

എങ്ങും അസ്വസ്ഥതയാണ്. ആശങ്കകളും. അമേരിക്കയില്‍ ടെക്‌നോളജി കമ്പനികളുടെ കടം പെരുകിവരുന്നത് വലിയ വിഷയമാണ്. രാജ്യത്തിന്റെ കടം താങ്ങാനാവാത്തതാണെന്ന വിപണിയുടെ ആവലാതികള്‍ക്കിടെയാണ് പുതിയ വിഷയം. നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ കമ്പനികള്‍ ആ രംഗത്ത് മുന്നിലെത്താന്‍ വെപ്രാളപ്പെട്ട് ശേഷി വര്‍ധിപ്പിക്കുന്നു. അത് ലാഭകരമാകുമോ എന്ന് വിപണി ചോദിക്കുന്നു.
ഫ്രാന്‍സില്‍ രാജ്യത്തിന്റെ കടം സംബന്ധിച്ചാണ് വലിയ ആശങ്ക. ഈ കടബാധ്യത തീര്‍ക്കാന്‍ രാജ്യത്തിന് കഴിയുമോ എന്ന് ജനങ്ങള്‍ക്കും വിപണികള്‍ക്കും ആശങ്കയുണ്ട്. അവിടെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും അപര്യാപ്തതകളും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി പ്രക്ഷോഭ പാതയിലാണ്.
വേണ്ട പരിഗണന നല്‍കാത്തത് മാത്രമല്ല അവരുടെ വിഷയം. പെന്‍ഷന്‍കാര്‍ക്കും വയോധികര്‍ക്കും സര്‍ക്കാര്‍ ധാരാളം കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ കടമെടുക്കുന്നത് മുതിര്‍ന്ന പൗരന്മാരുടെ സാമൂഹ്യ സുരക്ഷക്കായാണ് ചെലവാക്കുന്നത്. അതിനെ പ്രക്ഷോഭകര്‍ വിമര്‍ശിക്കുന്നു.
പ്രക്ഷോഭങ്ങള്‍ക്ക് എരിതീ പകര്‍ന്നത് സര്‍ക്കാറിന്റെ ബജറ്റ് നിര്‍ദേശങ്ങളാണ്. വലിയ ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അത് താല്‍പര്യങ്ങളെ ഹനിക്കുമെന്ന് പറഞ്ഞാണ് യുവാക്കളും തൊഴിലാളികളും തെരുവില്‍ ഇറങ്ങിയത്. അത് പെട്ടെന്ന് പടര്‍ന്നു. യുദ്ധങ്ങളെ തുടര്‍ന്നുള്ള വലിയ വിലക്കയറ്റം എല്ലാവരെയും വലയ്ക്കുന്നുണ്ട്. എല്‍ നിനോ മൂലമുണ്ടായ കടുത്ത വേനല്‍ക്കാലം ഫ്രാന്‍സിന് നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയതും നീണ്ടതുമായ
വേനല്‍ക്കാലമാണ് നല്‍കിയത്. പ്രക്ഷോഭങ്ങള്‍ക്ക് തീവ്രത കൂട്ടാന്‍ ഇതെല്ലാം സഹായിച്ചു. ആറുമാസത്തിന് ശേഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും അന്തരീക്ഷത്തെ വഷളാക്കി.
ഈ പശ്ചാത്തലത്തില്‍ ഫ്രാന്‍സിന്റെ കടപ്പത്രങ്ങള്‍ക്ക് വിലയിടിഞ്ഞു. പ്രക്ഷോഭം ഒതുക്കാന്‍ സര്‍ക്കാര്‍ ഇനിയും കടമെടുക്കും. അത് വിപണിക്ക് ഗുണം ചെയ്യില്ല. കടപ്പത്രങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടിവരുമെന്നത്് ദുര്‍വഹമായ ഭാരമാകും. ഇത് കണക്കാക്കി 10 വര്‍ഷ കടപ്പത്രങ്ങളുടെ വില നിക്ഷേപ നേട്ടം അഞ്ച് ശതമാനത്തിലധികം ആകുന്ന വിധം താഴ്ന്നു. മാത്രമല്ല, ഫ്രഞ്ച് കടപ്പത്രങ്ങളുടെ ഇന്‍ഷുറന്‍സ് (ക്രെഡിറ്റ് ഡീഫോള്‍ട്ട് സ്വാപ്-സിഡിഎസ്) നിരക്ക് 10 ശതമാനത്തിലധികമായി.
കടപ്പത്രത്തിന്റെ മുതലും പലിശയും മുടങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഈ നിരക്ക് കൂട്ടിയത് വഴി വിപണി നല്‍കിയത്. ജിഡിപിയുടെ 119 ശതമാനമുണ്ട് ഫ്രാന്‍സിന്റെ കടം (3.6 ലക്ഷം കോടി യൂറോ). ബജറ്റ് കമ്മി ജിഡിപിയുടെ 5.4% വരും.
മെറ്റ പ്ലാറ്റ്‌ഫോമുകളും ടെസ്ലയും മൂന്നാം പാദ റിസല്‍ട്ടുകള്‍ പുറത്തുവിട്ടതാണ് ടെക്‌നോളജി മേഖലയെപ്പറ്റി ആശങ്ക വളര്‍ത്തിയത്. റിസല്‍ട്ട് വന്നതിന്റെ പിറ്റേന്ന് അഞ്ച് വമ്പന്‍ ടെക് കമ്പനികള്‍ക്ക് മൊത്തം 80,000 കോടി ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെട്ടു. മെറ്റ ഏഴ് ശതമാനം ഇടിഞ്ഞു; രണ്ട് ദിവസത്തെ ഇടിവ് 12%. കമ്പനി
യുടെ വിപണി മൂല്യത്തില്‍ നഷ്ടം 10,000 കോടി ഡോളര്‍. എന്‍വിഡിയ 4.4ഉം ആമസോണ്‍ 4.6ഉം മൈക്രോസോഫ്റ്റ് 2.2ഉം ആല്‍ഫബെറ്റ് 3.1ഉം ശതമാനം താഴ്ന്നു. ആപ്പിളും നെറ്റ്ഫ്‌ളിക്സും മാത്രമാണ് ഉയര്‍ന്നത്.
എഎംഡി, മൈക്രോണ്‍, ഇന്റല്‍ തുടങ്ങിയവ എട്ട് ശതമാനം വരെ ഇടിഞ്ഞു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഒമ്പത് ശതമാനം താഴ്ചയിലായി.
ലാഭക്ഷമത കുറയുന്നു, എഐക്ക് വേണ്ടിയുള്ള മൂലധനച്ചെലവ് അതിഭീമമായി കൂടുന്നു, അതിനെടുക്കുന്ന കടം വീട്ടാന്‍ തക്ക അധിക വരുമാനം ഉറപ്പില്ല- ഇതാണ് വിപണി ടെക് മേഖലയില്‍ കാണുന്ന വിഷയം. ഫ്രീ ക്യാഷ് ഫ്‌ളോ ഇല്ലാത്ത നിലയില്‍ കമ്പനി എത്തി എന്നാണ് മെറ്റയുടെ റിസല്‍ട്ട് കാണിച്ചത്. മുമ്പ് നിരീക്ഷകര്‍ ഈ അപായ സാധ്യത ചൂണ്ടിക്കാണിച്ചപ്പോള്‍ അമിതമായ ആശങ്കയെന്ന് പറഞ്ഞ് വിപണി തള്ളിയതാണ്. പക്ഷേ മൂന്നാം പാദത്തിലെ കണക്ക് ധാരണകള്‍ തിരുത്തി.
എഐ കമ്പനികള്‍ക്ക് മൂലധനം കിട്ടാന്‍ പ്രയാസമായി എന്ന് എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞത് വിപണിയിലെ ആശങ്കയുടെ തോത് കാണിക്കുന്നു.
ഇത് ചില ദുസ്സൂചനകള്‍ നല്‍കുന്ന കണക്കാണ്. 1880-1890 കാലത്ത് യുഎസില്‍ റെയില്‍വെ പണിയാന്‍ മത്സരിച്ചു നടത്തിയ നിക്ഷേപങ്ങള്‍ മൊത്തം 8,100 കോടി ഡോളറായിരുന്നു. അന്നത്തെ ജിഡിപിയുടെ 2.43% തുക.
1996-2003 കാലത്തെ ഇന്റര്‍നെറ്റ്-ടെലികോം നിക്ഷേപ തരംഗം ആകര്‍ഷിച്ചത് 1.6 ട്രില്യണ്‍ ഡോളര്‍ (ജിഡിപിയുടെ 1.1%) ആയിരുന്നു. ഇപ്പോള്‍ എഐ തരംഗം അവയെ മറികടക്കുന്നു. ചോദ്യം ഇതാണ്: ഇതിനനുസരിച്ചുള്ള ലാഭം ഉണ്ടാകുമോ? എഐ കമ്പനികള്‍ക്ക് 2032 മുതല്‍ 3.7 ട്രില്യണ്‍ ഡോളര്‍ അധിക വരുമാനം പ്രതിവര്‍ഷം ഉണ്ടായാലേ ഈ തോതിലുള്ള നിക്ഷേപത്തിന് 10% ആദായം കിട്ടൂ. അതിനുതക്ക കണക്കുകള്‍ കാണുന്നുമില്ല. അതാണ് വിപണികളെ അസ്വസ്ഥമാക്കുന്നത്.
