അഞ്ച് ദിവസത്തിനിടെ 14 ശതമാനത്തിന്റെ നേട്ടം, അദാനി പവര്‍ പുതിയ ഉയരങ്ങളിലേക്കോ?

ആറ് മാസത്തിനിടെ ഓഹരി വില 48.40 ശതമാനമാണ് വര്‍ധിച്ചത്
അഞ്ച് ദിവസത്തിനിടെ 14 ശതമാനത്തിന്റെ നേട്ടം,  അദാനി പവര്‍ പുതിയ ഉയരങ്ങളിലേക്കോ?
Published on

വിപണി ചാഞ്ചാടുമ്പോഴും നേട്ടമുണ്ടാക്കി അദാനി പവര്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അദാനി പവറിന്റെ ഓഹരി വിലയില്‍ 13.61 ശതമാനത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്. വെള്ളിയാഴ്ച മാത്രം ഈ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നത് 9 ശതമാനത്തോളമാണ്. ഒരു മാസത്തിനിടെ 16 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ആറ് മാസത്തിനിടെ ഓഹരി വില 48.40 ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍, 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 154 രൂപയുടെ തൊട്ടടുത്താണ് അദാനി പവറിന്റെ ഓഹരി വില. 143.96 രൂപ എന്ന നിലയിലാണ് ഈ ഓഹരി വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത്.

നേരത്തെ, വിപണിയില്‍ മുന്നേറിയിരുന്ന അദാനി പവര്‍, അദാനി ഗ്രൂപ്പുകളിലെ മൂന്ന് വിദേശ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താഴ്ചയിലേക്ക് വീണത്. 2021 ഓഗസ്റ്റില്‍ അദാനി പവറിന്റെ ഓഹരി വില 73 രൂപയിലേക്ക് വരെ താഴ്ന്നു. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതോടെയാണ് ഈ കമ്പനി ഉയരാന്‍ തുടങ്ങിയത്.

കഴിഞ്ഞദിവസം പൂര്‍ണ ഉടമസ്ഥതയിലുള്ള ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അദാനി പവര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ (മുന്ദ്ര) ലിമിറ്റഡ്, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റായ്പൂര്‍ എനര്‍ജന്‍ ലിമിറ്റഡ്, റായ്ഗഡ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിക്കുന്ന അനുബന്ധ സ്ഥാപനങ്ങള്‍. ഈ കമ്പനികള്‍ അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. ലയനം 2021 ഒക്ടോബര്‍ 1 തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഫലമായി ആറ് ഉപസ്ഥാപനങ്ങളുടെയും മുഴുവന്‍ ആസ്തികളും ബാധ്യതകളും അദാനി പവറിനായിരിക്കും. കൂടാതെ, ജപ്പാന്‍ കമ്പനിയായ ഐഎച്ച്‌ഐ കോര്‍പ്പറേഷനുമായും കോവ കമ്പനിയുമായും (കോവ) കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com