ഈയാഴ്ച വിരുന്നെത്തും മൂന്ന് കുഞ്ഞന്‍ ഐ.പി.ഒകള്‍; ഒപ്പം പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ലിസ്റ്റിംഗും

ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ (SME) ഓഹരികളില്‍ കനത്ത ആഘാതം സൃഷ്ടിച്ചൊരു ആഴ്ചയാണ് കടന്നുപോയത്. എസ്.എം.ഇ ശ്രേണിയില്‍ തിരിമറികള്‍ നടക്കുന്നുണ്ടെന്ന സെബി (SEBI) മേധാവി മാധബി പുരി ബുചിന്റെ പ്രസ്താവനയാണ് ഈ ശ്രേണിയെ ഇളക്കിമറിച്ചത്.
ഒട്ടുമിക്ക എസ്.എം.ഇ ഓഹരികളും കഴിഞ്ഞയാഴ്ച കനത്ത വില്‍പന സമ്മര്‍ദ്ദത്തിലും മുങ്ങി. സാഹചര്യം ഇതാണെങ്കിലും, മികച്ച നേട്ടങ്ങളുടെ പ്രതീക്ഷകളുമായി ഈ വാരം പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) അരങ്ങേറുന്നത് രണ്ട് കമ്പനികളാണ്. ഒരു കമ്പനിയുടെ ഫോളോ-ഓണ്‍ ഓഹരി വില്‍പനയും (FPO) നടക്കും.
ചാഥാ ഫുഡ്സ്
എസ്.എം.ഇ വിഭാഗത്തില്‍ ചാഥാ ഫുഡ്സിന്റെ (Chatha Foods) ഐ.പി.ഒയ്ക്ക് ചൊവ്വാഴ്ച (March 19) തുടക്കമാകും. ഓഹരിക്ക് 53-56 രൂപയാണ് പ്രൈസ് ബാന്‍ഡ്. മാര്‍ച്ച് 21 വരെ നീളുന്ന ഐ.പി.ഒയിലൂടെ 34 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ഉന്നം.
വിശ്വാസ് അഗ്രി സീഡ്സ്
മാര്‍ച്ച് 21 മുതല്‍ 26 വരെയാണ് വിശ്വാസ് അഗ്രി സീഡ്സിന്റെ ഐ.പി.ഒ. ഓഹരിക്ക് 86 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. 25.6 കോടി രൂപ സമാഹരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കര്‍ഷകര്‍ക്ക് വിത്തുകള്‍ ലഭ്യമാക്കുന്ന കമ്പനിയാണിത്.
ഓംഫണ്‍ ഇന്ത്യ എഫ്.പി.ഒ
ഓംഫണ്‍ ഇന്ത്യയുടെ ഫോളോ-ഓണ്‍ ഓഹരി വില്‍പനയ്ക്ക് 20ന് തുടക്കമാകും. 22 വരെ നീളും. 71-75 രൂപയാണ് പ്രൈസ് ബാന്‍ഡ്. ഫര്‍ണീച്ചര്‍ നിര്‍മ്മാണ രംഗത്തെ കമ്പനിയായ ഓംഫര്‍ 27 കോടി രൂപയാണ് എഫ്.പി.ഒ വഴി ലക്ഷ്യമിടുന്നത്.
ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ് (സമാഹരണ ലക്ഷ്യം 300.13 കോടി രൂപ), കെ.പി. ഗ്രീന്‍ എന്‍ജിനിയറിംഗ് (189.50 കോടി രൂപ), എന്‍ഫ്യൂസ് സൊല്യൂഷന്‍സ് (22.44 കോടി രൂപ), എന്‍സെര്‍ കമ്മ്യൂണിക്കേഷന്‍സ് (16.17 കോടി രൂപ) എന്നിവയുടെ കഴിഞ്ഞയാഴ്ച ആരംഭിച്ച ഐ.പി.ഒയ്ക്ക് ഈയാഴ്ച തിരശീല വീഴുന്നുമുണ്ട്.
ക്രിസ്റ്റലിന്റെ ഐ.പി.ഒ ഇന്നും കെ.പി. ഗ്രീനിന്റേത് നാളെയും സമാപിക്കും. എന്‍ഫ്യൂസ്, എന്‍സെര്‍ എന്നിവയുടെ ഓഹരികള്‍ ഐ.പി.ഒ വഴി വാങ്ങാനുള്ള അവസരവും നാളെ വരെയാണ്.
പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരി വിപണിയിലേക്ക്
കൊച്ചി ആസ്ഥാനമായ പ്രമുഖ വാഹന ഡീലര്‍ഷിപ്പ് ശൃംഖലയായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ ലിസ്റ്റിംഗ് (ഓഹരി വിപണിയിലെ വ്യാപാരത്തിന്റെ തുടക്കദിനം) നാളെ (March 19) നടക്കും. 601.55 കോടി രൂപയാണ് കഴിഞ്ഞയാഴ്ച നടന്ന ഐ.പി.ഒയിലൂടെ കമ്പനി സമാഹരിച്ചത്.
ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസിന്റെ ലിസ്റ്റിംഗ് മാര്‍ച്ച് 21ന് പ്രതീക്ഷിക്കാം. പ്രഥം ഇ.പി.സി പ്രോജക്റ്റ്സിന്റെ ലിസ്റ്റിംഗ് ഇന്ന് എന്‍.എസ്.ഇ എസ്.എം.ഇ വിഭാഗത്തിലാണ്.
സിഗ്‌നോറിയ ക്രിയേഷനും റോയല്‍ സെന്‍സും നാളെ യഥാക്രമം എന്‍.എസ്.ഇ, ബി.എസ്.ഇ എസ്.എം.ഇ വിഭാഗങ്ങളില്‍ ലിസ്റ്റ് ചെയ്യും. എ.വി.പി ഇന്‍ഫ്രാകോണ്‍ മാര്‍ച്ച് 20നും എന്‍സെര്‍, എന്‍ഫ്യൂസ് എന്നിവ മാര്‍ച്ച് 22നും എന്‍.എസ്.എം എസ്.എം.ഇയില്‍ ആദ്യചുവടുവയ്ക്കും. മാര്‍ച്ച് 22ന് കെ.പി. ഗ്രീനും ഓഹരി വിപണിയില്‍ കന്നി വ്യാപാരം ആരംഭിക്കും. ബി.എസ്.ഇ എസ്.എം.ഇയിലാണ് ലിസ്റ്റിംഗ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it