

ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോട്ടൺ നൂൽ (Cotton Yarn) നിർമ്മാണ കമ്പനിയായ ആസ്ത സ്പിൻടെക്സ് ലിമിറ്റഡിന്റെ (Aastha Spintex Ltd) പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) തുടക്കം. പൂർണമായും പുതിയ ഓഹരികൾ വിറ്റഴിക്കുന്ന ഈ ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക സമാന സെക്ടറിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയെ ഏറ്റെടുക്കാനായാണ് വിനിയോഗിക്കുന്നത്. ഐ.പി.ഒയുടെ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 16 ശതമാനം ഓഹരികൾക്ക് അപേക്ഷകർ എത്തിക്കഴിഞ്ഞു.
2013-ൽ ഗുജറാത്തിലെ മോർബി ജില്ലയിലെ ഹൽവദിൽ പ്രവർത്തനം ആരംഭിച്ച ആസ്ത സ്പിൻടെക്സ്, വിവിധതരം കോട്ടൺ നൂലുകളും കോട്ടൺ ബെയ്‌ലുകളും നിർമ്മിക്കുന്ന പ്രമുഖ സ്ഥാപനമാണ്. ഡെനിം, ടെറി ടവലുകൾ, ഷർട്ടിംഗുകൾ, ഹോം ടെക്സ്റ്റൈൽസ് എന്നിവയുടെ നിർമ്മാണത്തിനായാണ് കമ്പനിയുടെ ഉത്പന്നങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനായി കമ്പനിയുടെ പ്ലാന്റിൽ പുനരുപയോഗ ഊർജ്ജ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
പൂർണമായും പുതിയ ഓഹരികൾ മാത്രം വിറ്റഴിക്കുന്ന (Fresh Issue) ആസ്ത ഫിൻടെക്സ് ഐ.പി.ഒയിലൂടെ വിപണിയിൽ നിന്നും 170 കോടി രൂപ സമാഹരിക്കാനാണ് കമ്പനി നേതൃത്വം ലക്ഷ്യമിടുന്നത്. ഐ.പി.ഒയിൽ അനുവദിക്കുന്ന 40 ശതമാനം ഓഹരികൾ റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവെച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 125–136 രൂപ പരിധിയിലാണ് ഐ.പി.ഒയിലെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 110 ഓഹരികൾ അടങ്ങുന്ന ഒരു ലോട്ടിന് കുറഞ്ഞത് 14,960 രൂപയെങ്കിലും നിക്ഷേപിക്കേണ്ടിവരും.
ജൂലൈ 1-ന് സബ്സ്ക്രിപ്ഷൻ അവസാനിക്കുന്ന ഈ ഐ.പി.ഒയിൽ അർഹരായി നിക്ഷേപകർക്കുള്ള ഓഹരി അലോട്ട്മെന്റ് ജൂലൈ 4-ന് പൂർത്തിയാകും. തുടർന്ന് ജൂലൈ 6-ന് ബി.എസ്.ഇ, എൻ.എസ്.ഇ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലായി ആസ്ത സ്പിൻടെക്സ് ഓഹരിയുടെ ലിസ്റ്റിംഗ് നടക്കും.
ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്നും 111.51 കോടി രൂപയും 'ഫാൽക്കൺ യാൺസ് പ്രൈവറ്റ് ലിമിറ്റഡ്' (Falcon Yarns Pvt Ltd) എന്ന കമ്പനിയെ ഏറ്റെടുക്കുന്നതിനായാണ് ആസ്ത സ്പിൻടെക്സ് വിനിയോഗിക്കാൻ പോകുന്നത്. എന്നാൽ, ഏറ്റെടുക്കാൻ പോകുന്ന ഈ സ്വകാര്യ കോട്ടൺ കമ്പനിയുടെ സാമ്പത്തിക വിവരങ്ങളോ പ്രവർത്തന മികവോ സംബന്ധിച്ച് ഐ.പി.ഒ രേഖകളിൽ ആഴത്തിൽ വ്യക്തമാക്കിയിട്ടില്ല എന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഒരു നിർണായക ഘടകമാണ്.
ആസ്ത സ്പിൻടെക്സിന്റെ വരുമാനം 2023-ലെ 239.69 കോടി രൂപയിൽ നിന്നും 2025-ൽ 352.17 കോടി രൂപയായി ഉയർന്നു. ഇതേകാലയളവിൽ അറ്റാദായം (Net Profit) 1.06 കോടി രൂപയിൽ നിന്ന് 22.92 കോടി രൂപയായും കുത്തനെ വർധിച്ചു. എന്നാൽ, 2026 സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസത്തെ കണക്കുകൾ (വരുമാനം: 314.02 കോടി, അറ്റാദായം: 17.56 കോടി) നോക്കിയാൽ വളർച്ചാ നിരക്കിൽ നേരിയ ഇടിവ് സംഭവിച്ചതായി കാണാം. പ്രവർത്തന ലാഭ മാർജിൻ 13.20 ശതമാനത്തിൽ നിന്നും 11.25 ശതമാനമായി കുറഞ്ഞു.
ഐ.പി.ഒയിൽ നിശ്ചയിച്ചിരിക്കുന്ന ഓഹരിയുടെ പ്രൈസ് ബാൻഡ് അടിസ്ഥാനമാക്കിയാൽ ആസ്ത സ്പിൻടെക്സിന്റെ പി.ഇ റേഷ്യോ 25.65 മടങ്ങിലാണ് ഉള്ളത്. ടെക്സ്റ്റൈൽ മേഖലയിലെ ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ വാല്യുവേഷൻ അൽപ്പം ഉയർന്ന നിലയിലാണെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു. അതുപോലെ കമ്പനിയുടെ ലാഭക്ഷമത വെളിവാക്കുന്ന സൂചകമായ ആർ.ഒ.ഇ അനുപാതം മുൻവർഷത്തെ 23.21 ശതമാനത്തിൽ നിന്നും ഇപ്പോൾ 12.80 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
അതേസമയം ഐ.പി.ഒയിൽ നിന്നും സമാഹരിക്കുന്ന ഫണ്ടിന്റെ ഭൂരിപക്ഷവും പുതിയൊരു കമ്പനിയെ ഏറ്റെടുക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ, റീട്ടെയിൽ നിക്ഷേപകർ ജാഗ്രതയോടെ സമീപിക്കുന്നതാകും ഉചിതമെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. നിലവിൽ അനൗദ്യോഗിക വിപണിയിൽ ആസ്ത സ്പിൻടെക്സ് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയമായി 5.50 രൂപയാണ് അഥവാ 4 ശതമാനമായാണ് രേഖപ്പെടുത്തുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഈ ഓഹരിയുടെ അരങ്ങേറ്റം കുറിക്കുന്ന ദിവസം വരെ ഇതേ തോതിലെങ്കിലും ഗ്രേ മാർക്കറ്റ് പ്രീമിയം നിലനിർത്താനായാൽ ചെറിയ ലിസ്റ്റിംഗ് നേട്ടം പ്രതീക്ഷിക്കാമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine