കൊച്ചിയെയും തിരുവനന്തപുരത്തെയും വെല്ലുന്ന വമ്പന്‍ മാള്‍ പണിയുമെന്ന് ലുലു ഗ്രൂപ്പ്
പുതിയ പദ്ധതി വെളിപ്പെടുത്തി എം.എ യൂസഫലി
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളാണ് തിരുവനന്തപുരത്തെയും കൊച്ചിയിലെയും ലുലു മാളുകൾ. എന്നാൽ, ഇവയെ കവച്ചുവയ്ക്കുന്ന പുത്തൻ ഷോപ്പിംഗ് മാൾ വൈകാതെ അഹമ്മദാബാദിന് സ്വന്തമാകും. രാജ്യത്തെ ഏറ്റവും വലിയ മാള്‍ അഹമ്മദാബാദില്‍ പണിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം.എ യൂസഫലി.
4,000 കോടി ചെലവിലായിരിക്കും പുതിയ മാൾ ഒരുങ്ങുക. കൊച്ചി ലുലു മാൾ 731,950 ചതുരശ്രയടി (68,000 m2) വലുപ്പത്തിലാണുള്ളത്. തിരുവനന്തപുരത്തേത് 1,85,800 ചതുരശ്രയടി (17,260 m2) വലുപ്പത്തിലും, ഇവയെക്കാൾ വലുപ്പത്തിലായിരിക്കും അഹമ്മദാബാദിലെ പുതിയ മാൾ എന്നാണ് കരുതുന്നത്.
ജി.സി.സി രാജ്യങ്ങള്‍, ഈജിപ്റ്റ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളുമാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിൽ 5 മാളുകളാണ് ഗ്രൂപ്പിന് നിലവിൽ ഉള്ളത്.
'വൈബ്രന്റ് ഗുജറാത്ത്' എന്ന പേരില്‍ ഗുജറാത്തില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എത്തുമെന്നും ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
''ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 20 വര്‍ഷം മുന്‍പ് മോദി ആരംഭിച്ചതാണ് വൈബ്രന്റ് ഗുജറാത്ത് എന്ന ആഗോള നിക്ഷേപകരെ ക്ഷണിക്കുന്ന സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിക്ഷേപകര്‍ ഇവിടെ എത്തുന്നു. വിദേശ ഇന്ത്യക്കാരും എത്തുന്നു. യു.എ.ഇ പ്രസിഡന്റ് സമ്മിറ്റിൽ എത്തിയത് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ്. മോദിയെപ്പോലെ കരുത്തനായ നേതാവാണ് അദ്ദേഹവും.''യൂസഫലി പറഞ്ഞു.
ഗുജറാത്തിലെ ബിസിനസ് സംഗമം സംസ്ഥാന തലത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ലെന്നും ഗുജറാത്ത് വേദിയാണെങ്കിലും രാജ്യം മുഴുവനുമുള്ള വിവിധ പദ്ധതികളിലേക്ക് നിക്ഷേപകരെ ക്ഷണിക്കാനുള്ള അവസരമാണ് ഇതിലൂടെ വഴി തുറക്കുന്നതെന്നും ഫോറിന്‍ സെക്രട്ടറി വിനയ് ക്വത്ര അഭിപ്രായപ്പെട്ടു.