എഐ തരംഗത്തിൽ 5 മാസത്തിനിടെ 500% നേട്ടം; ഈ അനിൽ അ​ഗർവാൾ ഓഹരി നിങ്ങളുടെ കൈവശമുണ്ടോ?

ഡാറ്റ സെന്ററുകളിലേക്ക് ഉയർന്ന വേ​ഗതയുള്ള ഒപ്റ്റിക്കൽ ഫൈബറുകളും കണക്ടിവിറ്റി സംവിധാനങ്ങളും നിർമിച്ചു നൽകുന്നതാണ് കമ്പനിയുടെ തലവര തിരുത്തിക്കുറിച്ചത്
Sterlite Technologies Share Rally And AI Boom
Canva
Published on

ആ​ഗോള തലത്തിൽ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സെക്ടറിന്റെ സ്വാധീനം, ഇന്ത്യൻ ഓഹരി വിപണിയിലെ ഒപ്റ്റിക്കൽ ഫൈബർ (ഒ.എഫ്.സി) നിർമ്മാണ കമ്പനികൾക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചിരിക്കുന്നു. ലോകമെങ്ങും അതിവേഗ എഐ ഇൻഫ്രാസ്ട്രക്ചറിനുള്ള ആവശ്യകത വർധിച്ചതോടെ, വേദാന്ത ഗ്രൂപ്പിന്റെ ടെലികമ്മ്യൂണിക്കേഷൻ വിഭാ​ഗത്തിലുള്ള കമ്പനിയായ സ്റ്റെർലൈറ്റ് ടെക്നോളജീസിന്റെ (BSE: 532374, NSE: STLTECH) ഓഹരികൾ കണ്ണഞ്ചിപ്പിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

കഴ‍ിഞ്ഞ അഞ്ച് മാസത്തിനിടെ സ്റ്റെർലൈറ്റ് ടെക്നോളജീസ് ഓഹരിയിൽ 500 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. 2026 ജനുവരി അവസാനം 90 രൂപ നിലവാരത്തിൽ നിന്നിരുന്ന ഈ ഓഹരിയുടെ വില ഇപ്പോൾ 600 രൂപയിലേക്ക് കുതിച്ചുയർന്നു. ഇതോടെ സ്റ്റെർലൈറ്റ് ടെക്നോളജീസിന്റെ വിപണി മൂല്യം 4,000 കോടി രൂപയിൽ നിന്നും 30,000 കോടി രൂപയിലേക്കാണ് വർധിച്ചത്.

കമ്പനി വിശ​ദാംശം

പ്രകൃതി വിഭവങ്ങളുടെ ഖനന, പര്യവേക്ഷണ, സംസ്കരണ മേഖലകളിൽ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള പ്രമുഖ വ്യവസായ സംരംഭകനായ അനിൽ അ​ഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ​ഗ്രൂപ്പിന്റെ (നേരത്തെ ​സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) ഭാ​ഗമായി ടെലിക്കമ്മ്യൂണിക്കേഷൻ അനുബന്ധ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയാണ് സ്റ്റെർലൈറ്റ് ടെക്നോളജീസ് ലിമിറ്റഡ്. 2001-ലാണ് കമ്പനിയുടെ ആരംഭം. രാജ്യത്തെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ഫൈബർ നിർമാതക്കളിലൊന്നാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റെർലൈറ്റ് ടെക്നോളജീസ് നേടിയ വരുമാനം 4,745 കോടി രൂപയും സ്വന്തമാക്കിയ അറ്റാദായം 56 കോടി രൂപയും വീതമായാണ് രേഖപ്പെടുത്തിയത്.

എന്തുകൊണ്ട് മുന്നേറ്റം?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങളിലൊന്നായ ഡാറ്റ സെന്ററുകളിലേക്ക് ഉയർന്ന വേ​ഗതയുള്ള ഒപ്റ്റിക്കൽ ഫൈബറുകളും കണക്ടിവിറ്റി സംവിധാനങ്ങളും നിർമിച്ചു നൽകുന്നതാണ് സ്റ്റെർലൈറ്റ് ടെക്നോളജീസിന്റ തലവര തിരുത്തിക്കുറിച്ചത്. ആ​ഗോള തലത്തിൽ തന്നെ, ഇന്ന് ഏറ്റവും കൂടുതൽ വ്യാവസായിക നിക്ഷേപം നടക്കുന്ന മേഖലയാണ് ഡാറ്റ സെന്ററുകൾ. ലോകത്തെ പ്രധാനപ്പെട്ട എല്ലാ ടെക് കമ്പനികളും ശതകോടിക്കണക്കിന് ഡോളർ നിക്ഷേപമാണ് എഐ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കാനായി ഒഴുക്കുന്നത്. അതുകൊണ്ട് തന്നെ ഒപ്റ്റിക്കൽ ഫൈബറിനും ഡിമാൻഡ് വർധിക്കുകയാണ്. ഇതിന്റെ ​ഗുണഫലമാണ് സ്റ്റെർലൈറ്റ് ടെക്നോളജീസിനെ തേടിയെത്തുന്നതും.

ഇനിയെന്ത്?

അടുത്തിടെ യു.എസ് ടെക് കമ്പനിയിൽ നിന്നും 100 കോടി ഡോളറിന്റെ (ഏകദേശം 9,500 കോടി രൂപ) കരാർ ലഭിച്ചതോടെ, ഈ വർഷം ഇതിനകം 500 ശതമാനത്തിലേറെ നേട്ടം കൈവരിച്ചിട്ടും സ്റ്റെർലൈറ്റ് ടെക്നോളജീസ് ഓഹരിക്ക് മുന്നേറുമെന്ന് സൂചനയുള്ള "ഔട്ട്പെർഫോം" എന്ന റേറ്റിം​ഗ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എ ശിപാർശ ചെയ്തിരുന്നു. സമീപഭാവിയിൽ 655 രൂപ നിലവാരം വരെ മുന്നേറാനുള്ള സാധ്യതയാണ് പ്രവചിച്ചിരുന്നത്.

എന്നാൽ ചെറിയ കാലയളവിനുള്ളിൽ കാഴ്ചവെച്ച വമ്പൻ കുതിപ്പ് കാരണം, സ്റ്റെർലൈറ്റ് ടെക്നോളജീസ് ഓഹരിയുടെ മൂല്യമതിപ്പ് (വാല്യൂവേഷൻ) അധികരിച്ച നിലയിലാണ്. കഴിഞ്ഞ 12 മാസത്തെ വരുമാനക്കണക്കിൽ സ്റ്റെർലൈറ്റ് ടെക്നോളജീസ് ഓഹരിയുടെ പി.ഇ അനുപാതം 300 മടങ്ങിനു മുകളിലാണ് ഉള്ളത്. അതിനാൽ ഭാവിവരുമാനം പ്രതീക്ഷിച്ചതുപോലെ ഉയർന്നില്ലെങ്കിൽ തിരിച്ചടി നേരിടാം. ഓഹരിയിൽ ഒരു തിരുത്തൽ നേരിട്ടതിനുശേഷം പരി​ഗണിക്കുന്നതാകും ഉചിതമെന്നാണ് വിവിധ അനലി​സ്റ്റുകൾ സൂചിപ്പിച്ചത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com