വിവാദങ്ങള്‍ക്കൊടുവില്‍ മാമഎര്‍ത്ത് ഐ.പി.ഒ ഒക്ടോബര്‍ 31ന് എത്തുന്നു
മാമഎര്‍ത്ത് (Mamaearth), ദി ഡെര്‍മ കോ (The Derma Co) തുടങ്ങിയ പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡുകളുടെ മാതൃകമ്പനിയായ ഹോനാസ കണ്‍സ്യൂമറിന്റെ (Honasa Consumer Private Limited) പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഒക്ടോബര്‍ 31ന് ആരംഭിക്കും. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) 2022 ഡിസംബറില്‍ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ച കമ്പനിക്ക് ഓഗസ്റ്റില്‍ ലിസ്റ്റിംഗിനുള്ള റെഗുലേറ്ററി അംഗീകാരം ലഭിച്ചു. നവംബര്‍ 2 വരെയാണ് ഈ ഐ.പി.ഒ നടക്കുക.
തുക വിനിയോഗിക്കുക ഇങ്ങനെ
ഐ.പി.ഒയില്‍ 365 കോടി രൂപയുടെ പുതിയ ഇഷ്യൂവും 4.12 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ബ്രാന്‍ഡിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും പുതിയ എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളും സലൂണുകളും സ്ഥാപിക്കുന്നതിനും ബിബ്ലണ്ടില്‍ (BBlunt) നിക്ഷേപം നടത്തുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പരസ്യ ചെലവുകള്‍ക്കുമെല്ലാമായി ഐ.പി.ഒയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇവര്‍ ഓഹരികള്‍ വിറ്റഴിക്കും
വരുണ്‍, ഗസല്‍ അലഗ് എന്നിവര്‍ ചേര്‍ന്ന് 2016ലാണ് ഹോനാസ കണ്‍സ്യൂമര്‍ സ്ഥാപിച്ചത്. മുന്‍നിര വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ 2022 ജനുവരിയില്‍ നടന്ന ധനസമാഹരണ റൗണ്ടില്‍ 120 കോടി ഡോളര്‍ വാല്യുവേഷനില്‍ 5.2 കോടി ഡോളര്‍ സമാഹരിച്ചതോടെ സ്ഥാപനം യൂണികോണ്‍ പദവി നേടിയിരുന്നു. ഈ ഓഫര്‍ ഫോര്‍ സെയിലിന് കീഴില്‍ സ്ഥാപകരായ വരുണ്‍, ഗസല്‍ അലഗ് എന്നിവരും സോഫിന, ഫയര്‍സൈഡ് വെഞ്ചേഴ്സ്, ഇവോള്‍വന്‍സ് ഇന്ത്യ, സ്റ്റെല്ലാരിസ് എന്നീ നിക്ഷേപകരും സ്നാപ്ഡീല്‍ സ്ഥാപകരായ കുനാല്‍ ബഹല്‍, രോഹിത് ബന്‍സാല്‍, മാരികോയുടെ ഋഷഭ് മാരിവാല, നടി ശില്‍പ ഷെട്ടി കുന്ദ്ര തുടങ്ങിയ ഏഞ്ചല്‍ നിക്ഷേപകരും ഈ കമ്പനിയിലെ അവരുടെ ഓഹരികള്‍ വിറ്റഴിക്കും.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഹോനാസ കണ്‍സ്യൂമര്‍ 151 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 14.4 കോടി രൂപയുടെ ലാഭം നേടിയ കമ്പനിയാണ് ഈ നഷ്ടം രേഖപ്പെടുത്തിയത്. അതേസമയം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ 943 കോടി രൂപയില്‍ നിന്ന് 1,493 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ 942 കോടി രൂപയില്‍ നിന്ന് ഈ കാലയളവില്‍ 1,502 രൂപയായി വര്‍ധിച്ചു. മറ്റ് ചെലവുകള്‍ 50% വര്‍ധിച്ച് 8,584 കോടി രൂപയായി.
വാല്യുവേഷന്‍ വിവാദം
2022 ജൂണില്‍ കമ്പനി ഐ.പി.ഒയ്ക്കായി 3 ബില്യണ്‍ ഡോളര്‍ (22,000 കോടി രൂപയില്‍ കൂടുതല്‍) വാല്യുവേഷന്‍ ലക്ഷ്യമിടുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ ഉയര്‍ന്ന കണക്കിനെ വിശകലന വിദഗ്ധരും വിപണി വിദഗ്ധരും ചോദ്യം ചെയ്തത് പിന്നീട് വിവാദമായി. തുടര്‍ന്ന് ഇത് വ്യാജ റിപ്പോര്‍ട്ട് ആണെന്ന സ്ഥിരീകരണവുമായി കമ്പനി എത്തിയിരുന്നു. ഈ വിവാദത്തിന് ശേഷം ഒരുങ്ങുന്ന ഐ.പി.ഓയാണിത്.