അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറിലേക്ക്
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറിലേക്ക് (ഏകദേശം 8 ലക്ഷം കോടി രൂപ). ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ശേഷം അദാനി കമ്പനികളുടെ ഓഹരികള്‍ തുടര്‍ച്ചയായി ഇടിയുകയാണ്. ഓഹരി വില കുത്തനെ താഴ്ന്നതിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് 20,000 കോടി രൂപയുടെ ഓഹരി തുടര്‍ വില്‍പ്പന (എഫ്പിഒ) ഇന്നലെ പിന്‍വലിച്ചിരുന്നു.
അദാനി ഓഹരികള്‍- ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് മുമ്പും ശേഷവുമുള്ള വില
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ ഇന്ന് 10 ശതമാനത്തോളം ആണ് ഇടിഞ്ഞത്. നിലവില്‍ ഗ്രൂപ്പിന് കീഴിലുള്ള എസിസി, അംബുജാ സിമന്റ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. അദാനി വില്‍മാര്‍ ഓഹരി ലോവര്‍ സര്‍ക്യൂട്ടിലാണ്.
ക്രെഡിറ്റ് സ്വീസിന് പിന്നാലെ അദാനി കമ്പനികളുടെ ബോണ്ടുകളിന്മേല്‍ വായ്പ നല്‍കുന്നത് സിറ്റിഗ്രൂപ്പും അവസാനിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികളുടെയും ബോണ്ടുകളുടെയും വില താഴുന്ന പശ്ചാത്തലത്തിലാണ് നടപടി.
സമ്പന്ന പട്ടികയിൽ പതിനാറാമൻ
ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനി ഇപ്പോള്‍ പതിനാറാമതാണ്. 69 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ഒരു ദിവസം കൊണ്ട് 19.7 ശതകോടി ഡോളറിന്റെ ഇടിവാണ് ആസ്തിയിലുണ്ടയാത്. 83.4 ശതകോടി ഡോളര്‍ ആസ്തിയുള്ള റിലയന്‍സിന്റെ മുകേഷ് അംബാനി പട്ടികില്‍ പത്താം സ്ഥാനത്താണ്.