Begin typing your search above and press return to search.
അദാനി ₹60,000 കോടിയുടെ മെഗാ വായ്പയെടുക്കുന്നു; ലക്ഷ്യം വന്‍ വികസന പദ്ധതികള്‍
ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വിവിധ വികസന പദ്ധതികള്‍ക്കായി 60,000 കോടി രൂപ സമാഹരിക്കുന്നു. ഇതില്‍ ബാങ്കുകളില്‍ നിന്നുള്ള മെഗാ വായ്പയ്ക്ക് പുറമേ പൊതുവിപണിയില്‍ നിന്ന് ഇക്വിറ്റി ഓഹരികളിറക്കിയുള്ള സമാഹരണവുമുണ്ടാകുമെന്നാണ് സൂചനകള്‍.
വായ്പ നല്‍കാന്‍ എസ്.ബി.ഐ നയിക്കുന്ന 5 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് എസ്.ബി.ഐയോ അദാനി ഗ്രൂപ്പോ സ്ഥിരീകരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് നിലവില്‍ മുഖ്യ ശ്രദ്ധചെലുത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഹരിതോര്‍ജോത്പാദന പദ്ധതികള്‍ എന്നിവയ്ക്കായാകും പണം വിനിയോഗിക്കുക.
ഊര്‍ജം, വൈദ്യുതി വിതരണം, റോഡ് പദ്ധതികള്‍ തുടങ്ങിവയ്ക്കുമായി അടുത്ത 5 വര്‍ഷത്തെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്. ബാങ്കുകളില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന വായ്പയില്‍ 56 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും. ബാക്കി സ്വകാര്യബാങ്കുകള്‍ നല്‍കും. മറ്റ് രണ്ട് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിതരണത്തില്‍ പങ്കുചേര്‍ന്നേക്കും.
ഹിന്‍ഡന്‍ബെര്‍ഗ് വിവാദത്തിന് ശേഷം ആദ്യം
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡെന്‍ബെര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. തുടര്‍ന്ന്, ഓഹരി വിലയിലടക്കം കനത്ത തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പ്, നിക്ഷേപക വിശ്വാസം വീണ്ടെടുക്കാന്‍ നിരവധി നടപടികളെടുത്തിരുന്നു.
ഹിന്‍ഡെന്‍ബെര്‍ഗ് വിവാദം വരുത്തിവച്ച നഷ്ടത്തില്‍ നിന്ന് പൂര്‍ണമായും ഇതുവരെ അദാനി ഗ്രൂപ്പ് കമ്പനികള്‍ കരകയറിയിട്ടില്ല. എന്നാല്‍, വിവാദത്തിന് ശേഷം ആദ്യമായാണ് അദാനി ഗ്രൂപ്പ് ഇത്ര വമ്പന്‍ ധനസമാഹരണത്തിന് തയ്യാറെടുക്കുന്നത്.
മൊത്തം കടം 2.65 ലക്ഷം കോടി
അദാനി ഗ്രൂപ്പിന് നിലവില്‍ 2.65 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇതിന്റെ മൂന്നിലൊന്നേ ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളൂ.
പുതുതായി സമാഹരിക്കുന്ന വായ്പയുടെ മുന്തിയപങ്കും അദാനി ഗ്രൂപ്പ് വിനിയോഗിക്കുക ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്കായിരിക്കും. 2026-27ഓടെ 10 ലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉത്പാദനം കൈവരിക്കാന്‍ അദാനി ഗ്രൂപ്പ് ഉന്നമിടുന്നുണ്ട്. പദ്ധതിക്കായി 24,000 കോടി രൂപ നീക്കിവച്ചേക്കും.
10,000 കോടി രൂപ റോഡ് വികസന പദ്ധതികള്‍ക്കും 8,000 കോടി രൂപ ഒരു മില്യണ്‍ ടണ്ണിന്റെ ചെമ്പ് സംസ്‌കരണ ഫാക്ടറിക്കും വകയിരുത്തുമെന്നാണ് വിലയിരുത്തല്‍. സമാഹരിക്കാനുദ്ദേശിക്കുന്ന 60,000 കോടി രൂപയിലെ ബാക്കിത്തുക ഊര്‍ജ, വൈദ്യുതി വിതരണ പദ്ധതികള്‍ക്കയും വിനിയോഗിക്കും.
അദാനി ഗ്രീന്‍ എനര്‍ജി വൈകാതെ ഡോളര്‍ ബോണ്ട് വിപണിയില്‍ നിന്ന് 50 കോടി ഡോളര്‍ (4,100 കോടി രൂപ) സമാഹരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓഹരികള്‍ സമ്മിശ്രം
ഇന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ പ്രകടനം സമ്മിശ്രമാണ്. അദാനി ഗ്രീന്‍ എനര്‍ജി ഇന്നൊരുവേള 4 ശതമാനത്തോളം ഉയര്‍ന്നെങ്കിലും ഇപ്പോഴുള്ളത് 2.26 ശതമാനം നേട്ടത്തിലാണ്. ഗുജറാത്തില്‍ കമ്പനിയുടെ വമ്പന്‍ സോളാര്‍ വൈദ്യുതോത്പാദന പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത് ഓഹരികള്‍ക്ക് നേട്ടമായി.
അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അംബുജ സിമന്റ്, എന്‍.ഡി.ടിവി എന്നിവ 0.5-1.2 ശതമാനം നേട്ടത്തിലാണ്.
അതേസമയം അദാനി പവര്‍, അദാനി പോര്‍ട്‌സ്, എ.സി.സി എന്നിവ 0.3 ശതമാനം വരെ നാമമാത്ര നഷ്ടത്തിലുമാണ്.
Next Story
Videos