അമിത ആവേശമോ, അതോ ജാഗ്രതയോ? 2026ല്‍ ഓഹരി വിപണിയിലെ നിക്ഷേപ രീതികള്‍ മാറ്റണമോ?

സമ്പൂര്‍ണമായി നിക്ഷേപം കുറയ്ക്കുന്നതിനെക്കാള്‍ സെക്ടര്‍ തിരഞ്ഞെടുപ്പിലും ആസ്തി പുനര്‍വിന്യാസത്തിലുമാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു
indian stock market
Published on

ഇന്ത്യന്‍ ഓഹരി വിപണിക്ക് കയറ്റിറക്കങ്ങളുടെ വര്‍ഷമാണ് കടന്നു പോകുന്നത്. ആഗോള സംഘര്‍ഷങ്ങളും തീരുവ യുദ്ധങ്ങളും വിപണിയെ സംഘര്‍ഷഭരിതമാക്കി. നിക്ഷേപകര്‍ കൂടുതലായി ഐപിഒകളിലേക്ക് ശ്രദ്ധയൂന്നിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ക്കൊപ്പം വെല്ലുവിളികളും നിക്ഷേപകരെ കാത്തിരിക്കുന്നുണ്ട്.

ജാഗ്രത വേണമോ?

നിഫ്റ്റിയും സെന്‍സെക്‌സും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് 2026ലേക്ക് കടക്കുന്നത്. ഓഹരികളുടെ വാല്യുവേഷന്‍ സംബന്ധിച്ച ആശങ്കകളും സജീവമാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അകലം പാലിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇന്ത്യന്‍ ഓഹരികളുടെ മൂല്യം കൂടുതലാണെന്നതാണ്. ലാര്‍ജ് ക്യാപ് ഓഹരികളില്‍ പലതും ഇതിനകം തന്നെ വിലകൂടിയ നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഇത് നേരത്തെ നിക്ഷേപിച്ചവര്‍ക്ക് നേട്ടമാണെങ്കിലും പുതിയ നിക്ഷേപകര്‍ക്ക് എന്‍ട്രി പോയിന്റ് തിരഞ്ഞെടുക്കുന്നത് കൂടുതല്‍ സൂക്ഷ്മത ആവശ്യപ്പെടുന്ന ഘട്ടമാണെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

ആഗോള ഘടകങ്ങള്‍ നല്‍കുന്ന സൂചനകള്‍

2026ല്‍ വിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ആഗോള സാമ്പത്തിക സാഹചര്യം. യുഎസ് പലിശനിരക്ക് നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ എന്നിവ എല്ലാം ഇന്ത്യന്‍ വിപണിയിലേക്കും പ്രതിഫലിക്കാം. പ്രത്യേകിച്ച് വിദേശ നിക്ഷേപ നിക്ഷേപങ്ങളില്‍. ചെറിയ മാറ്റം പോലും സൂചികകളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തര നിക്ഷേപകര്‍ തുണയ്ക്കുമോ?

അടിസ്ഥാന സൗകര്യ മേഖലയില്‍ സര്‍ക്കാര്‍ ചെലവുകള്‍, നിര്‍മാണ രംഗത്തെ വളര്‍ച്ച, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വ്യാപനം, ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ബിസിനസുകളുടെ ശക്തി എന്നിവ വിപണിക്ക് ദീര്‍ഘകാല പിന്തുണ നല്‍കുന്ന ഘടകങ്ങളാണ്. അതിനാല്‍ 2026ല്‍ സമ്പൂര്‍ണമായി നിക്ഷേപം കുറയ്ക്കുന്നതിനെക്കാള്‍ സെക്ടര്‍ തിരഞ്ഞെടുപ്പിലും ആസ്തി പുനര്‍വിന്യാസത്തിലുമാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

എന്തെല്ലാം മാറ്റങ്ങള്‍ പരിഗണിക്കാം?

ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിനേക്കാള്‍ ഘട്ടംഘട്ടമായ ഇന്‍വെസ്റ്റ്‌മെന്റ് രീതിയാണ് ഉചിതം. ഒരേ സമയം വലിയ തുക നിക്ഷേപിക്കുന്നതിനേക്കാള്‍ എസ്ഐപി പോലുള്ള സംവിധാനങ്ങളിലൂടെ നേട്ടം കൈവരിക്കാനാകും. അടുത്തിടെ മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ഉണ്ടായ ഉയര്‍ച്ചകള്‍ ഈ വിഭാഗങ്ങളില്‍ കൂടുതല്‍ തെരഞ്ഞെടുക്കല്‍ നടത്തേണ്ടുന്നതിന്റെ പ്രധാന്യം കാണിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com