

നിക്ഷേപകരെ ഏറ്റവും വിഷമിപ്പിക്കുന്ന വിഷയം നിക്ഷേപ തീരുമാനമല്ല, വില്‍പ്പനയാണ്. അതുതന്നെയാണ് നിക്ഷേപകരെ പലപ്പോഴും കുഴപ്പത്തിലാക്കുന്നതും. നിക്ഷേപത്തിന് ഏതവസരവും നല്ലതാകാം. വില ബുള്‍ തരംഗത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന അവസരത്തില്‍ വാങ്ങുന്ന ആള്‍ക്കും കുറേക്കാലം കാത്തിരുന്നാല്‍ പിന്നീടൊരു തരംഗത്തില്‍ ലാഭമെടുത്ത് മാറാന്‍ പറ്റിയെന്നു വരും. പക്ഷേ തരംഗങ്ങളുടെ ഉയരത്തില്‍ നീങ്ങുമ്പോഴും ഇനിയും കയറട്ടെ എന്ന് വാശി പിടിക്കുന്നവര്‍ക്ക് ആ ഭാഗ്യം കിട്ടണമെന്നില്ല.
ദിവസേന ട്രേഡ് ചെയ്യുന്നവര്‍ക്കും ഹ്രസ്വകാല വ്യാപാരങ്ങളില്‍ നിധി തേടുന്നവരുമല്ലാത്ത നിക്ഷേപകര്‍ക്കാണ് ഈ വിഷമം. അത്തരം സാദാ നിക്ഷേപകര്‍ വില്‍പ്പന തീരുമാനം എടുക്കുന്ന ചില സാഹചര്യങ്ങള്‍ നോക്കാം.
ലക്ഷ്യം നേടി, ഇനി...
ഒന്ന്: തങ്ങളുടെ നിക്ഷേപ ലക്ഷ്യം നേടിയെന്ന തോന്നല്‍. രണ്ടോ മൂന്നോ അതില്‍ കൂടുതലോ വര്‍ഷം ലക്ഷ്യം വെയ്ക്കുന്ന നിക്ഷേപകരുണ്ട്. (ഇങ്ങനെ സമയപരിധി വെച്ച് നിക്ഷേപ ലക്ഷ്യം കണക്കാക്കുന്നത് ഓഹരി വിപണിയില്‍ ഫലപ്രദം ആകണമെന്നില്ല എന്നതു വേറെ കാര്യം). അവരുടെ ലക്ഷ്യം (50 ശതമാനം അല്ലെങ്കില്‍ 100 ശതമാനം നേട്ടം) നിശ്ചിതമായിരിക്കും. പാര്‍പ്പിടം ഉണ്ടാക്കല്‍, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ ഏതെങ്കിലും ലക്ഷ്യം വെച്ചാകും അവരുടെ നിക്ഷേപം.
ആ സമയം ആകുമ്പോള്‍ ലക്ഷ്യത്തിനടുത്താണ് നിക്ഷേപത്തിലെ നേട്ടമെങ്കില്‍ സംശയിക്കാതെ വിറ്റ് പിന്മാറാം. ലക്ഷ്യം നേടിയത് കൊണ്ട് എല്ലാവര്‍ക്കും സന്തോഷം. എന്നാല്‍ വിപണികള്‍ എല്ലായ്‌പ്പോഴും ഇങ്ങനെ കൃത്യമായ ആദായം നല്‍കാറില്ല. അപ്പോഴാണ് തീരുമാനം നിര്‍ണായകമാകുന്നത്.
സമയമായി, വില താഴെ
രണ്ട്: ലക്ഷ്യംവെച്ച സമയമായി. പക്ഷേ, ഓഹരി ഉദ്ദേശിച്ച വിലയുടെ സമീപം എത്തിയിട്ടില്ല. എന്തു ചെയ്യും? തീരുമാനം എളുപ്പമല്ല. നിക്ഷേപകരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ വ്യത്യസ്തമാകും. അതുപോലെ തീരുമാനവും വ്യത്യസ്തമാകും.
