അണിയറയില്‍ വമ്പന്‍ പദ്ധതികള്‍; എഫ്പിഒയിലൂടെ 20,000 കോടി സമാഹരിക്കാന്‍ ഒരുങ്ങി അദാനി

എഫ്പിഒയിലൂടെ (Follow-on Public Offer) ധനസമാഹരണത്തിന് ഒരുങ്ങി അദാനി എന്റര്‍പ്രൈസസ് (Adani Enterprises). 20,000 കോടി രൂപയാണ് എഫ്പിഒയിലൂടെ അദാനി ഗ്രൂപ്പ് സമാഹരിക്കുന്നത്. അദാനി കമ്പനിയുടേത് രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒ ആയിരിക്കും.

2020ല്‍ യെസ് ബാങ്ക് നടത്തിയ 15,000 കോടി രൂപയുടെ എഫ്പിഒയ്ക്ക് ആണ് നിലവിലെ റെക്കോര്‍ഡ്. ഒരു രൂപ മുഖവിലയുള്ള ഓഹരികളാണ് എഫ്പിഒയിലൂടെ അദാനി എന്റര്‍പ്രൈസസ് വില്‍ക്കുന്നത്. ഗ്രീന്‍ എനര്‍ജി മുതല്‍ ഡാറ്റ സെന്ററുകള്‍ വരെ നീളുന്ന വമ്പന്‍ നിക്ഷേപ പദ്ധതികള്‍ അദാനി ഗ്രൂപ്പിനുണ്ട്. കടബാധ്യത കുറയ്ക്കാനും പുതിയ നിക്ഷേപങ്ങള്‍ നടത്താനും എഫ്പിഒ അദാനി എന്റര്‍പ്രൈസസിനെ സഹായിക്കും. 2023 മാര്‍ച്ചിലാവും എഫ്പിഒ പൂര്‍ത്തിയാവുക.

അദാനി എന്റര്‍പ്രൈസസിന്റെ 27.4 ശതമാനം ഓഹരികളാണ് നിക്ഷേപകരുടെ കൈയ്യിലുള്ളത്. 72.63 ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെ കൈകളിലാണ്. ഈ വര്‍ഷം ജനുവരിയില്‍ അദാനി വില്‍മാര്‍ ഐപിഒയിലൂടെ ഗ്രൂപ്പ് 3,600 കോടി രൂപ സമാഹരിച്ചിരുന്നു. നിലവില്‍ 3,900.05 രൂപയാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില. 2022 തുടങ്ങിയ ശേഷം ഇതുവരെ 127.12 ശതമാനം നേട്ടമാണ് അദാനി എന്റര്‍പ്രൈസസ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

ഇന്ത്യന്‍ വിപണിയിലെ ടോപ് 5 എഫ്പിഒകള്‍ (കോടി രൂപയില്‍)

  • യെസ് ബാങ്ക് (2020)-15,000
  • ഒഎന്‍ജിസി (2004) - 10,542
  • ഐസിഐസിഐ ബാങ്ക് (2007)-10,044
  • എന്‍എംഡിസി(2010)- 9,930
  • എന്‍ടിപിസി(2010)- 8,480
Related Articles
Next Story
Videos
Share it