ഈ ദീപാവലിയിൽ നിക്ഷേപിക്കാൻ പൊറിഞ്ചു വെളിയത്ത് നിർദേശിക്കുന്ന 5 ഓഹരികൾ

ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സംവത് 2077 വളരെ മികച്ചൊരു വര്‍ഷമായിരുന്നു. കഴിഞ്ഞ ദീപാവലിക്കുശേഷം നിഫ്റ്റി 49 ശതമാനത്തിലേറെ ഉയര്‍ന്നു. ഒട്ടനവധി ഓഹരികള്‍ രണ്ട് മടങ്ങും മൂന്നും മടങ്ങും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ധനം ദീപാവലി പോര്‍ട്ട്‌ഫോളിയോ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഓഹരി നിര്‍ദേശവിലയില്‍ നിന്ന് ശരാശരി 2.4 മടങ്ങ് വര്‍ധനയാണുണ്ടായത്. അതിന്റെ വിശദാംശങ്ങള്‍ ഇതോടൊപ്പമുള്ള ബോക്‌സിലുണ്ട്. കൂടുതൽ നേട്ടത്തിനായി വായനക്കാര്‍ക്ക് ഈ ഓഹരികള്‍ തുടര്‍ന്നും ഹോള്‍ഡ് ചെയ്യാം.

സംവത് 2078ലേക്ക് പ്രവേശിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണിയിലും ആവേശവും സന്തോഷവും അലയടിക്കുന്നുണ്ട്. മുന്‍പ് സംശയാലുക്കളായവരും അവസരം നഷ്ടപ്പെടുത്തിയവരും ഇപ്പോള്‍ ഓഹരികള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നു. അനിയന്ത്രിതമായ വില ഉയര്‍ത്തലും ഓപ്പറേറ്റര്‍ ഇടപെടലുകളും നിരവധി ഓഹരികളില്‍, പ്രത്യേകിച്ച് സമീപകാലത്തെ പല ഐപിഒകളിലും നടക്കുന്നുണ്ട്. മാര്‍ക്കറ്റിലേക്ക് പുതുതായി എത്തുന്ന ഓഹരികളെ ഓപ്പറേറ്റര്‍മാര്‍ ലക്ഷ്യമിടുകയും അവയുടെ വിലകള്‍ നീതീകരിക്കാനാവാത്ത തലത്തിലേക്ക് ഉയര്‍ത്തികൊണ്ടുപോവുകയും അതിനു ശേഷം അവ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് കൈകളിലേക്ക് വിറ്റൊഴിയുകയും ചെയ്യും. ഭൂഗുരുത്വാകര്‍ഷത്തെ ധിക്കരിച്ച് കുതിച്ചുയര്‍ന്ന ഇത്തരത്തിലുള്ള പല ഓഹരികളും അത് അര്‍ഹിക്കുന്ന തലത്തിലേക്ക് തിരിച്ചെത്തും എന്ന് ഓർമിക്കുക.
ഇത് അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. വാല്വേഷന് അധികപ്രാധാന്യം നല്‍കണം. ഇക്വിറ്റി ഒരു ഡൈനാമിക് അസറ്റ് ക്ലാസാണ്. ഒരിക്കലും ഒരു സ്റ്റോക്കില്‍ അമിതമായി കേന്ദ്രീകരിച്ചു നിക്ഷേപം നടത്തരുത്. എപ്പോഴും ഒരു പോര്‍ട്ട്‌ഫോളിയോ സമീപനമാണ് നല്ലത്.
ഈ ദീപാവലിക്ക് ഇപ്പോഴും ആകർഷകമായ വിലകളിലുള്ള അത്തരമൊരു പി എസ് യു പോര്‍ട്ട്‌ഫോളിയോയാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. പി എസ് യു സ്റ്റോക്കുകളുടെ റീറേറ്റിംഗ് ഇപ്പോഴും അതിന്റെ പ്രാഥമികഘട്ടത്തിലാണെന്നാണ് എന്റെ നിഗമനം. വായനക്കാര്‍ക്ക് ഈ നിക്ഷേപ നിര്‍ദേശങ്ങള്‍ പരിഗണിക്കാം. ഓര്‍ക്കുക, ഇവയില്‍ എനിക്ക് നിക്ഷേപതാല്‍പ്പര്യങ്ങളുണ്ടായേക്കും.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് @ 349
മലയാളികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. നമ്മുടെ അഭിമാനമായ ഈ കമ്പനി രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, മെയ്ന്റന്‍സ് കമ്പനികളില്‍ ഒന്നാണ്. ഇപ്പോള്‍ ഇന്ത്യന്‍ നേവിക്കു വേണ്ടി ആദ്യത്തെ തദ്ദേശീയവിമാനവാഹിനി, ഐഎന്‍എസ് വിക്രാന്ത്, നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഉയര്‍ന്നുവരുന്ന ഒരു ജിയോപൊളിറ്റിക്കല്‍ ശക്തിയായി മാറുന്നതിന്റെ സാഹചര്യത്തില്‍ നേവിയുടെ തദ്ദേശവല്‍ക്കരണപ്രക്രിയയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് തന്ത്രപരമായ പങ്കുണ്ട്. ഏതാണ്ട് 4600 കോടി രൂപ വിപണി മൂല്യത്തില്‍ ഈ കമ്പനി ഏറെ ആകര്‍ഷകമായ തലത്തിലാണ്. നിക്ഷേപകര്‍ക്ക ഈ കമ്പനിയുടെ വിലയിൽ സഹജമൂല്യത്തിൽ നിന്നുമുള്ള വൻ കിഴിവ് മുതലെടുക്കാവുന്നതാണ്.
