

ശതകോടീശ്വരന്‍ ഗൗതം അദാനി വില്‍മര്‍ ഇന്റര്‍നാഷണലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. 24 മണിക്കൂറിനിടെ ബാക്കിയുണ്ടായിരുന്ന മുഴുവന്‍ ഓഹരികളും വിറ്റഴിച്ചതോടെയാണിത്. ഇന്നലെ (ജൂണ്‍ 17, വ്യാഴം) 7,150 കോടി രൂപയ്ക്ക് 20 ശതമാനം ഓഹരികള്‍ അദാനി എന്റര്‍പ്രൈസസ് വിറ്റഴിച്ചിരുന്നു. വില്‍മര്‍ ഇന്റര്‍നാഷണലിന്റെ സബ്‌സിഡിയറി കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡാണ് ഈ ഓഹരികള്‍ വാങ്ങിയത്.
ഇന്ന് (ജൂണ്‍ 18, വെള്ളി) ബാക്കിയുണ്ടായിരുന്ന 10.42 ശതമാനം ഓഹരികള്‍ കൂടി 3,733 കോടി രൂപയ്ക്ക് വിറ്റതോടെയാണ് സംയുക്ത സംരംഭത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് പുറത്തുകടന്നത്. എഫ്.എം.സി.ജി ബിസിനസില്‍ നിന്ന് കൂടുതല്‍ ലാഭക്ഷമതയുള്ള മേഖലയിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദാനി ഗ്രൂപ്പിന്റെ പിന്മാറ്റം.
യു.കെ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണ് ബ്ലോക്ക് ഡീലിലൂടെ ബാക്കിയുള്ള ഓഹരികള്‍ സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 275.5 രൂപയ്ക്കായിരുന്നു ഇടപാട്.
സംയുക്ത സംരംഭത്തില്‍ അദാനി ഗ്രൂപ്പിനും വില്‍മറിനും 44 ശതമാനം വീതമായിരുന്നു ഓഹരി പങ്കാളിത്തം. ജനുവരിയില്‍ കമ്പനിയിലെ 13.5 ശതമാനം ഓഹരികള്‍ 4,855 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വില്‍മറിന് കൈമാറിയിരുന്നു.
എ.ഡബ്ല്യു.എല്‍ അഗ്രി ബിസിനസ് ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 17,059 കോടി രൂപയിലെത്തി. ഭക്ഷ്യഎണ്ണ വില്പനയില്‍ നിന്നാണ് കമ്പനിയുടെ വരുമാനത്തിന്റെ ഏറിയപങ്കും, 13,415 കോടി രൂപ. ഇന്നലെ ഉണര്‍വിലായിരുന്ന ഓഹരികള്‍ ഇന്ന് 1.5 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine