മുന്നില്‍ അദാനിയും അംബാനിയും; നിക്ഷേപകര്‍ക്ക് നേട്ടം നല്‍കിയ ഓഹരികള്‍ ഇവയാണ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയ രണ്ട് ഓഹരികളും അദാനി ഗ്രൂപ്പിന്റേതാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഈ കമ്പനികള്‍. ആനുവല്‍ വെല്‍ത്ത് ക്രിയേഷന്‍ സ്റ്റഡി 2022ന്റെ ഭാഗമായി മോത്തിലാല്‍ ഓസ്‌വാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അദാനി കമ്പനികള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയത്.

ഓരോ വര്‍ഷവും ഈ കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് ഇരട്ടിയോളം നേട്ടമാണ്. അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ CAGR വളര്‍ച്ച 97 ശതമാനവും അദാനി ട്രാന്‍സ്മിഷന്റേത് 106 ശതമാനവും ആണ്. അതേ സമയം വലുപ്പത്തിന്റെ കാര്യത്തില്‍ (M-cap) മുകേഷ് അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലാണ് മുന്നില്‍. 2017-22 കാലയളവില്‍ 13 ട്രില്യണ്‍ രൂപയുടെ നേട്ടമാണ് റിലയന്‍സ് ഓഹരികള്‍ നല്‍കിയത്.

വിപണി മൂല്യം( വലുപ്പം), ഓഹരി വിലയിലെ ഉയര്‍ച്ച (വേഗത), പ്രകടനത്തിലെ സ്ഥിരത എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആണ് കമ്പനികളെ ഓസ്‌വാള്‍ താരതമ്യം ചെയ്തത്. എല്ലാ വിഭാഗങ്ങളും ചേര്‍ത്തുള്ള റാങ്കിങ്ങില്‍ L&T, Mindtree, Divi's Labs, SRF, Bajaj Finance, Reliance Industries, Titan,Coforge എന്നിവയാണ് അദാനി കമ്പനികളെ കൂടാതെ ആദ്യ പത്തിലുള്ളത്.

വലുപ്പത്തില്‍ റിലയന്‍സ് ഇന്‍സ്ട്രീസ്, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, അദാനി ട്രാന്‍സ്മിഷന്‍, എച്ച്‌യുഎല്‍, എയര്‍ടെല്‍, വിപ്രോ എന്നിവയ്ക്കാണ് ആദ്യ 10 സ്ഥാനങ്ങള്‍.

വിപണി മൂല്യം ഇടിഞ്ഞ കമ്പനികളില്‍ വോഡാഫോണ്‍ ഐഡിയ (1.7 ട്രില്യണ്‍ രൂപ), ഇന്ത്യന്‍ ഓയില്‍ (71,300 കോടി), കോള്‍ ഇന്ത്യ (67,900 കോടി) എന്നീ കമ്പനികളാണ് മുന്നില്‍. ആദ്യ 100ല്‍ ഉള്ള കമ്പനികളെല്ലാം ചേര്‍ന്ന് 5 വര്‍ഷം കൊണ്ട് 92.5 ട്രില്യണ്‍ രൂപയുടെ വളര്‍ച്ചയാണ് നേടിയത്. അതേ സമയം ഓഹരി വില ഇടിഞ്ഞ കമ്പനികളുടെയെല്ലാം കൂടി നഷ്ടം 14.2 ട്രില്യണ്‍ രൂപയോളം ആണ്.

Related Articles
Next Story
Videos
Share it