

ആഗോള രംഗത്തെ ഐടി ഓഹരികളിലെ വില്പന സമ്മര്‍ദം ഇന്ത്യയിലേക്കും പടര്‍ന്നപ്പോള്‍ നിക്ഷേപകര്‍ക്ക് ഇന്നത്തെ മാത്രം നഷ്ടം 6.5 ലക്ഷം കോടി രൂപയ്ക്കടുത്ത്. എഐ പേടിയില്‍ നിക്ഷേപകര്‍ ഐടി ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ്. ആന്ത്രോപിക് തുറന്നുവിട്ട ഭൂതം ഐടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ഭയത്തിലാണ് നിക്ഷേപകര്‍.
സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 1,048.16 (1.25%) പോയിന്റാണ്. 82,626.76 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 25,471.10 പോയിന്റിലേക്ക് വീണു. ഇന്നത്തെ മാത്രം താഴ്ച്ച 336.10 പോയിന്റ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 472 ലക്ഷം കോടി രൂപയില്‍ നിന്ന് 46.5 ലക്ഷം കോടി രൂപയായി താഴ്ന്നു. ഐടി സെക്ടറില്‍ ഇന്നത്തെ വീഴ്ച ഏകദേശം 10 ശതമാനത്തോട് അടുത്താണ്.
യുഎസില്‍ ഡൗ ജോണ്‍സ് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന്റെ പ്രതിഫലനം മറ്റ് ആഗോള വിപണികളിലേക്കും പടര്‍ന്നു. കൂട്ടത്തില്‍ ഇന്ത്യയിലേക്കും. മൂന്നാംപാദ ഫലങ്ങള്‍ കൂടുതലായി പുറത്തുവരുന്നുണ്ട്. പ്രതീക്ഷിച്ച തോതില്‍ ലാഭ മാര്‍ജിനുകള്‍ ഉയരാത്തതും വിപണിക്കും ദോഷം ചെയ്തു.
ഇന്ന് യുഎസിലെ ചില്ലറ വിലക്കയറ്റ കണക്ക് വരുന്നുണ്ട്. 2.5 ശതമാനം വാര്‍ഷിക വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകരെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണിത്. കണക്കുകളില്‍ വലിയ ആശങ്ക ഉണ്ടാകില്ലെന്ന സൂചനകള്‍ വിപണിക്ക് ദോഷകരമായി ബാധിക്കും.
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ തീരുമാനയതിനു ശേഷം വിപണി വലിയ തോതില്‍ കുതിച്ചിരുന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതും വിപണി ഇടിവിന് പ്രധാന കാരണമായി.
മൂന്നാംപാദ ഫലങ്ങള്‍ ഇന്നലെയാണ് മുത്തൂറ്റ് പുറത്തുവിട്ടത്. ഇന്ന് മുത്തൂറ്റ് ഓഹരികള്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 11.80 ശതമാനത്തിന്റെ വീഴ്ച. 479 രൂപയോളം താഴ്ന്ന് ഓഹരിവില 3,587 രൂപയായി ഓഹരിവില താഴ്ന്നു. ഡിസംബര്‍ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും നേട്ടം സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine