ബജറ്റ് വരുന്നു; ഓഹരി നിക്ഷേപകര്‍ തീര്‍ച്ചയായും ഈ 3 കാര്യങ്ങള്‍ ശ്രദ്ധിക്കണം: സെറോധ സാരഥി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ആരംഭിക്കുകയാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

അതിനിടെ തുടര്‍ച്ചയായി അഞ്ച് ദിവസം ഉയര്‍ന്ന ഓഹരി സൂചികകള്‍ ഇന്ന് നേരിയ തോതില്‍ ഇടിയുകയും ചെയ്തു. വിദേശ ഘടകങ്ങളും ബജറ്റിനെ സംബന്ധിച്ച അഭ്യൂഹങ്ങളുമെല്ലാം വരും ദിവസങ്ങളില്‍ ഓഹരി വിപണിയെ സ്വാധീനിക്കും. ഒമിക്രോണ്‍ വ്യാപനം ആശങ്കയുയര്‍ത്തുന്നുമുണ്ട്.

ഈ സന്ദര്‍ഭത്തില്‍ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകര്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സെറോധ സഹസ്ഥാപകന്‍ നിഖില്‍ കമ്മത്ത് പറയുന്നു
1. നിങ്ങള്‍ സ്വയം റിസര്‍ച്ച് ചെയ്യുക.
ഇപ്പോള്‍ ഈ നിര്‍ദേശത്തിന് പ്രത്യേകം പ്രാധാന്യമുണ്ട്. പല വാട്‌സാപ്പ് ഗ്രൂപ്പുകളും ടെലഗ്രാം ഗ്രൂപ്പുകളും വ്യാജസന്ദേശങ്ങള്‍ നല്‍കി നിക്ഷേപകരെ കുഴിയില്‍ ചാടിക്കുന്നുണ്ട്. അടുത്തിടെ സെബി ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. വില കുറഞ്ഞ കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് അതിലേക്ക് റീറ്റെയ്ല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംഘടിത നീക്കം നടത്തുന്നവരുണ്ട്. ഈ കമ്പനികളുടെ വില ഉയരുമ്പോള്‍, ഇതിന് പിന്നില്‍ കളിച്ചവര്‍ വിറ്റുമാറി ലാഭം നേടുന്നു. കളി അറിയാതെ നിക്ഷേപിച്ചവര്‍ വില്‍ക്കാന്‍ നോക്കുമ്പോള്‍ വാങ്ങാന്‍ ആളുകള്‍ കാണില്ല.
2. ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപിക്കുക
ചാഞ്ചാട്ടം ഇത്രയേറെ നിലനില്‍ക്കുമ്പോള്‍ ചെറുകിട നിക്ഷേപകര്‍ ചൂതാട്ടത്തിന് നില്‍ക്കാതെ ദീര്‍ഘകാല നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന സന്ദേശമാണ് നിഖില്‍ കമ്മത്ത് നല്‍കുന്നത്.
3. ഓരോ സ്‌റ്റോക്കുകളെയും പ്രത്യേകം പഠിച്ച് നിക്ഷേപിക്കുക:
ചില മേഖലകള്‍ക്ക് ഗുണകരമാകുന്ന നിര്‍ദേശങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങളൊക്കെ വരുന്ന സമയമാണിപ്പോള്‍. അതെല്ലാം വിശ്വസിച്ച് നിക്ഷേപം നടത്താന്‍ ചെറുകിട നിക്ഷേപകര്‍ തുനിയരുത്. മറിച്ച് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ കുറിച്ച് പഠിക്കുക. സാധ്യതയുണ്ടെങ്കില്‍ മാത്രം നിക്ഷേപിക്കുക. ഓരോ ഓഹരിയെയും എടുത്ത് പരിശോധിച്ച് മാത്രം നിക്ഷേപം നടത്തുന്നതാകും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഉചിതം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it