അദാനി വില്‍മര്‍ 5000 കോടിയുടെ ഐപിഒക്ക് ഒരുങ്ങുന്നു

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ ഏഴാമത്തെ കമ്പനിയാകാന്‍ അദാനി വില്‍മര്‍ ലിമിറ്റഡ്. ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ മുഖേന 5000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

പ്രാരംഭ ഓഹരി വില്‍പന മാനേജ് ചെയ്യുന്നതിന് ജെ പി മോര്‍ഗന്‍, കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ എന്നീ ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഒരു 'മിന്റ്' റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍സ്് ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത മറ്റു കമ്പനികള്‍.

ഫോര്‍ച്യൂണ്‍ ബ്രാന്‍ഡ് എഡിബിള്‍ ഓയിലിന്റെ ഉടമകളായ അദാനി വില്‍മര്‍ ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെയും വില്‍മര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ്. അദാനി ഗ്രൂപ്പിന്റെ ഏറ്റവും വളര്‍ച്ച നേടിയ ഈ സംയുക്ത സംരംഭത്തിന്റെ ഐപിഒ നിക്ഷേപകര്‍ക്കിടയില്‍ വമ്പന്‍ പ്രതികരണമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസക്കാലയളവില്‍ അദാനി വില്‍മറിന് 18 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. 26,486 കോടി രൂപയിലേക്കാണ് വരുമാനം വളര്‍ന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കമ്പനി ഈ നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണ്.

എഡിബിള്‍ ഓയില്‍ കൂടാതെ കൂടുതല്‍ ഭക്ഷ്യോല്‍പന്നങ്ങളിലേക്കും ഭക്ഷ്യേതര ഉല്‍പന്നങ്ങളിലേക്കും പോര്‍ട്ട്‌ഫോളിയോ വ്യാപിപ്പിക്കാനും ആഗോള വിപണിയെ കൂടി ലക്ഷ്യമിടാനും അദാനി വില്‍മര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോയാബീന്‍, സണ്‍ഫ്‌ളവര്‍, മസ്റ്റാര്‍ഡ്, റൈസ്ബ്രാന്‍ തുടങ്ങിയ ഓയിലുകളുടെ വിപണനത്തിന്റെ 20 ശതമാനം വിപണി വിഹിതം അദാനി വില്‍മര്‍ ലിമിറ്റഡിനുണ്ട്.

16,800 ടണ്‍ ഓയില്‍ റിഫൈന്‍ ചെയ്യാന്‍ ശേഷിയുള്ള 40 യൂണിറ്റുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു. 6,000 ടണ്ണിന്റെ എണ്ണക്കുരു സംസ്‌കരണവും 12,900 ടണ്ണിന്റെ പ്രതിദിന പാക്കേജിംഗും ഈ യൂണിറ്റുകളില്‍ നടക്കുന്നു. ബസ്മതി റൈസ്, ധാന്യങ്ങള്‍, ധാന്യപ്പൊടി, സോയ ചങ്‌സ് ബിസിനസിലേക്കും കമ്പനി കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍, തെക്കുകിഴക്കനേഷ്യന്‍, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളടക്കം ഓസ്‌ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ 19 രാജ്യങ്ങളിലേക്ക് കമ്പനിക്ക് കയറ്റുമതിയുണ്ട്.

അതേസമയം ഐ പി ഒ സംബന്ധിച്ച് കമ്പനി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles
Next Story
Videos
Share it