എ: ഈ നിക്ഷേപം വില്‍ക്കാതെ കാര്യങ്ങള്‍ നടത്താന്‍ പറ്റുന്നവര്‍ക്ക് തല്‍ക്കാലം വില്‍പ്പന ഒഴിവാക്കാം.
ബി: കമ്പനിയുടെ കുഴപ്പം മൂലമാണ് ഓഹരി വളരാത്തതെങ്കില്‍ ആ ഓഹരി വിറ്റ് വേറെ ഓഹരി വാങ്ങണം. കുഴപ്പം പിടിച്ച കമ്പനിയുടെ കൂടെ നിന്നിട്ട് കാര്യമില്ല. താല്‍ക്കാലിക ലക്ഷ്യം നേടാന്‍ വേറെ വഴിയും കണ്ടെത്തണം. മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍, പ്രവര്‍ത്തന വൈകല്യം, ഉല്‍പ്പന്നത്തിന്റെ നില വാരമില്ലായ്മ, സേവനത്തിലെ പോരായ്മ, മത്സരം മുന്‍കൂട്ടി കാണുന്നതില്‍ വന്ന പരാജയം, അനാവശ്യമായ വൈവിധ്യവല്‍ക്കരണം, അമിതമായ ശേഷിവര്‍ധന, ഒരുക്കങ്ങള്‍ ഇല്ലാത്ത വിപണനം തുടങ്ങി നിരവധി കാരണങ്ങള്‍ കാണാം. അവ വിശദമായി പഠിച്ച് തീരുമാനമെടുക്കണം.
അവഗണിക്കാം
സി: ചില സാഹചര്യങ്ങളില്‍ കമ്പനിയുടെയോ ഉല്‍പ്പന്നത്തിന്റെയോ തകരാര്‍ അവഗണിക്കാന്‍ സാധിക്കും. ഉദാഹരണമായി വിമാന നിര്‍മാണ കമ്പനികള്‍ തന്നെ എടുക്കാം. യാത്ര വിമാനങ്ങളുടെ ആഗോള വിപണി രണ്ട് കമ്പനികളുടെ കുത്തകയാണ്- എയര്‍ ബസും ബോയിംഗും. ഒരു കമ്പനിയുടെ ഒരു മോഡല്‍ വിമാനത്തിന് സാരമായ തകരാര്‍ ഉണ്ടായാലും ആ കമ്പനിയുടെ ബിസിനസിന് വലിയ തകര്‍ച്ച സംഭവിക്കില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ആദ്യ കമ്പനിക്ക് ലഭിച്ച ഓര്‍ഡറുകള്‍ പെട്ടെന്ന് റദ്ദാകില്ല എന്നതാണ്. രണ്ടാമത്തെ കാരണം ഈ കമ്പനികള്‍ക്ക് വലിയ രാഷ്ട്രീയ പിന്തുണയാണുള്ളത്. എയര്‍ ബസിന് യൂറോപ്പും ബോയിംഗിന് അമേരിക്കയും. കമ്പനി താഴെപ്പോകാതെ ആ രാഷ്ട്രീയ ശക്തികള്‍ നോക്കും.
ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ പ്രശ്‌നം കണ്ടാല്‍ അവ പരിഹരിക്കാനും വിപണിയിലെ കോട്ടം മറികടക്കാനും അവയ്ക്ക് താരതമ്യേന എളുപ്പം സാധിക്കും. മോണ്ടലീസിന്റെ കാഡ്ബറി ചോക്കളേറ്റിനും നെസ്ലെയുടെ മാഗി നൂഡില്‍സിനും ക്ഷീണം വരുത്തിയ വിഷയങ്ങളെ ആ കമ്പനികള്‍ ഒന്നു രണ്ടു സീസണ്‍ കൊണ്ട് മറികടന്നത് ഇതിനുള്ള ഉദാഹരണമാണ്.
ഹ്രസ്വമോ ദീര്‍ഘമോ?
ഡി: കമ്പനിയുടെ കുഴപ്പം കൊണ്ടല്ല, ബാഹ്യ കാരണങ്ങളാല്‍ ആണ് വില താഴ്ന്നത് എന്നുണ്ടെങ്കില്‍ ആ സാഹചര്യം മാറുന്നതുവരെ കാത്തിരിക്കാം.
ബാഹ്യകാരണം ഹ്രസ്വകാല വിഷയമോ ദീര്‍ഘകാല വിഷയമോ എന്ന് വിശദമായി വിലയിരുത്തണം. പ്രളയമോ വരള്‍ച്ചയോ മൂലം ഒരു സീസണില്‍ ഉല്‍പ്പാദനം കുറഞ്ഞ കാര്‍ഷികോല്‍പ്പന്നം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കാര്യത്തില്‍ ഒരു വര്‍ഷമോ അതില്‍ താഴെയോ കാത്തിരുന്നാല്‍ വില തിരിച്ചുകയറുന്നത് കാണാം. സര്‍ക്കാര്‍ നയങ്ങളോ നികുതികളോ ആണ് പ്രശ്‌നമെങ്കില്‍ അത് കമ്പനിക്ക് തരണം ചെയ്യാനാകുമോ എന്ന് പഠിക്കണം. പല ബജറ്റ് നിര്‍ദേശങ്ങളും സര്‍ക്കാര്‍ തീരുമാനങ്ങളും തിരുത്തിക്കാന്‍ വലിയ കമ്പനികള്‍ക്കും ശക്തമായ കൂട്ടായ്മയുള്ള ചെറു കമ്പനികള്‍ക്കും സാധിക്കും.
ഇ: ടെക്‌നോളജിയിലെ മാറ്റം മൂലമാണ് തളര്‍ച്ചയെങ്കില്‍ കമ്പനി എന്ത് ചെയ്യാന്‍ പോകുന്നു എന്ന് പരിശോധിക്കണം. ചിലപ്പോള്‍ വലിയ മുതല്‍മുടക്ക് കൂടാതെ സ്വീകരിച്ച് നടപ്പാക്കാവുന്നതാണ് പുതിയ ടെക്‌നോളജിയെങ്കില്‍ കാത്തിരിക്കാം. മറിച്ച് സമഗ്രമാറ്റം ആവശ്യമായ, ഭീമമായ ചെലവുള്ള പുതിയ ടെക്‌നോളജി വേണമെങ്കില്‍ ആ കമ്പനിയെ വിടുന്നതാകും ഉചിതം.
തരംഗകാലത്ത്
മൂന്ന്: ലക്ഷ്യംവെച്ച വില വന്നു. പക്ഷേ ഇപ്പോള്‍ ശക്തമായ ഒരു
ബുള്‍ തരംഗം പ്രവര്‍ത്തിക്കുകയാണ്. ഏതാനും മാസം കാത്തിരുന്നാല്‍ കൂടുതല്‍ വലിയ ലാഭം നേടാം. ഇങ്ങനെ യൊരു സാഹചര്യം കൈവിടാന്‍ എല്ലവരും മടിക്കും. നിക്ഷേപ ലക്ഷ്യം നിറവേറ്റാന്‍ വേറെ മാര്‍ഗമുള്ളവര്‍ക്ക് കാത്തിരിക്കാം. അല്ലാത്തവര്‍ കാത്തിരിക്കുകയും വിപണി അപ്രതീക്ഷിതമായി ഗതിമാറ്റുകയും ചെയ്താല്‍ കാര്യം കുഴപ്പമാകും. ലാഭം വെള്ളത്തിലും.
നാല്: ലക്ഷ്യമിട്ട സമയം വന്നു. പക്ഷേ വിപണിയില്‍ കരടിവാഴ്ചയും ഓഹരി നഷ്ടത്തിലും. കുറേ മാസം കാത്തി രുന്നാല്‍ വിപണി കയറുകയും ഓഹരി ലാഭത്തിലാവുകയും ചെയ്യും. ഇവിടെ എന്തുകൊണ്ട് ഈ ഓഹരി താഴ്ന്നു എന്നത് പഠിച്ച് തീരുമാനം എടുക്കണം. കരടി വാഴ്ചയല്ല, കമ്പനിയുടെ വീഴ്ചയാണ് കാരണമെങ്കില്‍ വിറ്റു മാറണം. ഓഹരികള്‍ക്ക് മാത്രമല്ല, ഇങ്ങനെ വില്‍പ്പന സമയം ഉള്ളത്. സ്വര്‍ണം, ഭൂമി, കെട്ടിടം തുടങ്ങി എല്ലാ നിക്ഷേപങ്ങളുടെ കാര്യത്തിലും വില്‍പ്പന തീരുമാനത്തിന് ഉചിതമായ സമയം കണ്ടെത്താം.
നിക്ഷേപകര്‍ ചെയ്യേണ്ടത്
ഓഹരികള്‍ വാങ്ങുന്നതിന് മുമ്പ് കമ്പനിയെയും ബിസിനസിനെയും പറ്റി വിശദമായി പഠിക്കണമെന്ന് എല്ലാവരും ഉപദേശിക്കാറുണ്ട്. ഓഹരി വാങ്ങിക്കഴിഞ്ഞാല്‍ ഈ പഠനം നിര്‍ത്താന്‍ പാടില്ല. മറിച്ച് കൂടുതല്‍ ജാഗ്രതയോടെ പഠനം തുടരണം. നിങ്ങളുടെ സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്ന കമ്പനി എന്ത് ചെയ്യുന്നു, ബിസിനസില്‍ എന്ത് വളര്‍ച്ചയുണ്ട്, ബിസിനസില്‍ പുതിയ എതിരാളികള്‍ ഉണ്ടോ, കമ്പനിയില്‍ കുഴപ്പങ്ങള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ ജാഗ്രതയോടെ അന്വേഷിക്കേണ്ടത് നിക്ഷേപകരുടെ ബാധ്യതയാണ്. റിസല്‍ട്ടുകള്‍ വരുമ്പോള്‍ ഇതേ ബിസിനസില്‍ ഉള്ളവയുമായി താരതമ്യം ചെയ്യണം. ബിസിനസിലെ കമ്പനികളുടെ ലാഭ നിലവാരം, വളര്‍ച്ചാത്തോത് എന്നിവയും നിങ്ങളുടെ കമ്പനിയുടെ പ്രകടനവും വിലയിരുത്തണം.
ഇതെല്ലാം ഗൗരവമായി ചെയ്യുകയും വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് അപകട സൂചനകള്‍ മുമ്പേ ലഭിക്കും.
ഓര്‍ക്കുക
ഓഹരികള്‍ വില്‍ക്കുമ്പോള്‍ ഉള്ള നികുതി ബാധ്യതകള്‍ പരിശോധിക്കണം. പ്രത്യേകിച്ചും മൂലധന നേട്ട (Capital Gains) നികുതി. ഒരു വര്‍ഷത്തില്‍ താഴെ കൈവശം വെച്ച (ഹ്രസ്വകാല) ഓഹരി വില്‍ക്കുമ്പോള്‍ ലാഭത്തിന് 20 ശതമാനം നികുതി നല്‍കണം. ഹ്രസ്വകാല മൂലധന നഷ്ടം ഇതുമായി തട്ടിക്കിഴിക്കാം. പന്ത്രണ്ട് മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച (ദീര്‍ഘകാല) ഓഹരി വിറ്റാല്‍ 12.5 ശതമാനമാണ് നികുതി. എന്നാല്‍ ഒരുവര്‍ഷം ആദ്യ ഒന്നേകാല്‍ ലക്ഷം രൂപയുടെ ദീര്‍ഘകാല മൂലധനാദായത്തിന് നികുതി വേണ്ട. ദീര്‍ഘകാല മൂലധന നഷ്ടം ദീര്‍ഘകാല മൂലധന ലാഭവുമായി തട്ടിക്കിഴിക്കാം.
(ധനം മാഗസീന്‍ 2025 നവംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine