

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ വളരുന്നതിന്റെ ഫലമായി എഐ ഓട്ടോമേഷന്റെ സ്വാധീനം മിക്ക വ്യവസായ മേഖലകളിലേക്കും വിചാരിച്ചതിലും വേഗത്തിൽ കടന്നുവരുകയാണെന്നുള്ള സൂചനകൾ ലഭിച്ചതോടെ, പരമ്പരാഗത ഐടി സേവന മേഖലയുടെ നിലനിൽപ്പിനെ സംബന്ധിച്ചും ചോദ്യമുയരുകയാണ്. ബിസിനസ് പ്രോസസിങ് ഔട്ട്സോഴ്സിങ്, സോഫ്റ്റ്‍വെയർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട അടിസ്ഥാന ജോലികൾ, ടെസ്റ്റിങ്, വെബ് ഡിസൈനിങ് എന്നിവയൊക്കെ എഐ ഓട്ടോമേഷൻ ഭീഷണി നേരിടുകയാണ്.
ഇതിന്റെ പ്രതിഫലമെന്നോണം ആഗോള വിപണികളിലെ ഐടി ഓഹരികളിൽ വൻ വിൽപ്പ സമ്മർദം പ്രകടമായി. ആഭ്യന്തര വിപണിയിലും സ്ഥിതി വിഭിന്നമല്ല. എൻഎസ്ഇയുടെ സെക്ടറൽ സൂചികയായ നിഫ്റ്റി ഐടി, ഫെബ്രുവരിയിൽ ഇതുവരെയായി ആറ് ശതമാനത്തിലധികം ഇടിഞ്ഞു. രാജ്യത്തെ മുൻനിര ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൽടിഐ മൈൻഡ്ട്രീ തുടങ്ങിയവയുടെ ഓഹരികൾ 5-9 ശതമാനം ഇടിവ് നേരിട്ടു.
ഐടി മേഖലയെ ഉടച്ചുവാർക്കുന്നതിന് വഴിയൊരുക്കുമെന്ന് ഇപ്പോഴുള്ള സൂചനകൾ കൊണ്ടുതന്നെ പറയാൻ സാധിക്കുമെങ്കിലും എഐ സാങ്കേതികവിദ്യയും വളർച്ചയുടെ ഘട്ടത്തിലായതിനാൽ എത്രത്തോളം ആഴത്തിൽ ആഘാതം സൃഷ്ടിക്കാൻ കഴിയുമെന്നത് പൂർണമായി മനസ്സിലാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
എഐ പ്രോഡക്ട് കമ്പനികൾ പുതിയതായി ഓരോ ടൂളുകൾ അവതരിപ്പിക്കുമ്പോൾ, എന്റർപ്രൈസസ് സിസ്റ്റത്തിലേക്ക് ഇത്തരം എഐ സൊലൂഷനുകളെ സംയോജിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും ഒക്കെ ഐടി കമ്പനികൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
പരമ്പരാഗതമായി സേവനങ്ങളിൽ ശ്രദ്ധയൂന്നീയിട്ടുള്ള ഇന്ത്യൻ ഐടി വ്യവസായത്തിന്, എഐ ടൂളുകൾ ഉപയോഗപ്പെടുത്തി നെക്സ്റ്റ്-ജനറേഷൻ സൊലൂഷൻസ് വികസിപ്പിക്കാനും അവ പ്രവർത്തനങ്ങളിൽ വിന്യസിക്കാനുമുള്ള ശേഷിയുണ്ട്. നിലവിൽ ലാർജ് ലാംഗ്വേജ് മോഡൽ നിർമിക്കുന്നതിന് പകരം, സ്മോൾ ലാംഗ്വേജ് മോഡലുകൾ ഉപയോഗപ്പെടുത്തി പ്രത്യേക ഡൊമൈൻ സൊലൂഷൻസ് നൽകുന്നതിലാണ് ഇന്ത്യൻ ഐടി കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ചുരുക്കത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുരോഗതി ഐടി സെക്ടറിനെ നിഷ്പ്രഭമാക്കുകയല്ല, മറിച്ച് സേവനങ്ങൾ നൽകുന്ന രീതിയെ രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
അതുപോലെ കോഡിങ്, ടെസ്റ്റിങ്, സപ്പോർട്ട്, മെയിന്റനൻസ് പോലെയുള്ള പ്രവൃത്തികൾ എഐ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ഐടി കമ്പികളുടെ ഉത്പാദനക്ഷമത 25-50 ശതമാനം വരെ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. തത്ഫലമായി ഐടി കമ്പനികളുടെ ലാഭ മാർജിനിൽ 2 മുതൽ 4 ശതമാനം വരെ വർധനയുണ്ടാകാമെന്നും കരുതപ്പെടുന്നു. 2030-ഓടെ ഒന്നാംനിര സ്ഥാപനങ്ങളുടെ മൊത്തം വരുമാനത്തിൽ 20 ശതമാനത്തോളം എഐ അധിഷ്ഠിത സേവനങ്ങളിലൂടെയാകുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
ആന്ത്രോപിക് പോലുള്ള എഐ പ്രോഡക്ട് കമ്പനികളേയും ഇന്ത്യൻ ഐടി സ്ഥാപനങ്ങളേയും ഒരേപോലെ താരതമ്യം ചെയ്യാനാകില്ല. ഇന്ത്യൻ കമ്പനികൾ പ്രധാനമായും പ്രവർത്തിക്കുന്ന ബാങ്കിങ്, ഇൻഷുറൻസ്, ഫിനാൻഷ്യൽ പോലുള്ള സെക്ടറുകളിൽ എഐ ഉപയോഗിച്ചുള്ള വർക്ക്ഫ്ലോ ഓട്ടോമേഷൻ അത്ര പ്രാവർത്തികമായിട്ടില്ല.
ആഗോള തലത്തിൽ തന്നെ സർക്കാർ നിയന്ത്രണങ്ങൾ ഏറെയുള്ള മേഖലയുമാണിത്. ഒറ്റയടിക്ക് എഐ സേവനങ്ങൾ ഇത്തരം സെക്ടറിലേക്ക് കടന്നുവരാനുമാകില്ല. അതിനാൽ സമീപ കാലയളവിലേക്ക് എങ്കിലും ബിഎഫ്എസ്ഐ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങൾ വലിയ തോതിലുള്ള എഐ ഭീഷണിയുണ്ടായേക്കില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
മാത്രവുമല്ല ടെക്നോളജിയിൽ സംഭവിക്കുന്ന മാറ്റങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടുന്ന ശീലം ചരിത്രപരമായി തന്നെ ഇന്ത്യൻ ഐടി കമ്പനികൾ കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ പുതിയ സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നതിലും അതിലൂടെ സ്വയം നവീകരിക്കുന്നതിലും ഇവർക്ക് വിമുഖതയില്ല.
അതിനാൽ എഐ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തി ലാഭം വർധിപ്പിക്കാനുള്ള സാധ്യത ഇന്ത്യൻ കമ്പനികൾക്ക് മുന്നിലുണ്ട്. സമീപകാലത്ത് നേരിട്ട ശമ്പള വർധനവ്, പുതിയ കരാറുകളിലെ കുറവ് എന്നിങ്ങനെയുള്ള വെല്ലുവിളികൾക്കിടയിലും ഐടി കമ്പനികൾ ലാഭമാർജിൻ മെച്ചപ്പെടുത്തിയതും ഇതിനോടു ചേർത്തുവായിക്കാം.
ചുരുക്കത്തിൽ എഐ സാങ്കേതികവിദ്യ എത്രത്തോളം ഐടി സെക്ടറിനെ ബാധിക്കുമെന്നത് ഇനിയും തെളിഞ്ഞുവരേണ്ട ചിത്രമാണ്. അതിനാൽ പുതിയതായി നിക്ഷേപം നടത്തുന്നതിനായി, നിലവിലെ കോലാഹലങ്ങൾ അടങ്ങുന്നതുവരെ കാത്തിരിക്കുകയും സെക്ടറുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ഘടകങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് ഉചിതം.
ശക്തമായ ബാലൻസ് ഷീറ്റുള്ളതും എഐ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കാനുള്ള ശേഷിയും വലിയ തോതിൽ റീസ്കില്ലിങ്ങിന് കഴിയുന്നതുമായ മുൻനിര ഐടി കമ്പനികളുടെ ഓഹരികളെയാകണം പരിഗണിക്കേണ്ടത്. അതും ഘട്ടംഘട്ടമായി മാത്രമേ നിക്ഷേപിക്കാവൂ. പരമ്പരാഗത ജോലികളിൽ അമിതമായി ആശ്രയിക്കുന്ന കമ്പനികളെ ഒഴിവാക്കണമെന്നും മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine