

ടെക്‌നോളജി, നിര്‍മിതബുദ്ധി (എഐ) ഓഹരികളിലെ തുടര്‍ച്ചയായ തകര്‍ച്ച മറ്റ് ഓഹരികളിലേക്കും വ്യാപിച്ചു. അമേരിക്കന്‍ വിപണി ഇന്നലെ വലിയ ഇടിവിലായി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും ചോരപ്പുഴയിലാണ്. ഇറാന്‍ യുദ്ധം സംബന്ധിച്ചു പോസിറ്റീവ് ആയ ഒന്നും അറിയാത്ത സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ 100 ഡോളറിനടുത്തേക്കു കയറി. സ്വര്‍ണം താഴ്ന്നു. ക്രിപ്‌റ്റോ കറന്‍സികളും ഇടിവിലായി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,487.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,515 വരെ കയറിയിട്ട് 24,409 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന. എങ്കിലും വിദേശനിക്ഷേപകര്‍ വാങ്ങലുകാരായാല്‍ വിപണി നേട്ടത്തിലേക്കു കയറും.
ഓഹരിവിപണിയിലെ വിശകലനക്കാര്‍ എല്ലായ്‌പോഴും നല്ല കാര്യങ്ങള്‍ പറയാനാണു ശ്രമിക്കുക. വിപണിയിലേക്കു പണം വന്നു നിക്ഷേപം വര്‍ധിക്കുന്നതിലാണ് അവര്‍ക്കു താല്‍പര്യം. അതിനു തടസം വരാതെയാകും അവരുടെ വിലയിരുത്തലുകള്‍. അമേരിക്കന്‍ വിപണിയില്‍ ടെക്‌നോളജി ഓഹരികള്‍ ഈ ദിവസങ്ങളില്‍ തകരുന്നത് 2000ലെ ഡോട്‌കോം തകര്‍ച്ചയുടെ ആവര്‍ത്തനം പോലെയാണു പല നിക്ഷേപകര്‍ക്കും തോന്നുന്നത്.
എന്നാല്‍ വിശകലനക്കാര്‍ മറിച്ചാണു പറയുക. ഡോട്‌കോം കാലത്തു മിക്ക കമ്പനികളും ലാഭം ഉണ്ടാക്കിയിരുന്നില്ല ഇപ്പോള്‍ മറിച്ചാണ് ഒട്ടുമിക്ക കമ്പനികളും വലിയ ലാഭം ഉണ്ടാക്കുന്നു. അതിനാല്‍ പേടിക്കേണ്ട എന്ന്. വലിയ കാര്യമുള്ള വിശകലനമല്ല അത്.
ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ മിക്കതും ലാഭത്തിലാണ് എന്നതു ശരി തന്നെ. പക്ഷേ ലിസ്റ്റ് ചെയ്യാത്ത ഡസന്‍ കണക്കിനു കമ്പനികള്‍ ഉണ്ട്. ആന്ത്രോപിക്, ഓപ്പണ്‍ എഐ തുടങ്ങിയവ. ഇവ എക്‌സ്‌ചേഞ്ചുകള്‍ വഴി അല്ലെങ്കിലും വിപണിയില്‍ നിന്നു തന്നെയാണു പണം സമാഹരിക്കുന്നത്. നിക്ഷേപ ഫണ്ടുകളും വെഞ്ചര്‍ ക്യാപ്പിറ്റലുകളും ഒക്കെ അവയില്‍ പണമിറക്കി.
യുഎസിലെ ഡാറ്റാ സെന്റര്‍ നിര്‍മാണത്തിനു മോറട്ടോറിയം കൊണ്ടുവരാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുകയാണ്. അതു ഡാറ്റാ സെന്ററുകള്‍ അനിശ്ചിതമായി വൈകാന്‍ ഇടയാക്കും. സ്വാഭാവികമായും അവയ്ക്കു വേണ്ട സാമഗ്രികള്‍ നിര്‍മിക്കുന്ന കമ്പനികളുടെ ബിസിനസ് വൈകും. സിമന്റും സ്റ്റീലും പെയിന്റും ചെമ്പും അലൂമിനിയവും മുതല്‍ വൈദ്യുതി ജനറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, കേബിളുകള്‍, പൈപ്പുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനം കുറയ്‌ക്കേണ്ടി വരും. ഒപ്പം ഈ സെന്ററുകള്‍ക്കു വേണ്ട സെര്‍വറുകള്‍, പ്രോസസറുകള്‍ തുടങ്ങിയവയും വൈകി മതിയാകും.
ഡാറ്റാ സെന്റര്‍ നിര്‍മാതാക്കള്‍ മാത്രമല്ല മറ്റു ബിസിനസുകാരുടെയും മുതല്‍ മുടക്ക് ഉപയോഗമില്ലാതെ കിടക്കും. ബിസിനസ് മുടങ്ങുന്നതാണു മാന്ദ്യം. രണ്ടു വര്‍ഷത്തിലേറെയായി ഏറ്റവുമധികം നിക്ഷേപം എഐ അടിസ്ഥാന സൗകര്യത്തിലാണ് അതിനു തടസം വന്നാല്‍ സാമ്പത്തിക വളര്‍ച്ച മാറി തളര്‍ച്ചയാകും. അതാണു ഭയപ്പെടണ്ടത്. ഡാറ്റാ സെന്ററുകള്‍ക്ക് എതിരായ ജനരോഷത്തില്‍ വിജയം നേടിയ ഡെമോക്രാറ്റുകള്‍ അവയ്‌ക്കെതിരേ നീങ്ങും. അതു മൊത്തം സമ്പദ്ഘടനയെ ബാധിക്കും.
ആദ്യത്തെ ദിവസങ്ങളില്‍ അമേരിക്കയിലെ ഡാറ്റാ സെന്റര്‍ കമ്പനികള്‍ ഇടിഞ്ഞു. പിന്നെ അമേരിക്കയിലും യൂറോപ്പിലും ഏഴയിലും കംപ്യൂട്ടര്‍ ചിപ്പ് കമ്പനികള്‍ ഇടിഞ്ഞു. ഇന്നലെ എഐ കമ്പനികളും മറ്റു ടെക് കമ്പനികളും വലിയ തകര്‍ച്ചയിലായി. ശരാശരി 75 ശതമാനം ലാഭമാര്‍ജിനും 70 ശതമാനം ലാഭവളര്‍ച്ചയും കാണിക്കുന്ന എന്‍വിഡിയയും മറ്റു വമ്പന്‍ ചിപ്പ് നിര്‍മാതാക്കളും തുടര്‍ച്ചയായി ഇടിയുമ്പോള്‍ നിക്ഷേപകര്‍ ഭയപ്പെടണം.
തകര്‍ച്ച ടെക്‌നോളജിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയില്ല. കാരണം എല്ലായിടത്തും മുടക്കുന്നതു മൂലധനമാണ്. ഒരു മേഖലയില്‍ മൂലധനം നഷ്ടപ്പെട്ടാല്‍ മറ്റു മേഖലകളില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമം ഉണ്ടാകും. അതാണു ഭയത്തിനു കാരണം നിക്ഷേപകര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണു വരുന്നത്.
ഇത്തരം സമയങ്ങളില്‍ മിക്ക നിക്ഷേപവിദഗ്ധരും നല്‍കുന്ന ഉപദേശം ഇതാണ്: ഇപ്പോള്‍ പണം കൈയില്‍ വയ്ക്കുക. അതായതു നിക്ഷേപത്തിനു പറ്റിയ സമയമല്ല എന്ന്. ഇതിനെ നിക്ഷേപങ്ങള്‍ വില്‍ക്കാനുള്ള ഉപദേശമെന്ന നിലയില്‍ ധാരാളം പേര്‍ കണക്കാക്കും. അങ്ങനെ തുടങ്ങുന്ന വില്‍പന പ്രളയമാണു വിപണിയെ വലിയ തകര്‍ച്ചകളിലേക്കു നയിക്കുന്നത്.
തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ട്രംപിന്റെ കരുത്തു കുറയുന്നതിന്റെയും ക്രൂഡ് ഓയില്‍ ഇടിയുന്നതിന്റെയും ആവേശത്തില്‍ ബുധനാഴ്ച യുഎസ് വിപണികള്‍ കുതിച്ചു. കാര്യങ്ങള്‍ കൂടുതല്‍ പഠിച്ചു. വ്യാപാരം നടന്ന ഇന്നലെ ആ നേട്ടങ്ങളും അതിനപ്പുറവും നഷ്ടമായി. ടെക്‌നോളജി ഓഹരികളില്‍ നിന്നു വിട്ടുമാറാന്‍ നിക്ഷേപകര്‍ തിരക്കു കൂട്ടി.
നാസ്ഡാക് കോംപസിറ്റ് സൂചിക കഴിഞ്ഞ മാസം എത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നു 10 ശതമാനത്തിലധികം താഴ്ന്നു തിരുത്തല്‍ മേഖലയിലായി. ട്രംപ് തീരുവയുദ്ധം തുടങ്ങിയ 2025 ഏപ്രിലിനു ശേഷമുള്ള ഏറ്റവും മോശപ്പെട്ട ദിവസമായി ഓഹരികള്‍ക്ക് ഇന്നലെ. സെമികണ്ടക്ടര്‍ ഇടിഎഫ് സൂചിക 12 ശതമാനം ഇടിഞ്ഞു കോവിഡ് മഹാമാരിയുടെ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഇത്രയും വീഴുന്നത് ആദ്യമാണ്.
ടെക്‌നോളജി ഓഹരികള്‍ മാത്രമല്ല ജെപി മോര്‍ഗന്‍ പോലുള്ള ബാങ്കുകളും കാറ്റര്‍പില്ലറും ബോയിംഗും പോലുള്ള കമ്പനികളും ഇന്നലെ ഇടിഞ്ഞു. ആറ് ഓഹരികള്‍ താഴുമ്പോള്‍ ഒന്നു മാത്രം കയറുന്നതായിരുന്നു ഇന്നലത്തെ നില. ഇലോണ്‍ മസ്‌കിന്റെ കമ്പനികളും വലിയ നഷ്ടത്തിലായി. മാഗ്‌നിഫിസന്റ് 7 എന്നു വിളിക്കപ്പെടുന്ന പ്രമുഖ ടെക് കമ്പനികള്‍ക്ക് ഇന്നലെ മാത്രം ഒരു ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യമാണു നഷ്ടപ്പെട്ടത്. അതില്‍ 44,000 കോടി ഡോളര്‍ നഷ്ടം എന്‍വിഡിയയുടേതാണ്.
വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 1833.06 പോയിന്റ് (3.44 ശതമാനം) താഴ്ന്ന് 51,523.06ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 334.89 പോയിന്റ് (4.36%) നഷ്ടത്തോടെ 7353.73 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 1421.52 പോയിന്റ് (5.52%) ഇടിഞ്ഞ് 24,314.99 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ ജോണ്‍സ് 287 പോയിന്റ് (0.56 ശതമാനം) താഴ്ന്നു. എസ്ആന്‍ഡ്പി 6 പോയിന്റും (0.08%) നാസ്ഡാക് 199 പോയിന്റും (0.74%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വ്യാഴാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 1.52 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.81% താഴ്ന്ന് 24.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 4.06% ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.43% താഴ്ന്നു 32.39 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 4.58% കുതിച്ച ശേഷം തുടര്‍ വ്യാപാരത്തില്‍ 2.50% ഇടിഞ്ഞു 12.48 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് മാറ്റമില്ലാതെ തുടര്‍വ്യാപാരത്തില്‍ 0.44 ശതമാനം താഴ്ന്ന് 2.1505 ഡോളറില്‍ അവസാനിച്ചു.
