ലാഭം 50 ശതമാനത്തിലധികം ഉയര്‍ത്തി അദാനിക്കമ്പനികള്‍; ആരോപണങ്ങളുടെ മുനയൊടിഞ്ഞോ?

ലക്ഷ്യമിടുന്നത് ഏഴരലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ്
Adani Group to invest Rs 7 lakh crore for green initiatives
Image courtesy: adani group
Published on

പ്രകടനം മെച്ചപ്പെടുകയും ലാഭക്ഷമത വര്‍ധിക്കുകയും ചെയ്തതോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ അദാനി ഗ്രൂപ്പ്. അമേരിക്കന്‍ നിക്ഷേപ ഗവേഷണസ്ഥാപനവും ഷോര്‍ട്ട്‌സെല്ലര്‍മാരുമായ ഹിന്‍ഡെന്‍ബര്‍ഗും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെയും തൊടുത്തുവിട്ട ആരോപണങ്ങള്‍ വന്‍ തിരിച്ചടിയായെങ്കിലും അവയെല്ലാം തരണം ചെയ്ത് അദാനി ഗ്രൂപ്പ് കമ്പനികള്‍ കരകയറുന്നുവെന്ന് കഴിഞ്ഞവർഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓഹരിവില കൃത്രിമമായി പെരുപ്പിച്ചശേഷം അവ ഈടുവച്ച് വായ്പകള്‍ നേടിയെന്നത് അടക്കമുള്ള ആരോപണങ്ങളായിരുന്നു അദാനി ഗ്രൂപ്പിനുമേല്‍ ഉയര്‍ന്നത്.

ഇത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കൂപ്പകുത്താനും വിപണിമൂല്യം ഇടിയാനും വഴിവച്ചിരുന്നു. എന്നാല്‍, നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയും വായ്പകള്‍ കാലാവധിക്ക് മുന്നേ തിരിച്ചടച്ചും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അദാനി ഗ്രൂപ്പ് നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടുവെന്നും വ്യക്തമാക്കുന്നതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) പ്രവര്‍ത്തനഫലക്കണക്കുകള്‍.

ലാഭത്തില്‍ 55% കുതിപ്പ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത ലാഭം 30,767 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 19,833 കോടി രൂപയേക്കാള്‍ 55 ശതമാനം അധികം. ലാഭക്ഷമതയുടെ മുഖ്യ അളവുകോലുകളിലൊന്നായ എബിറ്റ്ഡ അഥവാ നികുതി, പലിശ തുടങ്ങിയവയ്ക്ക് മുമ്പുള്ള ലാഭം കഴിഞ്ഞവര്‍ഷം ഉയര്‍ന്നത് 40 ശതമാനമാണ്.

പുതിയ പദ്ധതികളും

അദാനി ഗ്രൂപ്പ് നവി മുംബൈയിൽ സജ്ജമാക്കുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവളം നടപ്പുവര്‍ഷം തന്നെ യാഥാര്‍ത്ഥ്യമായേക്കും. തിരുവനന്തപുരം വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖവും സജ്ജമാകുന്നു.

ഇതിനുപുറമേ ഇന്ത്യക്കകത്തും പുറത്തും നിരവധി പുനരുപയോഗ ഊര്‍ജ പ്ലാന്റുകളും അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നുണ്ട്. അടുത്ത 10 വര്‍ഷത്തിനകം 9,000 കോടി ഡോളറിന്റെ (ഏകദേശം ഏഴരലക്ഷം കോടി രൂപ) വികസന പദ്ധതികളാണ് കമ്പനി നടപ്പാക്കുക.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയുടെ ഓഹരികള്‍ക്ക് 'വാങ്ങല്‍' (buy) റേറ്റിംഗും നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com