Begin typing your search above and press return to search.
അദാനി വില്‍മാര്‍ ഐപിഒ ഇന്നുമുതല്‍, 218-230 രൂപ ബാന്‍ഡ്
അദാനി ഗ്രൂപ്പും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍മാര്‍ ഗ്രൂപ്പും ചേര്‍ന്ന സംയുക്ത സംരംഭം അദാനി വില്‍മാറിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) ഇന്നുമുതല്‍. ജനുവരി 31ന് ആണ് ഐപിഒ അവസാനിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്.
218-230 രൂപയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 65 ഓഹരികളുടെ ഒരു ലോട്ട് മുതല്‍ നിക്ഷേപം നടത്താം. കമ്പനി ജീവനക്കാര്‍ക്ക് 21 രൂപയുടെ ഇളവ് ലഭിക്കും. 3600 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഐപിഒയിലൂടെ ലഭിക്കുന്ന തുകയില്‍ 1100 കോടി രൂപ കമ്പനിയുടെ ബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കും. 1900 കോടി രൂപ മൂലധന ചെലവിനായുംം 500 കോടി രൂപ ഏറ്റെടുക്കലുകള്‍ക്കും വിനിയോഗിക്കും.
ഐപിഒയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 940 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഭഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മാറിന്റേതാണ് ഫോര്‍ച്യൂണ്‍ ബ്രാന്‍ഡ്. ഭക്ഷ്യ എണ്ണ കൂടാതെ അരി, ഗോതമ്പ് പൊടി, പഞ്ചസാര, സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവയും അദാനി വില്‍മാര്‍ വിപണിയിലെത്തിക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തെ കണക്ക് അനുസരിച്ച് കമ്പനിയുടെ ലാഭം 288.7ല്‍ നിന്ന് 357 കോടിയായി ഉയര്‍ന്നിരുന്നു. 24,957 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ വരുമാനം. ഐപിഒ വിജയമാകുന്നതോടെ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം ഏഴായി ഉയരും.
Next Story
Videos