അദാനി എഫ്പിഒ; അവസാന ദിനം വേണ്ടത് 13,000 കോടിയിലധികം

അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി തുടര്‍ വില്‍പ്പന (എഫ്പിഒ) ഇന്ന് അവസാനിക്കും. തിങ്കളാഴ്ച മൂന്ന് ശതമാനം മാത്രമാണ് എഫ്പിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 20,000 കോടി രൂപ ലക്ഷ്യമിടുന്ന എഫ്പിഒയില്‍ ഇന്നലെ വൈകുന്നേരം വരെ 450 കോടി രൂപയുടെ അപേക്ഷയേ ഉണ്ടായിട്ടുള്ളൂ. വാഗ്ദാനങ്ങള്‍ മൊത്തം 10,000 കോടി രൂപയ്ക്കു മുകളില്‍ ആയിട്ടുണ്ട്.

ആങ്കര്‍ നിക്ഷേപകര്‍ 5985 കോടി രൂപ നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അബുദാബിയിലെ നിക്ഷേപ ഗ്രൂപ്പായ ഐഎച്ച്‌സി (ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി) 3020 കോടി രൂപ (40 കോടി ഡോളര്‍) എഫ്പിഒയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. യുഎഇ പ്രസിഡന്റിന്റെ സഹോദരനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ തഹ്നൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഐഎച്ച്‌സിയുടെ മേധാവി.

ഐഎച്ച്‌സി ഇതുവരെ അദാനി ഗ്രൂപ്പില്‍ 200 കോടി ഡോളര്‍ (16,000 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ആങ്കര്‍ നിക്ഷേപകരെന്ന നിലയില്‍ എല്‍ഐസി എഫ്പിഒയില്‍ നിക്ഷേപിച്ചത് 300 കോടി രൂപയാണ്. എല്‍ഐസിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് നേരിടുന്ന ആരോപണങ്ങളില്‍ എല്‍ഐസി വിശദീകരണവും തേടും.

അദാനി എഫ്പിഒ വിജയിക്കുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്ന വിഷയം. എഫ്പിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടാന്‍ 13,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇനി വേണ്ടത്. ഇഷ്യു വില കുറയ്ല്‍, തീയതി നീട്ടല്‍ എന്നിവയ്ക്കുള്ള സാധ്യത അദാനി ഗ്രൂപ്പ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പൂര്‍ണമായി എഫ്പിഒ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടില്ലെങ്കില്‍ എഫ്പിഒ പ്രൈസ് ബാന്‍ഡ് കുറച്ചേക്കും. 3112-3276 രൂപയാണ് എഫ്പിഒയുടെ പ്രൈസ് ബാന്‍ഡ്. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 3022 രൂപയാണ്.

കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 5.6 ലക്ഷം കോടിയുടെ ഇടിവാണ് ഉണ്ടായത്. ആസ്തി ഇടിഞ്ഞതിനെ തുടര്‍ന്ന് ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനി പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 84.4 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it