ഈ 5 ശീലങ്ങള്‍ മാറ്റൂ, അല്ലെങ്കില്‍ ഓഹരിവിപണിയില്‍ മുന്നേറാനാകില്ല
ഓഹരിവിപണിയിലേക്ക് ധാരാളം പേരെത്തുന്ന ദിവസങ്ങളാണിപ്പോള്‍. വരുമാനം കിട്ടിത്തുടങ്ങുമ്പോള്‍ തന്നെ ഓഹരിവിപണിയെക്കുറിച്ച് പഠിക്കാനും നിക്ഷേപിക്കാനുമെല്ലാം നിരവധിപേര്‍ മുന്നോട്ട് വരുന്നു. എന്നാല്‍ നിക്ഷേപ കാര്യങ്ങലില്‍ ശരിയായ തീരുമാനം സ്വീകരിക്കുന്നതിനായി, നിക്ഷേപകര്‍ തങ്ങളുടെ ശീലങ്ങളിലെ മുന്‍വിധികളെ മാറ്റിനിര്‍ത്തണം. നിക്ഷേപകര്‍ ഒഴിവാക്കേണ്ട 5 മുന്‍വിധികളെക്കുറിച്ചും തെറ്റായ ശീലത്തെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്
അമിത പ്രതീക്ഷ/ ആത്മവിശ്വാസം
നിക്ഷേപകര്‍ക്കിടയില്‍ പൊതുവേ കാണപ്പെടുന്ന ശീലക്കേടുകളിലൊന്നാണ് അമിത ആത്മവിശ്വാസം അല്ലെങ്കില്‍ അമിത പ്രതീക്ഷയാണ്. ധാരണയിലും അനുമാനത്തിലുമുള്ള അമിത വിശ്വാസവും കൈവശമുള്ള അറിവിന്റേയും വസ്തുതകളെയും കുറിച്ചുള്ള അമിത വിശ്വാസവുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ അമിത ആത്മവിശ്വാസം കൂടി ഒരു ഓഹരിലോ, ഒരു മേഖലയിലോ മാത്രം ഇവര്‍ ശ്രദ്ധകേന്ദ്രീകരിച്ചേക്കാം.
റിസ്‌കുകളിലേക്ക് കണ്ണും മൂടി ചാടിപ്പുറപ്പെടുന്നതും ഇത്തരത്തിലായിരിക്കാം. എന്നാല്‍ സാങ്കേതികമായി വിപണിയെ പഠിക്കാതെ, വിദഗ്ധ നിര്‍ദേശം പിന്തുടരാതെ വിപണിയില്‍ തീരുമാനമെടുക്കരുത്.
മുന്‍വിധി വച്ചുപുലര്‍ത്തല്‍
കഴിഞ്ഞ വര്‍ഷങ്ങളിലെ ഫലങ്ങളോ മറ്റുള്ളവര്‍ ഓഹരിയില്‍ നിന്നും നേടിയ നേട്ടമോ ഒക്കെ കണ്ടിട്ടാകണം മിക്ക നിക്ഷേപകരും അവരുടെ ഓഹരികള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലെ നല്ല പ്രകടനം നാളെകളിലും ആവര്‍ത്തിക്കും എന്നതിനുള്ള സൂചനയായി എടുക്കരുത്. എന്നാല്‍ ഓഹരികളുടെ മുന്‍കാല പ്രകടനങ്ങള്‍ പഠിച്ച് എത്ര കാലാവധികള്‍ ഓരോ ഓഹരിക്കും നിശ്ചയിക്കണം എന്നത് പല വിദഗ്ധരും പിന്തുടരുന്ന ശീലമാണ്.
വാറന്‍ ബഫറ്റിനെപ്പോലെയുള്ള വമ്പന്മാര്‍ പറയുന്നത് നിങ്ങള്‍ ഓഹരിയില്‍ അല്ല കമ്പനിയിലാകണം നിക്ഷേപം നടത്തേണ്ടത്. നിക്ഷേപിക്കുമ്പോഴും അതേ തത്വശാസ്ത്രം പിന്തുടരുക എന്നുള്ളതാണ്. അതേസമയം, ഓഹരിയില്‍ ഇപ്പോള്‍ പ്രകടമാകുന്ന ട്രെന്‍ഡും അതിന്റെ ചാര്‍ട്ടുകള്‍ പരിശോധിച്ചും തീരുമാനമെടുക്കുക. മുന്‍കാല പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കി തീരുമാനം കൈക്കൊള്ളുന്നത് ശരിയല്ല.
അനാവശ്യ കാത്തിരിപ്പ്
മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ഒരു ഓഹരിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് നിക്ഷേപകരുടെ സ്വഭാവത്തിലെ ഏറ്റവും അപകടകരമായ പ്രവണതയാണ്. വിചാരിച്ചതിലും ഏറെ നാള്‍, ആ ഓഹരിയിലെ നിക്ഷേപം കൈവശം വെയ്‌ക്കേണ്ടിയും വന്നിട്ടുണ്ടാകാം. ഒടുവില്‍ പോര്‍ട്ട്‌ഫോളിയോയുടെ മൂല്യത്തിലും ഏറെ നഷ്ടം സഹിച്ചുണ്ടാകും. അതായത്, നിക്ഷേപത്തില്‍ യഥാസമയം പുനരവലോകനം ചെയ്തു തീരുമാനം എടുത്തില്ലെന്നെങ്കില്‍ ഏറെ ഒഴിവാക്കാമായിരുന്നു എന്ന് സാരം. ഒന്നുകില്‍ ആദ്യ തീരുമാനം സംബന്ധിച്ച അമിത ആത്മവിശ്വാസമോ കൈവശമുള്ള അസറ്റിനോടുള്ള പ്രത്യേക മമതയോ ഒക്കെ ഇത്തരം പാളിച്ചകളിലേക്ക് വഴിതെളിക്കാം.
അതേസമയം, നിക്ഷേപ അവസരങ്ങളെ സത്യസന്ധമായി വിലയിരുത്താനും ഒഴിവാക്കേണ്ട സമയം കൃത്യമായി കണ്ടുപിടിക്കാനും സാധിച്ചാല്‍ പ്രതീക്ഷയുടെ പുറത്തുള്ള കാത്തിരിപ്പിലൂടെ സംഭവിക്കാവുന്ന തെറ്റുകള്‍ കുറയ്ക്കാനാകും.
കോപ്പിയടിക്കല്‍
ലാഭമുണ്ടാക്കുന്ന നിക്ഷേപകരെ അപ്പാടെ കോപ്പിയടിച്ച് അറിയാത്ത മേഖലയില്‍ കൈവെക്കുന്നതാണ് മറ്റൊരു തെറ്റായ തീരുമാനം. ഇതിനായി ഈ ഓഹരികളെക്കുറിച്ച് മാത്രം പഠനം നടത്തുകയും മറ്റുള്ളവ അവഗണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു പ്രത്യേക വ്യവസായ മേഖലയാണ് ഭാവിയില്‍ ശോഭിക്കാന്‍ പോകുന്നതെന്ന ആരുടെയെങ്കിലും കാഴ്ചപ്പാട് ആധികാരികമായി ഉള്‍ക്കൊണ്ടാല്‍, അതുമായ ബന്ധപ്പെട്ടുള്ള റിസ്‌കുകളെ അവഗണിക്കാനുള്ള സാധ്യതയുമുണ്ട്.
സമീപകാല വാര്‍ത്തകളെ പിന്തുടരല്‍
നിക്ഷേപകരുടെ പെരുമാറ്റത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതാണ് സമീപകാലത്തെ വാര്‍ത്തകളില്‍ കുടുങ്ങി നിക്ഷേപം ഒരു അടഞ്ഞ ബോക്‌സിനുള്ളില്‍ കയരിയിരുന്ന് ചെയ്യുന്ന അവസ്ഥയാണ്. ആഴത്തില്‍ പഠിക്കാന്‍ മടുപ്പുള്ളതിനാല്‍ തന്നെ, വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും സുഹൃദ് സംഭാഷണങ്ങളില്‍ നിന്നുമൊക്കെ ലഭിക്കുന്ന ചുരുങ്ങിയ ഇന്‍ഫര്‍മോഷനുകളില്‍ നിന്നും നിക്ഷേപ തീരുമാനം കൈക്കൊള്ളാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ സമീപകാലത്തെ ചില കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ട് നിക്ഷേപം അത്തരത്തിലേക്ക് വഴിതിരിച്ചുവിടും. അതേസമയം വിജയത്തിലേക്ക് കുറുക്കുവഴിയില്ലെന്ന തിരിച്ചറിവാണ് ഇത്തരം തെറ്റുകളില്‍ നിന്നും രക്ഷപെടാനുള്ള ആദ്യ ചുവട്. ചുരുക്കിപ്പറഞ്ഞാല്‍ സമീപകാല വാര്‍ത്തകളെ വിശ്വസിച്ച് മറ്റുള്ളവരുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ കോപ്പി അടിച്ച് നിക്ഷേപം നടത്താതിരിക്കുന്നതാണ് ബുദ്ധി.