ഫ്രാന്‍സ് രോഗിയായാല്‍ ഫ്രഞ്ച് വിപണി മാത്രമല്ല തകരുക. യൂറോപ്പിനാകെ രോഗം പടരും. 2010കളിലെ ഗ്രീസ്-ഇറ്റലി- പോര്‍ച്ചുഗല്‍ പ്രതിസന്ധി നാല് വര്‍ഷം യൂറോപ്പിനെ തളര്‍ച്ചയിലാക്കി. ഫ്രഞ്ച് രോഗം രൂക്ഷമായാല്‍ യൂറോ സോണ്‍ രാജ്യങ്ങളുടെ വളര്‍ച്ച കുറയും. അവരുടെ ഇറക്കുമതി കുറയും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കയറ്റുമതി വ്യവസായങ്ങള്‍ക്ക് ക്ഷീണം നേരിടും. ഇന്ത്യന്‍ കയറ്റുമതിയുടെ 18% യൂറോ സോണിലേക്കാണ്. കടപ്പത്ര-കറന്‍സി വിപണികള്‍ ഉലയുന്നതാണ് കയറ്റുമതിയേക്കാള്‍ വലിയ പ്രശ്‌നമാകുക. ഒരു രാജ്യത്തെ ധനകാര്യ പ്രതിസന്ധിയായി ഒതുങ്ങുകയില്ല ഫ്രഞ്ച് രോഗം.
എഐ കടം പ്രതിസന്ധിയിലേക്ക് നീങ്ങിയാല്‍ ഇന്ത്യയിലടക്കം ഓഹരി വിപണികള്‍ കുഴപ്പത്തിലാകും, മൂലധനലഭ്യത ഇടിയും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിക്ഷേപ വരവ് കുറയും. ഇവിടെ നിന്ന് ഫണ്ടുകള്‍ പണം തിരികെ കൊണ്ടുപോകും. അത് വിപണികളെ മാത്രമല്ല, രൂപയെയും ദുര്‍ബലമാക്കും.
2000ലെ ഡോട് കോം കുമിള പൊട്ടലും 2010ലെ യൂറോ സോണ്‍ തകര്‍ച്ചയും ഏകകാലത്ത് ആവര്‍ത്തിക്കാനാണോ പുറപ്പാട് എന്ന് പലരും ആശങ്കപ്പെടുന്നു. പശ്ചിമേഷ്യയിലും യൂറോപ്പിലും യുദ്ധങ്ങള്‍ തുടരുകയും ചെയ്യുന്നു. നിക്ഷേപകര്‍ ജാഗ്രതയോടെ വിദേശചലനങ്ങള്‍ നിരീക്ഷിക്കേണ്ട നാളുകളാണ് വരുന്നത്.
എഐ രംഗത്തെ കമ്പനികള്‍ എഐ പ്ലാറ്റ്‌ഫോമും അതിനുവേണ്ട പ്രൊസസറുകളും രൂപപ്പെടുത്താനാണ് മത്സരിക്കുന്നത്. അതിന് ഭീമമായ കമ്പ്യൂട്ടിങ് ശേഷി വേണം. ഡാറ്റ സെന്ററുകള്‍ അടക്കമുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഇന്റര്‍നെറ്റിന്റെ തുടക്കകാലത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലകള്‍ക്ക് വേണ്ടി നടന്ന മത്സരം പോലെയാണിത്.
വലുതും ചെറുതുമായ കമ്പനികള്‍ എഐ ശേഷി വര്‍ധിപ്പിക്കാന്‍ ശതകോടിക്കണക്കിന് ഡോളര്‍ മൂലധനമായും വായ്പയായും എടുത്ത് നിക്ഷേപം നടത്തുന്നു.
മക്കിന്‍സിയുടെ നിഗമനം 2030- ഓടെ എഐയില്‍ 6.7 ലക്ഷം കോടി (ട്രില്യണ്‍) ഡോളര്‍ നിക്ഷേപം ലോകമെങ്ങുമായി ഉണ്ടാകുമെന്നാണ്. ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത് അമേരിക്കയില്‍ മാത്രം 2032നകം 10.3 ട്രില്യണ്‍ ഡോളര്‍ എഐ നിക്ഷേപം നടക്കുമെന്നാണ്. ഈവര്‍ഷം യുഎസ് ജിഡിപിയുടെ 1.8% എഐയില്‍ നിക്ഷേപിക്കും.
2028ല്‍ അത് 2.8 ശതമാനമായി ഉയരും. കൊളംബിയ ബിസിനസ് സ്‌കൂളിലെ ധനശാസ്ത്രജ്ഞന്‍ പ്രൊഫ. സ്റ്റിന്‍ ഫാന്‍ ന്യൂവര്‍ബര്‍ഗ് കണക്കാക്കുന്നത് 2032നകം ജിഡിപിയുടെ 3.6% എഐയില്‍ നിക്ഷേപിക്കും എന്നാണ്.
Read DhanamOnline in English
Subscribe to Dhanam Magazine