കാലവധിക്ക് കാത്തുനില്‍ക്കാതെ വായ്പകള്‍ തിരിച്ചടക്കാന്‍ അദാനി

കാലവധി അവസാനിക്കും മുമ്പ് 110 കോടി ഡോളറിന്റെ (9100 കോടിയോളം രൂപ) വായ്പകള്‍ തിരിച്ചടയ്ക്കുമെന്ന് അദാനി ഗ്രൂപ്പ്. 2024 സെപ്റ്റംബറില്‍ വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകളാണിവ. അദാനി കമ്പനികളുടെ ഓഹരി വില ഇടിയുന്ന സാഹചര്യത്തില്‍ ബാധ്യതകള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.

അദാനി ഗ്രീന്‍ (2.75 കോടി ഓഹരി), അദാനി പോര്‍ട്‌സ് (16.27 കോടി ഓഹരി),അദാനി ട്രാന്‍സ്മിഷന്‍ (1.17 കോടി ഓഹരി) എന്നീ കമ്പനികളുടെ ഓഹരികള്‍ ഈട് നല്‍കി എടുത്ത വായ്പകളാണ് തിരിച്ചടയ്ക്കുന്നത്. മൂലധന ചെലവുകള്‍ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്.

അദാനി ട്രാന്‍സ്മിഷന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദഫലങ്ങളും ഇന്ന് പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 73 ശതമാനം ഉയര്‍ന്ന് 478 കോടി രൂപയിലെത്തി. 3037 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

അതേ സമയം ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു അദാനി ട്രാന്‍സിഷന്‍ ഓഹരികള്‍. ഓഹരി വില 10 ശതമാനം ഇടിഞ്ഞ് 1256.45 രൂപയിലെത്തി. എസിസി, അംബുജ സിമന്റ്, അദാനി പോര്‍ട്ട്‌സ്, എന്‍ഡിടിവി ഒഴികെയുള്ള അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles
Next Story
Videos
Share it