പണം തേടി അദാനി, അബുദാബി കനിയുമോ
അദാനി ഗ്രൂപ്പ് മൂലധന സമാഹരണത്തിനായി പശ്ചിമേഷ്യന്‍ നിക്ഷേപകരെ സമീപിക്കുന്നതായി റിപ്പോര്‍ട്ട്. ചെയര്‍മാന്‍ ഗൗതം അദാനിയും ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗും ഒരാഴ്ചയായിലേറെയായി ഗള്‍ഫിലാണ്. അദാനി ഗ്രൂപ്പില്‍ കഴിഞ്ഞ വര്‍ഷം 200 കോടി ഡോളര്‍ നിക്ഷേപിച്ച ഐഎച്ച്‌സി (ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി) എഡിഐഎ (അബുദാബി ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റി) എന്നിവയുമായാണു പ്രധാന ചര്‍ച്ച.
ഗ്രൂപ്പില്‍ മൂലധന നിക്ഷേപത്തിന് ഇത്തരം നിക്ഷേപനിധികള്‍ തയാറാകുന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തി ഓഹരി-കടപ്പത്ര വിലയിടിവ് തടയും എന്നാണ് കരുതുന്നത്. അടുത്തിടെ പിന്‍വലിച്ച ഓഹരി തുടര്‍വില്‍പനയില്‍ (എഫ്പിഒ) ഗണ്യമായ നിക്ഷേപത്തിന് ഇവര്‍ തയാറായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അഭ്യര്‍ഥനയോട് അത്ര അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. പ്രിഫറന്‍ഷ്യല്‍ ഓഹരി നല്‍കിയാേ വാറന്റ് നല്‍കിയോ നിക്ഷേപം സ്വീകരിക്കാന്‍ അദാനി തയ്യാറാണ്. വിലയും മറ്റ് ഉപാധികളും തര്‍ക്കവിഷയങ്ങളാണ്.
ഇതിനിടെ മുംബൈ എയര്‍പോര്‍ട്ട് പോലുള്ള ആസ്തികളില്‍ ഗള്‍ഫ് ഫണ്ടുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും റിപ്പാേര്‍ട്ട് ഉണ്ട്. യുഎഇ പ്രസിഡന്റ് കൂടിയായ അബുദാബി ഭരണാധികാരി മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങളാണ് എഡിഐഎയും ഐഎച്ച്‌സിയും. ഇന്നലെയും അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ചയിലായിരുന്നു. 51,000 കോടി രൂപയുടെ വിപണിമൂല്യം ഇന്നലെ നഷ്ടമായി.
അദാനി ഓഹരികള്‍ ഇന്നും ഇടിവില്‍
അദാനി ഗ്രൂപ്പിന് കീഴിലുള്ള ഭൂരിഭാഗം കമ്പനികളുടെയും ഓഹരികള്‍ ഇന്നും ഇടിയുകയാണ്. അദാനി പോര്‍ട്ട്‌സിന്റെ ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍, എന്‍ഡിടിവി, അദാനി ഗ്രീന്‍ തുടങ്ങിയവ ലോവര്‍ സര്‍ക്യൂട്ടിലാണ്.