എന്‍ഡിടിവിക്ക് വേണ്ടിയുള്ള അദാനിയുടെ ഓപ്പണ്‍ ഓഫര്‍ തുടങ്ങി

എന്‍ഡിടിവിയുടെ (NDTV) 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ (Adani Group) ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചു. 294 രൂപ നിരക്കില്‍ ഓഹരികള്‍ ഏറ്റെടുക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഫര്‍. 16.7 ദശലക്ഷം ഓഹരികള്‍ അടങ്ങിയ ഓപ്പണ്‍ ഓഫറില്‍ അദാനി ഗ്രൂപ്പ് 493 കോടി രൂപയാണ് ചെലവഴിക്കുന്നത്.

ഡിസംബര്‍ അഞ്ചിനാണ് ഓപ്പണ്‍ ഓഫര്‍ അവസാനിക്കുന്നത്. ഓപ്പണ്‍ ഓഫറിനെക്കാള്‍ 76 രൂപ ഉയര്‍ന്ന് 373.90 രൂപയിലാണ് ഇപ്പോള്‍ എന്‍ഡിടിവി ഓഹരികളുടെ വില. പൊതു നിക്ഷേപകര്‍ക്ക് 38.55 ശതമാനം ഓഹരികളാണ് കമ്പനിയില്‍ ഉള്ളത്. ഇന്ന് വ്യാപാരം തുടങ്ങിയ ശേഷം എന്‍ഡിടിവി ഓഹരികള്‍ 1.89 ശതമാനത്തോളം (11.15 PM) ആണ് ഇടിഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരികള്‍ക്കുണ്ടായത് 7.99 ശതമാനം ഇടിവാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിന്റെ 99.99 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്ന വിശ്വപ്രധാന്‍ കൊമേഴ്‌സ്യലിനെ ഏറ്റെടുക്കുകയാണ് അദാനി ചെയ്തത്. ഓപ്പണ്‍ ഓഫറിനോട് നിക്ഷേപകര്‍ അനുകൂലമായി പ്രതികരിച്ചാല്‍ 55.18 ശതമാനം ഓഹരി വിഹിതവുമായി എന്‍ഡിടിവിയുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തും.

Related Articles
Next Story
Videos
Share it