₹75,000 കോടി കടന്ന് ഓണ്‍ലൈന്‍ കാര്‍ഷികോത്പന്ന കച്ചവടം

ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ മുന്നില്‍ കേരളം, ഒഡീഷ, തമിഴ്‌നാട്‌
₹75,000 കോടി കടന്ന് ഓണ്‍ലൈന്‍ കാര്‍ഷികോത്പന്ന കച്ചവടം
Published on

കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്/ എഫ്.പി.ഒ) വ്യാപാരികള്‍ക്കും ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഇലക്ട്രോണിക് നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് (ഇ-നാം/e-NAM) വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് 74,656 കോടി രൂപയുടെ വില്‍പന. 2021-22നേക്കാള്‍ 32 ശതമാനം അധികമാണിത്.

2016 ഏപ്രിലിലാണ് കേന്ദ്രസര്‍ക്കാര്‍ ഇ-നാമിന് തുടക്കമിട്ടത്. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തും കര്‍ഷകരും ഇടനിലക്കാരും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപ്പുവര്‍ഷം (2023-24) പ്ലാറ്റ്‌ഫോം വഴിയുള്ള വില്‍പന ഒരുലക്ഷം കോടി രൂപ കവിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. 2020-21ല്‍ 31,366 കോടി രൂപയും 2021-22ല്‍ 56,497 കോടി രൂപയുമായിരുന്നു ഇ-നാം വിറ്റുവരവ്.

കഴിഞ്ഞവര്‍ഷം 18.6 മില്യണ്‍ ടണ്‍ കാര്‍ഷികോത്പന്നങ്ങളുടെ വില്‍പന ഇ-നാമില്‍ നടന്നു. 2021-22ലെ 13.2 മില്യണ്‍ ടണ്ണിനേക്കാള്‍ 41 ശതമാനമാണ് വര്‍ദ്ധന. ഉത്തര്‍പ്രദേശ്, കശ്മീര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും വ്യാപാരികളും വ്യാപകമായി കഴിഞ്ഞവര്‍ഷം സംസ്ഥാനാന്തര കച്ചവടത്തിന് ഇ-നാം ഉപയോഗിച്ചു. ആപ്പിള്‍, ഉരുളക്കിഴങ്ങ്, കടുക്, ജീരകം, കടല, സോയാബീന്‍, റാഗി തുടങ്ങിയവയായിരുന്നു കൂടുതലും. കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കായിരുന്നു മുഖ്യ വില്‍പന.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com