ഒരു ലക്ഷം നിക്ഷേപിച്ചവര്‍ക്ക് ഒരു കോടി നേടിക്കൊടുത്ത 5 സ്‌റ്റോക്കുകള്‍

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി, കോവിഡിന്റെ വരവോടെ ഓഹരി വിപണി നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടു. എന്നാല്‍ ബിസിനസുകളിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, പല ഹെല്‍ത്ത്കെയര്‍, ഫാര്‍മ കമ്പനികളും അവരുടെ ഏറ്റവും നല്ല ഓഹരിവിലനേടി. ഓഹരികളില്‍ നിക്ഷേപമിറക്കിയവരും വന്‍ നേട്ടം കൈവരിച്ചു.

ഇന്ത്യന്‍ ഓഹരി വിപണി ഈ മാസങ്ങളില്‍ പലപ്പോഴായി റെക്കോര്‍ഡ് ഉയരമായ 60,000 തൊട്ടു. നിഫ്റ്റി 18,000 കടന്നു. നിരവധി സ്റ്റോക്കുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിന് സാക്ഷ്യം വഹിക്കുകയും ചിലത് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് തകരുകയും ചെയ്തു. ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഇക്വിറ്റിമാസ്റ്റര്‍ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ ഒരു ദശകത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപം നിലനിര്‍ത്തിയ ചില ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് ഒരു കോടിയിലധികം നേട്ടമാണ്. അവയുടെ പട്ടിക കാണാം.
1. ബജാജ് ഫിനാന്‍സ്
സ്വകാര്യ വായ്പാ ഇടപാടുകാരായ ബജാജ് ഫിനാന്‍സ് ആണ് കഴിഞ്ഞ ഒരു ദശകത്തില്‍ ഒരു ലക്ഷം നിക്ഷേപിച്ചവരെ കോടിപതിയാക്കിയ ഒരു ഓഹരി. ബജാജ് ഫിനാന്‍സ് ഓഹരി 2010 ഏപ്രിലില്‍ 33.67 രൂപയായിരുന്നു, ഇപ്പോള്‍ അത് ഡിസംബര്‍ 15 വരെ 6,875.10 രൂപയിലെത്തി. ഇക്കാലയളവില്‍ 20,000 ശതമാനത്തിലധികം വളര്‍ച്ചയാണ് കൈവരിച്ചത്.
2. അവന്തി ഫീഡ്‌സ്
2010 ഏപ്രിലില്‍ അവന്തി ഫീഡ്സിന്റെ ഓഹരി വില 1.73 രൂപയായിരുന്നു, ഇപ്പോള്‍ സ്റ്റോക്ക് 543.60 രൂപയിലാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ കമ്പനി 34,000 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കി.
3. പിഐ ഇന്‍ഡസ്ട്രീസ്
അഗ്രോകെമിക്കല്‍സ് വിഭാഗത്തിലെ മുന്‍നിര മാര്‍ക്കറ്റ് പ്ലേയറാണ് ഇവര്‍. കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ 10,000 ശതമാനത്തിലധികം വരുമാനം നല്‍കി. 2010 ഏപ്രിലില്‍ കമ്പനിയുടെ ഓഹരി 31 രൂപയായിരുന്നെങ്കില്‍ 2021 ഡിസംബര്‍ 15 വരെ ഓഹരികള്‍ 3,060 രൂപയില്‍ എത്തി.
4. ആസ്ട്രല്‍ പോളി ടെക്‌നിക്
2010 ഏപ്രിലില്‍ കമ്പനിയുടെ ഓഹരികള്‍ 11.97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ഈ സ്റ്റോക്ക് ഉയര്‍ന്നു, ഡിസംബര്‍ 15 വരെ 2,261.20 രൂപയിലാണ് ഓഹരി എത്തി നില്‍ക്കുന്നത്. ഇക്കാലയളവില്‍ ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവില്‍ 16,000 ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
5. അതുല്‍ ലിമിറ്റഡ്
ഗുജറാത്ത് ആസ്ഥാനമായുള്ള ഈ കെമിക്കല്‍ കമ്പനി ഓഹരി കഴിഞ്ഞ 11 വര്‍ഷത്തിനിടെ 10,000 ശതമാനത്തിലധികം ഉയര്‍ന്നു. 2010 ഏപ്രിലില്‍ 88.85 രൂപയിലും ഡിസംബര്‍ 15 വരെ 8659 രൂപയിാണ് വ്യാപാരം നടന്നത്.
(ഓഹരി നിര്‍ദേശമല്ല, നേട്ടം കൈവരിച്ച ഓഹരികളുടെ റിപ്പോര്‍ട്ട് മാത്രമാണ്...)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it