അമേരിക്കന്‍ പ്രഹരത്തില്‍ നിന്ന്‌ തിരിച്ചുകയറി അദാനി ഓഹരികള്‍, നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് കാരണം ഇതാണ്

വെള്ളിയാഴ്ച അദാനി ഗ്രൂപ്പ് ഓഹരികൾ 14 ശതമാനം വരെ ഇടിഞ്ഞിരുന്നു.
adani, stock market
Image Courtesy: Canva
Published on

അമേരിക്കയിലെ നിയമനടപടികളുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുടര്‍ന്ന് കഴിഞ്ഞ വാരത്തില്‍ നേരിട്ട കനത്ത ഇടിവില്‍ നിന്ന് കരുത്തുറ്റ തിരിച്ചുവരവ് നടത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍. വിവാദമായ യുഎസ് കോടതി നടപടികളില്‍ കമ്പനി കക്ഷിയല്ലെന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ഔദ്യോഗികമായി വിശദീകരണം നല്‍കിയതാണ് വിപണിയില്‍ ആശ്വാസമായത്.

മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ബിഎസ്ഇയും എന്‍എസ്ഇയും നല്‍കിയ നോട്ടീസിന് മറുപടിയായാണ് അദാനി എന്റര്‍പ്രൈസസ് ജനുവരി 24-ന് വിശദീകരണം നല്‍കിയത്. റിപ്പോര്‍ട്ടുകളില്‍ പറയുന്ന നിയമനടപടികളില്‍ കമ്പനി ഒരു കക്ഷിയല്ലെന്നും കമ്പനിക്കെതിരെ യാതൊരുവിധ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങള്‍ സെബിയുടെ ലിസ്റ്റിംഗ് നിബന്ധനകള്‍ പ്രകാരം പുതിയ വെളിപ്പെടുത്തലുകള്‍ ആവശ്യമുള്ള ഒന്നല്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഓഹരികളുടെ മുന്നേറ്റം

ഇന്ന് വ്യാപാരം ആരംഭിച്ചതിനു ശേഷം അദാനി ഗ്രൂപ്പിന്റെ മിക്ക ഓഹരികളും വലിയ നേട്ടത്തിലാണ്. വ്യാപാരത്തിനിടെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരി വില 6% വര്‍ധിച്ച് 818.4 രൂപയില്‍ എത്തി.

അദാനി എന്റര്‍പ്രൈസസ് ഓഹരി വില 5.4% ഉയര്‍ന്ന് 1,963.15 രൂപയായി. അദാനി എനര്‍ജി സൊല്യൂഷന്‍സ് 4% നേട്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്സ് 4 ശതമാനം ഉയര്‍ന്ന് 1,362.90 രൂപയിലെത്തി.

കൂടാതെ അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അംബുജ സിമന്റ്‌സ്, എസിസി എന്നീ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച (ജനുവരി 23) അദാനി ഗ്രൂപ്പ് ഓഹരികൾ 14 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഈ കനത്ത തകർച്ചയ്ക്ക് ശേഷമാണ് ഇപ്പോൾ ഓഹരി വിപണിയിൽ ശക്തമായ തിരിച്ചുവരവ് പ്രകടമാകുന്നത്.

കേസിന്റെ നാള്‍ വഴികള്‍

സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗൗതം അദാനി, മരുമകന്‍ സാഗര്‍ അദാനി എന്നിവര്‍ക്ക് ഇമെയില്‍ വഴി സമന്‍സ് അയക്കാന്‍ അനുമതി തേടി അമേരിക്കന്‍ റെഗുലേറ്ററായ എസ്ഇസി കോടതിയെ സമീപിച്ചതാണ് കഴിഞ്ഞ വെള്ളിയാഴ്ച വിപണിയില്‍ അദാനി ഓഹരികളില്‍ വന്‍ ഇടിവിന് കാരണമായത്. ഇന്ത്യന്‍ നിയമമന്ത്രാലയം വഴി സമന്‍സ് നല്‍കാനുള്ള ശ്രമങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എസ്ഇസിയുടെ ഈ നീക്കം.

2024 നവംബറിലാണ് സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നിഷേധിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com