

പ്രമുഖ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനിയായ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ (Whirlpool Of India Ltd) ഓഹരി വിലയില്‍ വന്‍ ഇടിവ്. പ്രമോട്ടറായ വേള്‍പൂള്‍ മൗറീഷ്യസ് (Whirlpool Mauritius) കൈവശമുള്ള 7.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതോടെയാണ് ഓഹരി വില 11 ശതമാനത്തിലധികം ഇടിഞ്ഞ് 1,056.90 രൂപയിലെത്തിയത്.
വേള്‍പൂള്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ വേള്‍പൂള്‍ മൗറീഷ്യസ്, മൊത്തം 95 ലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചത്. ഏകദേശം 965 കോടി രൂപയുടെ ഇടപാടാണിത്. ഒരു ഓഹരിക്ക് 1,030 എന്ന കുറഞ്ഞ നിരക്കിലാണ് വില്‍പ്പന നടന്നത്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 14 ശതമാനം കുറവാണ്.
ഇത്രയും വലിയൊരു ഡിസ്‌കൗണ്ടില്‍ ഓഹരികള്‍ വിറ്റതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഒപ്പം പ്രമോട്ടര്‍മാര്‍ ഓഹരി വിറ്റൊഴിയുന്നത് തുടരുന്നതും ഓഹരി വിലയില്‍ ഇടിവിന് കാരണമായി.
യുഎസ് ആസ്ഥാനമായുള്ള മാതൃകമ്പനിയായ വേള്‍പൂള്‍ കോര്‍പറേഷന്റെ ആഗോള മൂലധന പുനഃക്രമീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ യൂണിറ്റിലെ ഓഹരികള്‍ ഘട്ടം ഘട്ടമായി വിറ്റൊഴിയുന്നത്. 2023 അവസാനം വരെയുള്ള കണക്കനുസരിച്ച് 75 ശതമാനമായിരുന്നു പ്രൊമോട്ടര്‍ ഓഹരി പങ്കാളിത്തം. തുടര്‍ച്ചയായ വില്‍പ്പനകളിലൂടെ ഇത് ഇപ്പോള്‍ 51 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2025 അവസാനത്തോടെ ഏകദേശം 20 ശതമാനം വരെയായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രമോട്ടര്‍ കമ്പനി തുടര്‍ച്ചയായി ഓഹരി വില്‍പ്പന നടത്തുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി വേള്‍പൂള്‍ ഇന്ത്യ ഓഹരികളെ കനത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
2024 ഡിസംബറില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 1,981.10യിലെത്തിയ ഓഹരിയാണിത്. വ്യാഴാഴ്ചത്തെ ഇടിവോടെ ഓഹരി വില അതിന്റെ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയായ 899-നടുത്ത് എത്തിയിരിക്കുന്നു. ഒരു വര്‍ഷക്കാലയളവില്‍ 40 ശതമാനത്തോളമാണ് ഓഹരിയുടെ ഇടിവ്.
പ്രമോട്ടര്‍ ഓഹരി വില്‍പ്പന തുടരുന്നത് ഹ്രസ്വകാലത്തേക്ക് ഓഹരിയുടെ വിലയില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇത് ഓഹരി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അവസരമായേക്കാം എന്നും മറ്റു ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ കമ്പനിയുടെ വരുമാനം 1,647 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 1,713 കോടി രൂപയില്‍ നിന്ന് 3.8 ശതമാനം ഇടിവുണ്ട്. ഇക്കാലയളവില്‍ ലാഭം 41 കോടി രൂപയായി. മുന്‍ വര്‍ഷത്തെ 52 കോടി രൂപയില്‍ നിന്ന് 20.6 ശതമാനം കുറവ് രേഖപ്പെടിത്തി.
Read DhanamOnline in English
Subscribe to Dhanam Magazine