 ശതമാനവും 25 വയസില്‍ താഴെയുള്ളവരാണെന്നത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുമുണ്ട്. ഓസ്‌ട്രേലിയന്‍ മോട്ടോര്‍സൈക്കിള്‍, സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ കെടിഎം എജിയുമായി പങ്കാളിത്തത്തിലൂടെ റേസിംഗ് ബൈക്കുകളുടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത് കമ്പനിയുടെ വിപണി വിഹിതം ഉയര്‍ത്തുന്നുണ്ട്. ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില ഉയര്‍ത്തിയത് ഗ്രാമീണ മേഖലയില്‍ വരുമാനം കൂട്ടുന്നതും കമ്പനിക്ക് ഗുണകരമാണ്.
ആഗോള വിപണികളില്‍ ക്രൂഡ് ഓയ്ല്‍ വിലകള്‍ മെച്ചപ്പെട്ടത് മിഡില്‍ ഈസ്റ്റിലും അനുബന്ധ സമ്പദ്‌വ്യവസ്ഥകളിലും വളര്‍ച്ചയുണ്ടാക്കുന്നതും വില്‍പ്പന മെച്ചപ്പെടാന്‍ സഹായിക്കുന്നുണ്ട്.
ITC (CMP: 273, Target: 300)
രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി ബിസിനസ് സ്ഥാപനമാണ് ഐടിസി. എഫ്എംസിജി, ഹോട്ടലുകള്‍, പേപ്പര്‍ബോര്‍ഡുകള്‍, പാക്കേജിംഗ്, അഗ്രിബിസിനസ്, വിവരസാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. 2030 ഓടെ വരുമാനം 40,000 കോടി രൂപയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയാക്കി ഉയര്‍ത്താനാണ് ഐടിസി ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി ഐടിസി മാറും.
നേട്ട സാധ്യതകള്‍
നിലവില്‍ അറ്റ വരുമാനത്തിന്റെ 46 ശതമാനം സിഗരറ്റ് ബിസിനസില്‍ നിന്നും 22 ശതമാനം പാക്കേജ്ഡ് ഭക്ഷ്യോല്‍പ്പന്ന വിപണിയില്‍ നിന്നുമാണ്. കൂടുതല്‍ മേഖലകളിലേക്ക് സേവനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. പാക്കേജ്ഡ് ഭക്ഷ്യ വിപണിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. പേപ്പര്‍ ബോര്‍ഡുകളുടെയും ഹോട്ടല്‍ ബിസിനസിന്റേയും കപ്പാസിറ്റി ഉയര്‍ത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങളും നടക്കുന്നുണ്ട്. 24 പുതിയ ഹോട്ടലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ മൊത്തം ഹോട്ടലുകളുടെ എണ്ണം 130 ആയും റൂമുകള്‍ 12000 ആയും ഉയരും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഗവണ്‍മെന്റ് കൂടുതല്‍ വില വര്‍ധന നടപ്പാക്കുന്നത് കൃഷിക്കാരുടെ ചെലവഴിക്കല്‍ ശേഷി ഉയര്‍ത്തുകയും അതുവഴി എഫ്എംസിജി വില്‍പ്പന കൂടുകയും ചെയ്യും.
കമ്പനിയുടെ ലാഭമാര്‍ജിന്‍ 27.60 ശതമാനമാണ്. കടം തീരെ കുറവുള്ള കമ്പനിയുടെ കാഷ് റിസര്‍വ് 50,200 കോടിയാണ്.
GAIL (CMP: 358, Target: 380)
മഹാരത്‌ന പദവിയുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക വിതരണ കമ്പനിയാണ് ഗെയ്ല്‍. ഊര്‍ജവിപണിയില്‍ മേല്‍ക്കോയ്മയുള്ള ഗെയ്‌ലിന് എല്‍എന്‍ജി റീ-ഗ്യാസിഫിക്കേഷന്‍, സിറ്റി വാതക വിതരണം, പര്യവേഷണം, നിര്‍മാണം എന്നിവയിലൊക്കെ സാന്നിധ്യമുണ്ട്. പ്രകൃതി വാതക വിതരണത്തില്‍ 75 ശതമാനവും പെട്രോകെമിക്കല്‍ സെക്ടറില്‍ 20 ശതമാനവും സാന്നിധ്യം കമ്പനിക്കുണ്ട്. ഈജിപ്റ്റിലെ രണ്ടു റീറ്റെയ്ല്‍ ഗ്യാസ് കമ്പനികളിലും ചൈനയിലെ ഒരു റീറ്റെയ്ല്‍ ഗ്യാസ് കമ്പനിയിലും ഗെയ്‌ലിന് ഓഹരി പങ്കാളിത്തമുണ്ട്.
നേട്ട സാധ്യതകള്‍
പ്രകൃതി വാതകങ്ങളെയും വ്യോമയാന ഇന്ധനങ്ങളെയും ജിഎസ്ടിയില്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പദ്ധതി ഈ മേഖലയ്ക്കും വാതക ഉല്‍പ്പാദകര്‍ക്കും പോസിറ്റീവായ കാര്യമാണ്. വ്യോമയാന ഇന്ധനങ്ങളെ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നത് കമ്പനികളുടെ ലാഭക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. നിലവില്‍ 40 ശതമാനമാണ് നിരക്ക്. ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 28 ശതമാനമാണ്. ഗെയ്‌ലിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് നല്‍കുന്ന നികുതിക്ക് ഇന്‍പുട്ട് ക്രെഡിറ്റും ലഭിക്കും. ഉയര്‍ന്ന ഊര്‍ജ വില മാര്‍ക്കറ്റിംഗ് മാര്‍ജിനുകളെയും മെച്ചപ്പെടുത്തും. കാരണം കമ്പനിക്ക് യുഎസ്, റഷ്യ എന്നിവടങ്ങളുമായി ദീര്‍ഘകാല കോണ്‍ട്രാക്ടുകളുണ്ട്.
ക്രൂഡ് വില 10 ഡോളര്‍ വരെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഉയര്‍ന്നിരുന്നു. ഓയ്ല്‍ വിലയിലുണ്ടാകുന്ന ഓരോ അഞ്ച് ഡോളര്‍ വര്‍ധനയും കമ്പനിയുടെ വരുമാനത്തില്‍ രണ്ടു ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
LUPIN (CMP: 902, Target: 10800)
നൂതനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ലുപിന്‍. വൈവിധ്യമാര്‍ന്ന, ഗുണമേന്മയുള്ള ബ്രാന്‍ഡഡ് മരുന്ന് ചേരുവകളാണ് കമ്പനി നിര്‍മിക്കുന്നത്. ആഗോള വരുമാനത്തില്‍ മൂന്നാമത്തെ ഏറ്റവും വലിയ ഇന്ത്യന്‍ കമ്പനിയും യുഎസിലെ നാലാമത്തെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമാണ് ലുപിന്‍.
കാര്‍ഡിയോവാസ്‌കുലാര്‍, ഡയബറ്റോളജി, ആസ്ത്മ ഡ്രഗ്‌സ് എന്നിവയ്ക്കുള്ള മരുന്നുകളില്‍ കാര്യമായ സാന്നിധ്യമുള്ള കമ്പനിക്ക് ടിബി പ്രതിരോധ മരുന്നുകളില്‍ മേല്‍ക്കോയ്മയുമുണ്ട്.
നേട്ട സാധ്യതകള്‍
മിലാനുമായി ചേര്‍ന്ന് എന്‍ബ്രെല്‍ ബയോസിമിലറിനെ വാണിജ്യവല്‍ക്കരിക്കുന്നത് കമ്പനിയെ സംബന്ധിച്ച് വളരെ പോസിറ്റീവായ കാര്യമാണ്. കരാര്‍പ്രകാരം കമ്പനിക്ക് 102 കോടി രൂപയുടെ മുന്‍കൂര്‍ പേമെന്റും, പ്രതീക്ഷിക്കുന്ന പേമെന്റിന്റെ നിശ്ചിത ശതമാനവും ഉല്‍പ്പന്നത്തിന്റെ അറ്റാദായത്തില്‍ തുല്യ വിഹിതവും ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍സ് വിപണി യുഎസാണ്. ഈ സാധ്യതകള്‍ മുതലെടുക്കാനായി ഈ വര്‍ഷം തന്നെ 30 ജെനറിക് മരുന്നുകള്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ കമ്പനി ഒരു ബയോസിമിലര്‍ പോര്‍ട്ട്‌ഫോളിയോ വികസിപ്പിച്ചിരുന്നു. ജപ്പാന്‍ വിപണിയിലേക്കും കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
കമ്പനിയുടെ ലാഭമാര്‍ജിന്‍ 24.87 ശതമാനമാണ്. 14680 കോടി രൂപയാണ് കാഷ് റിസര്‍വ്.