അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടിയുടെ ഓഹരി വില്‍പ്പന ഉടന്‍ ?

കഴിഞ്ഞ നവംബറിലാണ് എഫ്പിഒയിലൂടെ (Follow-on Public Offer) ധനസമാഹരണത്തിന് ഒരുങ്ങുന്ന വിവരം അദാനി എന്റര്‍പ്രൈസസ് പ്രഖ്യാപിച്ചത്. 20,000 കോടി രൂപയാണ് എഫ്പിഒയിലൂടെ അദാനി കമ്പനി സമാഹരിക്കുന്നത്. ലിസ്റ്റ് ചെയ്ത കമ്പനി വീണ്ടും പുതിയ ഓഹരികളിലൂടെ വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്ന രീതിയാണ് എഫ്പിഒ. യെസ് ബാങ്കിന്റെ 15,000 കോടി എഫ്പിഒ റെക്കോര്‍ഡ് ആണ് അദാനി ഗ്രൂപ്പ് മറികടക്കുന്നത്.

യൂണിയന്‍ ബജറ്റിന് മുന്‍പ് അദാനി ഗ്രൂപ്പ് എഫ്പിഒ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിനാണ് യൂണിയന്‍ ബജറ്റ് അവതരണം. ധനസമാഹരണത്തിന്റെ ഭാഗമായി റോഡ്‌ഷോകള്‍ നടത്തിവരുകയാണ് അദാനി ഗ്രൂപ്പ്. Partly Paid-up രീതിയിലാണ് ഓഹരികള്‍ വില്‍ക്കുന്നത്. അതായത് നിക്ഷേപകര്‍ ഒന്നിലധികം ഘട്ടങ്ങളായി ഓഹരി വില നല്‍കിയാല്‍ മതി. ഈ രീതിയില്‍ കമ്പനിയുടെ ആവശ്യം അനുസരിച്ച് ധനസമാഹരണം നടത്താന്‍ അദാനി എന്റര്‍പ്രൈസസിന് സാധിക്കും.

രണ്ട് വര്‍ഷം മുമ്പ് റൈറ്റ്‌സ് ഇഷ്യൂവില്‍ (Rights Issuse) പാര്‍ഷ്യലി പെയ്ഡ് അപ് രീതിയിലാണ് റിലയന്‍സ് ഓഹരികള്‍ വിറ്റത്. അന്ന് 3 തവണകളായാണ് റിലയന്‍സ് 53,124 കോടി രൂപ സമാഹരിച്ചത്. അതേ സമയം യെസ് ബാങ്ക് എഫ്പിഒ നടത്തിയത് ഒറ്റത്തവണയായി ആണ്. രണ്ട് ഘട്ടങ്ങളിലായി 20,000 കോടി സമാഹരിക്കാനാണ് അദാനി എന്റര്‍പ്രൈസസ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 10,000 രൂപയില്‍ താഴെയാവും സമാഹരിക്കുക എന്നാണ് വിവരം. എഫ്പിഒയ്ക്ക് ശേഷം പാര്‍ഷ്യലി പെയ്ഡ് അപ് ഓഹരികളുടെ വ്യാപാരം വിപണിയില്‍ പ്രത്യേകം ആയിട്ടായിരിക്കും നടക്കുക.

ഇന്ത്യന്‍ വിപണിയിലെ ടോപ് 5 എഫ്പിഒകള്‍ (കോടി രൂപയില്‍)

  • യെസ് ബാങ്ക് (2020)-15,000
  • ഒഎന്‍ജിസി (2004) - 10,542
  • ഐസിഐസിഐ ബാങ്ക് (2007)-10,044
  • എന്‍എംഡിസി(2010)- 9,930
  • എന്‍ടിപിസി(2010)- 8,480
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it