ബിഇഎംഎല്‍ @ 1525
ബംഗ്ലളുരു ആസ്ഥാനമായുള്ള ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് എര്‍ത്ത് മൂവിംഗ്, ട്രാന്‍സ്‌പോര്‍ട്ട് & മൈനിംഗ്, മെട്രോ ട്രെയ്‌നുകള്‍ക്കുവേണ്ട കോച്ചുകള്‍തുടങ്ങി വ്യത്യസ്തമായ ഹെവി എക്വിപ്‌മെന്റുകളുടെ നിര്‍മാതാക്കളാണ്. ബെമ്്‌ലിന് ബാംഗ്ലൂര്‍, മൈസൂര്‍, കോലാര്‍, പാലക്കാട് എന്നിവിടങ്ങളില്‍ കണ്ണായ സ്ഥലങ്ങളില്‍ വലിയ ഭൂസ്വത്തുണ്ട്. അതിന്റെ മൂല്യം മാത്രം ആയിരക്കണക്കിന് കോടികൾ വരും. കമ്പനിയുടെ 26 ശതമാനം ഓഹരി വില്‍പ്പനയുടെ കാര്യങ്ങള്‍ ഏതാണ്ട് അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പ് പോലുള്ള പ്രമുഖർ ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 6350 കോടി രൂപ വിപണി മൂല്യമുള്ള ബെമ്്‌ലിന്റെ ഓഹരി ഇപ്പോള്‍ വാങ്ങുന്ന നിക്ഷേപകന് കമ്പനിയുടെ അധിക ഭൂസ്വത്ത് പകുത്തു മാറ്റാനായി രൂപീകരിച്ചിരിക്കുന്ന കമ്പനിയായ ബെമ്്ല്‍ ലാന്‍ഡ് അസറ്റ് കമ്പനിയുടെ (BEML Land Assets - BLAL) കൂടി ഓഹരി ലഭിക്കും. ബെമ്്‌ലിന്റെയും ബിഎല്‍എഎല്ലിന്റെയും മൊത്തം മൂല്യമെടുത്താല്‍ അതിന്റെ ഒരു ഓഹരിക്ക് ഏറ്റവും കുറഞ്ഞത് 5000 രൂപയെങ്കിലും വിലയുണ്ടാകും.
എം എസ് ടി സി @ 411
എം എസ് ടി സി ലിമിറ്റഡ് (മുന്‍പത്തെ, മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) സര്‍ക്കാരിന്റെ ആസ്തികളായ ഖനനാനുമതി, സ്‌പെക്ട്രം, ഭൂമിയുടെ ഓഹരി വില്‍പ്പന എന്നിവയുടെ ഇ - ലേലം നടപടികളുടെ കുത്തക അവകാശമുള്ള ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം കമ്പനിയാണ്.
എംഎസ്ടിസി മഹീന്ദ്ര ഗ്രൂപ്പുമായി ചേര്‍ന്ന് പഴയവാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള സംയുക്ത കമ്പനിയായ സെറോ രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌ക്രാപ്പേജ് പോളിസിയുടെ അടിസ്ഥാനത്തില്‍ വാഹനം പൊളിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ സംഘടിത കമ്പനി കൂടിയാണിത്. നെറ്റ് കാഷ് കമ്പനിയായ എംഎസ്ടിസിക്കു ഏകദേശം 1000 കോടി രൂപയുടെ കാഷും നിക്ഷേപവുമുണ്ട്. ആ കമ്പനി ഇപ്പോള്‍ 2850 കോടി രൂപ വിപണിമൂല്യത്തിനാണ് ലഭ്യമായിട്ടുള്ളത്. ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോം രംഗത്തെ ഈ കമ്പനിയുടെ കുത്തക കണക്കിലെടുക്കുമ്പോൾ ഐആര്‍സിടിസിയെ പോലെ ഇതിൻറെ ഓഹരിയും റീറേറ്റ് ചെയ്യപ്പെടാനും ഈ തലത്തില്‍ നിന്ന് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിക്കാനും സാധ്യതയുമുണ്ട്.
ഐഡിബിഐ @ 52
ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പ്പന, വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള സൂചന അനുസരിച്ച്, ഏതാണ്ട് സമാഗതമായിട്ടുണ്ട്. നിലവില്‍ ബാങ്കില്‍ എല്‍ഐസിക്ക് 49.24 ശതമാനവും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് 45.48 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ബാങ്കിന്റെ ഓഹരി എല്‍ ഐ സി സ്വന്തമാക്കിയ വിലയേക്കാള്‍ താഴെയാണ് ഇപ്പോള്‍ ട്രേഡ് ചെയ്യപ്പെടുന്നത്. എല്‍ ഐ സി ഏകദേശം ഒരു ഓഹരിക്ക് 55 രൂപ നിരക്കിലാണ് നിക്ഷേപം നടത്തിയത്. ന്യായമായി ചിന്തിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടക്കുന്ന എല്‍ ഐ സി ഓഹരി വില്‍പ്പനയ്ക്കു മുമ്പേ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ഐഡിബിഐയുടെ വില്‍പ്പന നടത്തണം. ഐഡിബിഐ അവയുടെ കിട്ടാക്കടങ്ങള്‍ എല്ലാം കണക്കിൽ എഴുതിതള്ളി തീർന്നിട്ടുണ്ട്. ഇപ്പോള്‍ ബാങ്ക് പ്രവര്‍ത്തന ലാഭത്തിലാണ്. എഴുതിതള്ളിയ കടങ്ങള്‍ ഭാവിയില്‍ കാര്യമായ തോതില്‍ തിരിച്ചു കിട്ടാനും അതുവഴി വൻലാഭം ഉണ്ടാകാനും സാധ്യതയുണ്ട്. 50 രൂപയ്ക്കടുത്ത് വിലയില്‍ വാങ്ങാന്‍ പറ്റിയ നല്ലൊരു ഓഹരി തന്നെയാണിത്. ബാങ്ക് ഏറ്റെടുക്കുന്ന ഗ്രൂപ്പിന്റെ പ്രൊഫൈല്‍ അനുസരിച്ച് നിക്ഷേപകര്‍ക്ക് വലിയ നേട്ടം കൊയ്യാനായേക്കും.
ജിഎസ്എഫ്‌സി @ 122
ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് & കെമിക്കല്‍സ് ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള കാപ്രോലാക്ടം, മെലാമൈന്‍ നിര്‍മാതാക്കളാണ്. ഫാക്ടില്‍ കാപ്രോലാക്ടം നിര്‍മാണം പുനഃരാരംഭിക്കുന്നതിന് മുമ്പ് രാജ്യത്തു കാപ്രോലാക്ടം നിര്‍മിച്ചിരുന്നത് ജിഎസ്എഫ്‌സി മാത്രമായിരുന്നു. രാജ്യത്തെ കാപ്രോലാക്ടം ആവശ്യകതയുടെ 60 ശതമാനവും മെലാമൈന്‍ സപ്ലെയുടെ 30 ശതമാനവും ഉല്പാദിപ്പിക്കുന്നതു കമ്പനിയാണ്. ഇവയുടെ വിലകള്‍ അടുത്തിടെ ആകാശം മുട്ടെ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ MEK oxime, നൈലോണ്‍ 6 പോലെ നിരവധി മൂല്യവര്‍ധിത കെമിക്കല്‍സും കമ്പനി നിര്‍മിക്കുന്ന. രാസവള ഡിവിഷനും നന്നായി പ്രവർത്തിക്കുന്നുണ്ട്. ഏറെ മൂല്യമുള്ള ബിസിനസാണ് ജി എസ് എഫ് സി യുടെ, കഴിഞ്ഞ 12 മാസത്തിനിടെ 550 കോടി രൂപ അറ്റലാഭമാണ് അവർ ഉണ്ടാക്കിയിരിക്കുന്നത്. കമ്പനിക്ക് ഗുജറാത്ത് ഗ്യാസിൽ 2600 കോടി രൂപയുടെയും ജിഎന്‍എഫ്‌സിയിൽ 920 കോടി രൂപയുടെയും ഓഹരിനിക്ഷേപങ്ങളും കൈവശമുള്ള പണവും കൂടി കണക്കിലെടുക്കുമ്പോള്‍ വെറും 1300 കോടി രൂപ എന്റര്‍പ്രൈസ് വാല്യുവില്‍ ഈ കമ്പനി ലഭ്യമാണ്.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it