ക്രൂഡ് ഓയില്‍ വീണ്ടും കയറിയതോടെ യൂറോപ്യന്‍ ഓഹരി സൂചികകള്‍ ഇന്നലെ താഴ്ന്നു. ഫ്രഞ്ച് സൂചിക മാത്രം ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ താഴ്ചയിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക ഒന്‍പതു ശതമാനം ഇടിഞ്ഞു. സെമികണ്ടക്ടര്‍ കമ്പനികളായ എസ്‌കെ ഹൈനിക്‌സ് 12ഉം സാംസംഗ് ഒന്‍പതും ശതമാനം ഇടിഞ്ഞു. ജപ്പാനിലെ നിക്കൈ സൂചിക ഏഴു ശതമാനം താണു. ചിപ്പ് കമ്പനികളില്‍ വലിയ നിക്ഷേപമുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് 15% വരെ ഇടിവിലായി. ഓസ്‌ട്രേലിയന്‍ സൂചിക ഒരു ശതമാനം നഷ്ടത്തിലാണ്. തായ്വാന്‍ സൂചിക ഏഴു ശതമാനം താഴ്ന്നു. തായ്വാന്‍ സെമികണ്ടക്ടര്‍ മനുഫാക്ചറിംഗ് കമ്പനി 10 ശതമാനം വീണു. ഷാങ്ഹായ് സൂചിക 1.60 ശതമാനം താഴ്ന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് രണ്ടു ശതമാനം നഷ്ടത്തിലായി.
വിദേശനിക്ഷേപസ്ഥാപനങ്ങള്‍ തലേന്നത്തേതിന്റെ ഇരട്ടിതുക (14,974.68 കോടി രൂപ) ഓഹരികളില്‍ നിക്ഷേപിച്ചതോടെ ഇന്ത്യന്‍ വിപണി ഇന്നലെ കുതിച്ചുകയറി. തുടര്‍ച്ചയായ ആറാം ദിവസത്തെ മുന്നേറ്റം. ആറു ദിവസം കൊണ്ടു 30 ലക്ഷം കോടി രൂപയാണു ഇന്ത്യയുടെ വിപണിമൂല്യത്തില്‍ വര്‍ധിച്ചത്. ഇതോടെ ഇന്ത്യന്‍ വിപണിയുടെ മൊത്തം മൂല്യം 502 ട്രില്യണ്‍ (ലക്ഷം) കോടി രൂപ (5.31 ട്രില്യണ്‍ ഡോളര്‍) ആയി.
വിപണിമൂല്യം റെക്കോര്‍ഡ് ആയെങ്കിലും സെന്‍സെക്‌സ് 2024 സെപ്റ്റംബര്‍ 26ലെ റെക്കോര്‍ഡ് നിലയായ 85,836 ല്‍ നിന്ന് 7.6 ശതമാനം താഴെയാണ്. വലിയ മൂല്യമുള്ള നിരവധി കമ്പനികള്‍ രണ്ടു വര്‍ഷത്തിനിടെ ലിസ്റ്റ് ചെയ്തതാണ് വിപണിമൂല്യം ഇങ്ങനെ കയറാന്‍ കാരണം.
ഓഹരിനിക്ഷേപത്തിനു ദീര്‍ഘകാല മൂലധനാദായ (എല്‍ടിസിജി) നികുതി ഗണ്യമായി കുറയ്ക്കുകയോ എടുത്തു കളയുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണു വിദേശനിക്ഷേപകര്‍.
മീഡിയയും പ്രതിരോധവും ഒഴികെ എല്ലാ മേഖലകളും ഇന്നലെ മുന്നേറി. ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഓട്ടോ, ധനകാര്യ, ബാങ്ക്, ടൂറിസം, റിയല്‍റ്റി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയവ കുതിച്ചു കയറി.
വിശാലവിപണിയില്‍ ഇന്നലെയും ബഹുഭൂരിപക്ഷം ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2993 ഓഹരികള്‍ ഉയര്‍ന്നു, 1469 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 2537 ഓഹരികള്‍ കയറിയപ്പോള്‍ 1077 എണ്ണം ഇടിഞ്ഞു.
വ്യാഴാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 14,974.68 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 10,444.54 കോടി രൂപയുടെ അറ്റവില്‍പന നടത്തി.
വ്യാഴാഴ്ച സെന്‍സെക്സ് 2008.61 പോയിന്റ് (2.60%) ഉയര്‍ന്ന് 79,310.01ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 576.00 പോയിന്റ് (2.40%) കയറി 24,536.60ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1860.05 പോയിന്റ് (3.33%) കുതിപ്പോടെ 57,773.65ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1115.40 പോയിന്റ് (1.87%) മുന്നേറി 60,620.90ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 106.05 പോയിന്റ് (0.56%) കയറി 19,132.45ല്‍ ക്ലോസ് ചെയ്തു.
ഓഹരിവിപണിയുടെ ഇടിവും ക്രൂഡ് ഓയിലിന്റെ തിരിച്ചു കയറ്റവും ഇന്നലെ സ്വര്‍ണക്കുതിപ്പിനു തടയിട്ടു. ഔണ്‍സിന് 4148 ഡോളര്‍ വരെ കയറിയ ശേഷം തിരിച്ചിറങ്ങി. 28 ഡോളര്‍ (0.69%) നേട്ടത്തോടെ 4089.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4056 ഡോളര്‍ വരെ താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വ്യാഴാഴ്ച 2360 രൂപ കൂടി 1,07,080 രൂപയില്‍ എത്തി. വെള്ളിവില വ്യാഴാഴ്ച 0.81 ശതമാനം താഴ്ന്ന് ഔണ്‍സിന് 51.93 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 51.90 ഡോളറിലായി. പ്ലാറ്റിനം 1514 ഡോളര്‍, പല്ലാഡിയം 1006 ഡോളര്‍, റോഡിയം 8650 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
റബര്‍ വില വിദേശത്തും കേരളത്തിലും താഴ്ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 280.10 ഡോളറും ആര്‍എസ്എസ് മൂന്ന് 276.60 ഡോളറും ആയി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 29,900 രൂപ ആയി കുറഞ്ഞു.
പ്രധാന വ്യാവസായിക ലോഹങ്ങള്‍ ഭിന്നദിശകളിലായി. ചെമ്പ് 0.63 ശതമാനം താഴ്ന്ന ടണ്ണിന് 14,109.85 ഡോളര്‍ ആയി. അലൂമിനിയം 0.33 ശതമാനം ഉയര്‍ന്ന് 3084.09 ഡോളറില്‍ എത്തി. നിക്കലും സിങ്കും ലെഡും ഉയര്‍ന്നു. ടിന്‍ താഴ്ന്നു.
കൊക്കോ വില 5.11 ശതമാനം ഇടിഞ്ഞു ടണ്ണിന് 5177 ഡോളറില്‍ ക്ലോസ് ചെയ്തു.
അറബിക്ക കാപ്പി പൗണ്ടിന് 0.84 ശതമാനം താഴ്ന്നു 2.77 ഡോളര്‍ ആയി. ബ്രസീലിയന്‍ കറന്‍സിയുടെ ഇടിവ് വിലയെ താഴ്ത്തുന്നു.
പാം ഓയില്‍ 2.65 ശതമാനം താഴ്ന്നു ടണ്ണിന് 4377 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക വ്യാഴാഴ്ച നാമമാത്രമായി താഴ്ന്ന് 101.55 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.62 ലേക്ക് കയറി. യൂറോ ഉയര്‍ന്ന് 1.1212 ഡോളറിലും പൗണ്ട് 1.3448 ഡോളറിലും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.87 യെന്‍ ആയി ഉയര്‍ന്നു.
ചൈനീസ് യുവാന്‍ ഡോളറിന് 6.69 യുവാനിലേക്കു താഴ്ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.845 ശതമാനമായി ഉയര്‍ന്നു.
രൂപ വ്യാഴാഴ്ചയും മുന്നേറി. ഡോളര്‍ 17 പൈസ കുറഞ്ഞു 94.47 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 94.45 രൂപയിലാണ്. ചൈനീസ് യുവാന്‍ 14.12 രൂപയായി താണു. യൂറോ താഴ്ന്നു 105.98 രൂപയില്‍ എത്തി.
ഇറാന്‍ സംഘര്‍ഷഗതി മാറ്റുന്ന ഒന്നും അറിവാകാത്തതിനെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വീണ്ടും 100 ഡോളറിനടുത്തേക്കു കയറി. ബ്രെന്റ് ഇനം ഇന്നലെ 3.67 ഡോളര്‍ (3.86%) ഉയര്‍ന്ന് 98.29 ഡോളറില്‍ എത്തി. ഇന്നു രാവിലെ ഒരു ശതമാനം ഉയര്‍ന്നു 99.31 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 91.27 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 76,000 ഡോളറിനു താഴെ എത്തി. ഈഥര്‍ 2235 ഡോളറിനും സൊലാന 90 ഡോളറിനും താഴെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine