പകുതി വില നല്‍കി വാങ്ങാം; 20,000 കോടിയുടെ അദാനി എഫ്പിഒ ജനുവരി 27 മുതല്‍
ഫോളോ-ഓണ്‍-പബ്ലിക് ഓഫറിനുള്ള (FPO) രേഖകള്‍ സമര്‍പ്പിച്ച് അദാനി എന്റര്‍പ്രൈസസ്. ലിസ്റ്റ് ചെയ്ത കമ്പനി വീണ്ടും പുതിയ ഓഹരകളിലൂടെ വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്ന രീതിയാണ് എഫ്പിഒ. ജനുവരി 27ന് ആരംഭിക്കുന്ന എഫ്പിഒ 31ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് ജനുവരി 25 മുതല്‍ എഫ്പിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ വില പ്രൈസ്ബാന്‍ഡ് 3112-3276 രൂപയാണ്.
ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 65 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് നാല് ഓഹരികളിലെങ്കിലും നിക്ഷേപം നടത്തണം. കമ്പനിയിലെ ജീവനക്കാര്‍ക്കായി 50 കോടിയുടെ ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്. നിക്ഷേപകര്‍ മൂന്ന് ഘട്ടമായി ഓഹരികളുടെ തുക നല്‍കിയാല്‍ മതി. ആദ്യഘട്ടത്തില്‍ എഫ്പിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആകെ തുകയുടെ 50 ശതമാനം ആണ് നല്‍കേണ്ടത്.
സമാഹരിക്കുന്ന തുകയില്‍ 11,000 കോടി രൂപ ഹരിത ഹൈഡ്രജന്‍, വിമാനത്താവള പദ്ധതികള്‍ക്കായി ചെലവഴിക്കും. കടം വീട്ടാനായി 4165 കോടി രൂപയാണ് നീക്കിവെക്കുന്നത്. ഹരിത ഹൈഡ്രജന്‍ മേഖലയില്‍ 2030ഓടെ 70 ശതകോടി ഡോളറിന്റെ നിക്ഷേപം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. സൗരോര്‍ജ്ജ വൈദ്യുതി, വിമാനത്താവള നവീകരണം, റോഡ് നിര്‍മാണം തുടങ്ങി നിരവധി പദ്ധതികളിലായി വമ്പന്‍ നിക്ഷേപത്തിനുള്ള തയ്യാറെടുപ്പിലാണ് അദാനി ഗ്രൂപ്പ്.
എഫ്പിഒ പ്രഖ്യാപനത്തിന് പിന്നാലെ അദാനി ഓഹരികള്‍ ഇന്ന് 3 ശതമാനത്തിലധികം ഇടിഞ്ഞു. നിലവില്‍ 3465.70 രൂപയിലാണ് (10.20 AM) ഓഹരികളുടെ വ്യാപാരം. ഫോളോ ഓൺ പബ്ലിക് ഓഫറിന് വച്ചിരിക്കുന്ന വില പ്രതീക്ഷയിലും കുറവായത് അഡാനി എന്റർപ്രൈസസിന്റെ വില താഴാൻ കാരണമായി.