

എസ്എംഇ ഐപിഒ എന്താണെന്നും അതും മെയിന്‍ ബോര്‍ഡ് ഐപിഒയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്താണെന്നും ഉള്‍പ്പെടെ ഒരു എസ്എംഇ സ്ഥാപനത്തെ ഐപിഒയ്ക്ക് വേണ്ടി സജ്ജമാക്കുന്ന പ്രക്രിയയില്‍ ആ സ്ഥാപനത്തില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചൊക്കെയാണ് കഴിഞ്ഞ ലക്കങ്ങളില്‍ സംസാരിച്ചത്. നിങ്ങള്‍ ഒരു എസ്എംഇ സ്ഥാപനത്തിന്റെ പ്രൊമോട്ടറാണെങ്കില്‍ വളര്‍ച്ചയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്ന പല കാര്യങ്ങളും മുമ്പ് പറഞ്ഞ പ്രക്രിയകളിലൂടെ പരിഹരിക്കപ്പെടും എന്നത് മനസിലാക്കിയിട്ടുണ്ടാവും.
ബിസിനസിന് വില്‍ക്കാവുന്ന ഒരു പ്രൊഡക്റ്റ് ആവുമ്പോള്‍ മാത്രമെ പ്രൊമോട്ടര്‍മാരുടെ യാത്ര സഫലമാവുകയുള്ളൂ. ഇന്ത്യയില്‍ എസ്എംഇ ലിസ്റ്റിംഗിന് പോകുന്ന സ്ഥാപനങ്ങള്‍ ഒരു ശതമാനം പോലും കേരളത്തില്‍ നിന്നില്ല. എന്നാല്‍ ഇങ്ങനെ പോകാവുന്ന നൂറ് കണക്കിന് സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ടെന്ന തിരിച്ചറിവിലാണ് ഞങ്ങള്‍ ഇതിനെ സഹായിക്കുന്ന പദ്ധതികളുമായി മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചത്.
ഈ അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ധാരാളം സ്ഥാപനങ്ങള്‍ ഓഹരി വിപണിയുടെ ഭാഗമാവുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. വളര്‍ച്ച ലക്ഷ്യമിടുന്ന ഏതൊരു സ്ഥാപനവും അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ റിസ്‌ക് ക്യാപിറ്റല്‍ (Equtiy) കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഇത് എസ്എംഇ ലിസ്റ്റിംഗായോ PE/VC Funding ആയോ ആണ് ചെയ്യാന്‍ സാധിക്കുന്നത്.
ഏത് രീതിയില്‍ ചെയ്താലും ഇതിലേക്കുള്ള വഴികള്‍ സമാനതകളുള്ളതാണ്. ഒരു നിക്ഷേപകന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ നിക്ഷേപ യോഗ്യമാക്കുക എന്നതാണ് അത്. ഇത് പെട്ടെന്ന് ചെയ്യാവുന്ന ഒന്നല്ല. ഒരു സ്ഥാപനത്തിന്റെ സംസ്‌കാരത്തിലുള്ള മാറ്റം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കല്‍ ഇതിന്റെ ഭാഗമായി വരും.
ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സ്ഥാപനം ഫണ്ടിംഗിന് പോകാന്‍ എത്രമാത്രം തയാറാണെന്നത് വിശദമായി പഠിക്കണം. ഐപിഒ പള്‍സ് എന്ന് ഞങ്ങള്‍ പേരിട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ ഘടന, വിഷന്‍, മിഷന്‍ എന്നിവ തുടങ്ങി ഓരോ വകുപ്പുകളുടെയും പ്രക്രിയകളുടെയും രീതികളും വിശദമായി പഠിക്കും.
പല സ്ഥാപനങ്ങളും ചെയ്യുന്നത് എസ്എംഇ ഐപിഒയെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോള്‍, അല്ലെങ്കില്‍ തീരുമാനമെടുത്തു കഴിയുമ്പോള്‍ ഏതെങ്കിലും ഒരു മര്‍ച്ചന്റ് ബാങ്കറിനെയോ അയാള്‍ വഴി വരുന്ന ഒരു കണ്‍സള്‍ട്ടന്റിനെയോ ഈ കാര്യങ്ങള്‍ ചെയ്യുന്നതിനായി ഏല്‍പ്പിക്കുമെന്നതാണ്. അവരുമായി ഒരു വര്‍ഷത്തെയോ ആറ് മാസത്തെയോ ഒരു കരാര്‍ ഒപ്പിട്ട് സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും രീതികളെ കുറിച്ചും പഠിച്ചതിന് ശേഷം അവിടെ കുറവുള്ളതായ, അല്ലെങ്കില്‍ തെറ്റായ രീതിയില്‍ ചെയ്യുന്ന കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കും. ഇത് ശരിയായി ചെയ്യാന്‍ ഒരു ഭീമമായ തുകയും അവര്‍ ആവശ്യപ്പെടും.
ചുരുക്കത്തില്‍ ഒരു എസ്എംഇ ലിസ്റ്റിംഗ് തുടക്കത്തിലേ പാളിപ്പോവുന്ന ഒരു രീതിയാണ് ഇത്. പലപ്പോഴും ഏറെ മുന്നോട്ട് പോയതിന് ശേഷമായിരിക്കും പല കുറ്റങ്ങളും കണ്ടുപിടിക്കുന്നത്. രണ്ടും മൂന്നും കോടി രൂപ ചെലവഴിച്ചതിന് ശേഷം മര്‍ച്ചന്റ് ബാങ്കര്‍ ഇതില്‍ നിന്ന് പിന്മാറുകയോ, അല്ലെങ്കില്‍ ഒരിക്കലും നടപ്പാക്കാനാകാത്ത നിര്‍ദേശങ്ങളുടെ ലിസ്റ്റ് തന്നതിന് ശേഷം ഐപിഒ ലിസ്റ്റിംഗ് പ്രക്രിയ തകിടംമറിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
ഏത് സ്ഥാപനവും ഐപിഒ പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, ആദ്യം നിലവിലെ അവസ്ഥ കൃത്യമായി വിലയിരുത്തുകയും കണ്ടെത്തിയ പോരായ്മകള്‍ക്ക് പരിഹാരം കാണാന്‍ പ്രാദേശിക തലത്തിലും അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാരുടെ സഹായം ഉപയോഗപ്പെടുത്തുകയും വേണം. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമെ മര്‍ച്ചന്റ് ബാങ്കറെ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്, പ്രക്രിയയുടെ മൊത്തത്തിലുള്ള സമയവും ചെലവും ഗണ്യമായി കുറയ്ക്കുന്നതോടൊപ്പം ഐപിഒ ലിസ്റ്റിംഗ് വിജയകരമാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.
ഡിസംബര്‍ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine